ഇസ്രയേൽ പാർലമെൻ്റ് പിരിച്ചുവിട്ടു; ഒക്ടോബറിൽ പൊതുതെരഞ്ഞെടുപ്പ്
തെൽ അവീവ്: ഇസ്രയേൽ പാർലമെന്റായ 'ക്നെസെറ്റ്' പിരിച്ചുവിട്ടു. സഖ്യസർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, നിർണായകവും വിവാദപരവുമായ നിരവധി ബില്ലുകൾ പാസാക്കിയ ശേഷമാണ് വെള്ളിയാഴ്ച പുലർച്ചെ പാർലമെന്റ് പിരിച്ചുവിട്ടത്.
വരുന്ന ഒക്ടോബർ 27-ന് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കും. അതുവരെ പാർലമെന്റ് ഇനി സമ്മേളിക്കില്ല. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള പാർലമെന്റ് പിരിഞ്ഞു.
ഹമാസ് ആക്രമണത്തെത്തുടർന്നുണ്ടായ യുദ്ധം മൂന്ന് വർഷത്തോട് അടുക്കുമ്പോഴാണ് രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. അധികാരം നിലനിർത്താൻ നെതന്യാഹുവിന് ഇത്തവണ കടുത്ത പോരാട്ടം തന്നെ നേരിടേണ്ടി വരും. ലോകത്തിന് മുന്നിൽ, അധിനിവേശ അതിക്രമങ്ങളുടെ ഇതുവരെ കാണാത്ത ക്രുരതകളുടെ കറയും പേറിയാണ് നെതന്യാഹുവിന്റെ ഇറക്കം. വംശീയത കത്തിച്ച് ഭരണത്തിൽ തുടരാൻ ശ്രമിച്ചു. എന്നാൽ രാജ്യത്തെ ജനങ്ങളിൽ കൂടുതൽ വംശീയത കുത്തി നിറച്ചത് ഇപ്പോൾ അദ്ദേഹത്തിന് തന്നെ വെല്ലുവിളിയാവുന്നു. പ്രതിപക്ഷത്തെ പ്രമുഖരും ഇതേ വംശീയതയും വിദ്വേഷവും ഉപയോഗിച്ചാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.
മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് നയിക്കുന്ന ടുഗെദർ പാർട്ടി, മുൻ സൈനിക മേധാവി ഗഡി ഐസൻകോട്ട് എന്നിവര്‍ നേതൃത്വം നൽകുന്ന 'യാഷർ' പാർട്ടി എന്നിവയാണ് ഇപ്പോൾ സർവേകളിൽ മുന്നേറ്റം നടത്തുന്നത്. പ്രതിപക്ഷ സഖ്യത്തിന് അനുകൂലമായി രാജ്യത്ത് വലിയ ജനവികാരം രൂപപ്പെടുന്നതായാണ് പുതിയ സർവേകൾ സൂചിപ്പിക്കുന്നത്. ബെന്യാമിൻ നെതന്യാഹു നയിക്കുന്ന ലിക്വിഡ് പാർട്ടി സര്‍വേകൾ പ്രകാരം പിന്നിലാണ്.