അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇറാൻ്റെ തിരിച്ചടി; ബഹ്റൈനിലേക്ക് ഡ്രോൺ ആക്രമണം

അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇറാൻ്റെ തിരിച്ചടി; ബഹ്റൈനിലേക്ക് ഡ്രോൺ ആക്രമണം

വാഷിംഗ്ടൺ: അമേരിക്ക ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയതിന് മണിക്കൂറുകൾക്കകം ശക്തമായ തിരിച്ചടിയുമായി ഇറാൻ. ബഹ്റൈനിലേക്ക് ഡ്രോൺ ആക്രമണം നടത്തിയതോടൊപ്പം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഒരു എണ്ണക്കപ്പലും ആക്രമിക്കപ്പെട്ടു. ഒരാഴ്ച മുമ്പ് നിലവിൽ വന്ന അമേരിക്ക-ഇറാൻ വെടിനിർത്തൽ കരാറിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ സംഘർഷമായാണ് പുതിയ സംഭവവികാസങ്ങളെ വിലയിരുത്തുന്നത്.

അമേരിക്കൻ നാവികസേനയുടെ അഞ്ചാം ഫ്ലീറ്റ് ആസ്ഥാനം പ്രവർത്തിക്കുന്ന ബഹ്റൈൻ, ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ചു. അതേസമയം, ബ്രിട്ടീഷ് സൈന്യം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഒരു വാണിജ്യ എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ടതായി സ്ഥിരീകരിച്ചു. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സംശയത്തിന്റെ മുന പ്രധാനമായും ഇറാനിലേക്കാണ് നീളുന്നത്.

അമേരിക്ക ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിലെ മിസൈൽ, ഡ്രോൺ, റഡാർ കേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നാലെയാണ് അമേരിക്കയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ തിരിച്ചടി നടത്തിയതെന്ന് ഇറാൻ വ്യക്തമാക്കിയത്.

ഐക്യരാഷ്ട്രസഭാ ചാർട്ടറും കഴിഞ്ഞയാഴ്ച ഒപ്പുവെച്ച 14 ഇന ധാരണാപത്രവും അമേരിക്ക ലംഘിച്ചെന്നാണ് ഇറാൻ്റെ വിദേശകാര്യ മന്ത്രാലയം ആരോപിച്ചത്. എന്നാൽ തിരിച്ചടിയുടെ ലക്ഷ്യങ്ങൾ ഏതൊക്കെയാണെന്നോ ആക്രമണം നടന്ന സ്ഥലം എവിടെയാണെന്നോ ടെഹ്റാൻ വെളിപ്പെടുത്തിയിട്ടില്ല.

വാണിജ്യ കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് അമേരിക്ക വെള്ളിയാഴ്ച രാത്രി വ്യോമാക്രമണം നടത്തിയത്.
വെടിനിർത്തൽ കരാർ ലംഘിച്ചത് ഇറാനാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. "ഇന്നലെ അവർ നാല് തവണ ആക്രമിച്ചു. അത് അംഗീകരിക്കാനാവില്ല," എന്നാണ് സൈനിക നടപടിക്ക് തൊട്ടുമുമ്പ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.

തുടർന്ന് അമേരിക്കൻ സൈന്യം ഇറാൻ്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ഡ്രോൺ താവളങ്ങൾ, തീരദേശ റഡാർ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.