വീടിനു മുന്നിലെ ബഹളം ചോദ്യം ചെയ്തു; മണിപ്പൂരി റോക്ക് സംഗീത ഇതിഹാസത്തെ തല്ലിക്കൊന്നു

ഡൽഹി: വീടിനു മുന്നിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പ്രമുഖ മണിപ്പൂരി സംഗീതജ്ഞൻ ചോങ്തം വിക്രം സിങ്ങിനെ (55) മർദ്ദിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച അർദ്ധരാത്രി സൗത്ത് ഡൽഹിയിലെ കിലോക്രി വില്ലേജിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയും ഒരു പ്രായപൂർത്തിയാകാത്തയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

ഞായറാഴ്ച രാത്രി 11.30 ഓടെ, വീടിനു പുറത്ത് ഡെലിവറി ജീവനക്കാരും ധാബ ജീവനക്കാരും അടങ്ങുന്ന സംഘം മദ്യപിക്കുകയും ബഹളം വെക്കുകയും ചെയ്തതിനെ വിക്രം സിങ് ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിലേക്ക് നയിക്കുകയും തുടർന്ന് സംഘം അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിക്രം സിങ്ങിനെ മകൻ യൈഫബ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെയോടെ മരണം സംഭവിച്ചു. അടിയേറ്റതിനെ തുടർന്നുള്ള ആന്തരിക രക്തസ്രാവവും ആഘാതവുമാണ് മരണകാരണമെന്ന് ആശുപത്രി റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം നടക്കുകയാണെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സൗത്ത് ഈസ്റ്റ് ഡൽഹി ഡിസിപി വിനീത് കുമാർ അറിയിച്ചു. 

പ്രതികളെല്ലാം 19 നും 36 നും ഇടയിൽ പ്രായമുള്ളവരാണെന്നും പ്രദേശത്ത് ഫുഡ് ഡെലിവറി- ധാബ ജോലി ചെയ്യുന്നവരാണെന്നും പൊലീസ് അറിയിച്ചു. സൺലൈറ്റ് കോളനി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മണിപ്പൂരി റോക്ക് സംഗീതത്തിലെ ഇതിഹാസം

മണിപ്പൂരിലെ റോക്ക് സംഗീത രംഗത്തെ മുൻനിര പ്രതിഭകളിലൊരാളായിരുന്നു വിക്രം സിങ്. 1980 കളുടെ തുടക്കത്തിൽ പ്രശസ്തിയാർജ്ജിച്ച മണിപ്പൂരിന്റെ ഇതിഹാസ റോക്ക് ബാൻഡായ 'ഫിനിക്‌സി'ന്റെ ലീഡ് ഗിറ്റാറിസ്റ്റായിരുന്നു അദ്ദേഹം. 'അൾട്രാ വൈറസ്' എന്ന ബാൻഡിലൂടെ സംഗീത ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് 'ഈസ്റ്റേൺ ഡാർക്ക്' എന്ന പ്രമുഖ ബാൻഡിന്റെയും ഭാഗമായി. വർഷങ്ങളായി ഡൽഹിയിൽ താമസിച്ചുവരികയായിരുന്ന വിക്രം സംഗീതാധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യയും ഒരു മകനുമടങ്ങുന്നതാണ് കുടുംബം.