ഹിന്ദു സംഘടനയുടെ സന്ദർശനത്തെച്ചൊല്ലി ഈഫൽ ടവറിൽ ജീവനക്കാരുടെ സമരം

സന്ദർശന സമയം സംഘത്തിൻ്റെ ആവശ്യപ്രകാരം വനിതാ ജീവനക്കാരോട് ജോലിസ്ഥലത്തുനിന്ന് മാറിനിൽക്കാൻ നിർദ്ദേശം നൽകിയതായി സ്റ്റാഫ് യൂണിയൻ പ്രതിനിധി ഡയാൻ ഡാവോയിൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു

പാരിസ്: ഹൈന്ദവ ആത്മീയ സംഘത്തിൻ്റെ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ ജോലിസ്ഥലത്തുനിന്ന് മാറ്റിനിർത്തിയെന്നാരോപിച്ച് ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് ഫ്രാൻസിലെ വിഖ്യാത സ്മാരകമായ ഈഫൽ ടവർ തിങ്കളാഴ്ച അടച്ചുപൂട്ടി. ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥ സംഘടനയുമായി ബന്ധപ്പെട്ട നൂറോളം പേരടങ്ങുന്ന സംഘം ശനിയാഴ്ച ഈഫൽ ടവർ സന്ദർശിച്ചിരുന്നു.

സന്ദർശന സമയം സംഘത്തിൻ്റെ ആവശ്യപ്രകാരം വനിതാ ജീവനക്കാരോട് ജോലിസ്ഥലത്തുനിന്ന് മാറിനിൽക്കാൻ നിർദ്ദേശം നൽകിയതായി സ്റ്റാഫ് യൂണിയൻ പ്രതിനിധി ഡയാൻ ഡാവോയിൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. "വനിതകളോട് ജോലിസ്ഥലത്തുനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെടുകയും പകരം പുരുഷ ജീവനക്കാരെ നിയമിക്കുകയുമാണുണ്ടായത്. ഇത് ജീവനക്കാരെ, പ്രത്യേകിച്ച് വനിതാ ജീവനക്കാരെ കടുത്ത രീതിയിൽ അപമാനിക്കുന്നതായിരുന്നു," എന്ന് യൂണിയൻ പ്രതിനിധി  പറഞ്ഞു.

വിവേചനത്തിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങിയത്. മാനേജ്‌മെന്റുമായി ചർച്ച നടത്താനും ഭാവിയിൽ സ്ത്രീകൾക്ക് നേരെ ഇത്തരം വിവേചനങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുമാണ് ജീവനക്കാർ ഒത്തുകൂടിയതെന്നും യൂണിയൻ പ്രതിനിധി വ്യക്തമാക്കി.

വനിതകളുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണമെന്ന് സന്ദർശക സംഘം ആവശ്യപ്പെട്ടിരുന്നതായും ഈ ആവശ്യം പരിഗണിക്കപ്പെടുകയായിരുന്നുവെന്നും ഈഫൽ ടവറിൻ്റെ നടത്തിപ്പ് ചുമതലയുള്ള കമ്പനിയായ സൊസൈറ്റി ഡി എക്‌സ്‌പ്ലോയിറ്റേഷൻ ഡി ലാ ടൂർ ഈഫൽ വാർത്താ ഏജൻസിയായ എ.എഫ്.പിയോട് സ്ഥിരീകരിച്ചു. എന്നാൽ, അത്തരമൊരു ആവശ്യം അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്നും ലിംഗസമത്വത്തിലും റിപ്പബ്ലിക്കൻ മൂല്യങ്ങളിലും അധിഷ്ഠിതമായ കമ്പനിയുടെ നയങ്ങൾക്ക് വിരുദ്ധമാണ് അതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. നടപടിയെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നും തികച്ചും അസ്വീകാര്യമാണെന്നും പ്രസിഡന്റ് ഏരിയൽ വെയ്ൽ പ്രതികരിച്ചു.

അതേസമയം, സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് സ്വാമിനാരായൺ സൻസ്ഥ രംഗത്തെത്തി. തങ്ങളുടെ സന്ദർശനം ഈഫൽ ടവർ അധികൃതരുമായി മുൻകൂട്ടി ചർച്ച ചെയ്ത് പൊതുജനങ്ങൾക്ക് തടസ്സമുണ്ടാകാത്ത രീതിയിൽ ആദ്യ മണിക്കൂറുകളിൽ തന്നെയാണ് ക്രമീകരിച്ചിരുന്നതെന്ന് സംഘടന വ്യക്തമാക്കി. "ഉണ്ടായ ബുദ്ധിമുട്ടുകളിലും വിഷമങ്ങളിലും നിർവ്യാജം ക്ഷമ ചോദിക്കുന്നു. പരസ്പര ബഹുമാനത്തിലും സേവനത്തിലുമുള്ള സാർവത്രിക മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന പ്രസ്ഥാനമാണിത്," സംഘടന എക്‌സിൽ കുറിച്ചു. 

വിഷയം ഫ്രഞ്ച് രാഷ്ട്രീയത്തിലും ചർച്ചയായിട്ടുണ്ട്. ജീവനക്കാരുടെ പ്രതിഷേധം സ്വാഭാവികമാണെന്നും സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്നും പാരിസ് മേയർ ഇമ്മാനുവൽ ഗ്രിഗോയർ വ്യക്തമാക്കി. സ്ത്രീ-പുരുഷ സമത്വം എല്ലായിടത്തും എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

തീവ്ര വലതുപക്ഷ നേതാവ് മരീൻ ലെ പെൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും രൂക്ഷമായ ഭാഷയിലാണ് സംഭവത്തിൽ പ്രതികരിച്ചത്. ഫ്രാൻസിൽ സ്ത്രീകളുടെ സാന്നിധ്യം പരിമിതപ്പെടുത്തുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്ന് ലെ പെൻ പറഞ്ഞു. "ഒരു സംസ്കാരത്തിനും വിശ്വാസത്തിനും സ്ത്രീകൾ എവിടെ നിൽക്കണമെന്ന് നിർദ്ദേശിക്കാൻ അവകാശമില്ല," എന്ന് മുൻ ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേൽ അത്താൽ പ്രതികരിച്ചു. വിദേശ സന്ദർശകരുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി സ്ത്രീകൾ വഴിമാറിക്കൊടുക്കേണ്ടി വരുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്ന് ഫ്രഞ്ച് നാഷണൽ അസംബ്ലി പ്രസിഡന്റ് യേൽ ബ്രൗൺ-പിവറ്റും തുറന്നടിച്ചു.