ഒരു സ്റ്റൈലിഷ് ഫാന്റസി റിവഞ്ച് ത്രില്ലർ: 'ഐ ആം ഗെയിം വൻ വിജയം
ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുള്ള ദുല്‍ഖര്‍ സല്‍മാന്‍റെ ഹോം കമിംഗ്. അതും ആദ്യ ചിത്രമായ ആര്‍ഡിഎക്സിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ നഹാസ് ഹിദായത്തിനൊപ്പം. ഐ ആം ഗെയിം എന്ന ചിത്രത്തിന്‍റെ പ്രധാന പ്രീ റിലീസ് യുഎസ്‍പി ഇതായിരുന്നു. ഇന്നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. എന്നാല്‍ ഒരു മലയാള ചിത്രമായി മാത്രമല്ല ഐ ആം ഗെയിം എത്തിയിരിക്കുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ പതിപ്പുകളും ഒരേ ദിവസം തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. മികച്ച പ്രതികരണങ്ങളാണ് ആദ്യ ഷോകള്‍ക്കിപ്പുറം ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകരോട് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
'ആർഡിഎക്സ്' എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം, ദുൽഖർ സൽമാൻ വീണ്ടും മലയാളത്തിൽ നായകനായി തിരിച്ചെത്തുന്നു എന്നീ രണ്ട് കാരണങ്ങൾ കൊണ്ടുതന്നെ വലിയ പ്രീ-റിലീസ് ഹൈപ്പോടെ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'ഐ ആം ഗെയിം'. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമ്മിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രം, മലയാള സിനിമയിൽ അത്ര കണ്ടുപരിചയമില്ലാത്ത ഫാന്റസി-ആക്ഷൻ ജോണറിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
അച്ഛന്റെ കണ്ണിൽ 'ലൂസർ' എന്ന് നിരന്തരം മുദ്രകുത്തപ്പെട്ട ഡാൻ ജോൺ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. എളുപ്പവഴിയിലൂടെ പണക്കാരനായി അച്ഛന് മുന്നിൽ ജയിച്ചുകാണിക്കുക എന്ന ലക്ഷ്യത്തോടെ ഡാൻ എത്തിപ്പെടുന്നത് നിയമവിരുദ്ധമായ ചൂതാട്ടങ്ങളുടെയും കോർപ്പറേറ്റ് ക്രിക്കറ്റ് ബെറ്റിംഗുകളുടെയും സങ്കീർണ്ണമായ ലോകത്താണ്. ഒരു ഘട്ടത്തിൽ ജീവൻ തന്നെ അപകടത്തിലാകുന്ന ഒരവസ്ഥയിൽ ഡാൻ ചെന്നെത്തുന്നു. എന്നാൽ അവിടെ നിന്നുള്ള തലനാരിഴയ്ക്കുള്ള രക്ഷപ്പെടലിന് ശേഷം അവന്റെ ജീവിതം തികച്ചും അവിശ്വസനീയമായ ഒരു വഴിത്തിരിവിലേക്ക് മാറുകയാണ്. പുതിയ വെല്ലുവിളികളാണ് അവനെ കാത്തിരുന്നത്. ആ വെല്ലുവിളികളെ ഡാൻ എങ്ങനെ നേരിടുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഡാൻ ജോൺ എന്ന കേന്ദ്രകഥാപാത്രത്തെ ദുൽഖർ വളരെ കയ്യടക്കത്തോടെ സ്ക്രീനിലെത്തിച്ചു. ഭയം, നിസ്സഹായാവസ്ഥ, ശരീരത്തിൽ വരുന്ന മാറ്റങ്ങൾ ഉണ്ടാക്കുന്ന പാനിക്, ഭയം തുടങ്ങി പല ലെയറുകളുള്ള കഥാപാത്രത്തെ പൂർണ്ണമായും കൺവിൻസിംഗായി ദുൽഖർ അവതരിപ്പിച്ചു. ഒരു കൊമേർഷ്യൽ എന്റർടെയ്നർ ആയിരിക്കെത്തന്നെ പെർഫോമൻസ് സ്പേസ് ദുൽഖർ ഭംഗിയായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ചിത്രത്തിന് സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരിച്ച ഐ ആം ഗെയിം, ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ആണ് എത്തിയിരിക്കുന്നത്. ദുൽഖർ സൽമാനെ കൂടാതെ ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലറിൽ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കയാദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാതാരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലോകയ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് "ഐ ആം ഗെയിം".


