ഓണം കളറാക്കാൻ 'ഐ, നോബഡി' ഉൾപ്പെടെ ഒ.ടി.ടിയിൽ ഒട്ടേറെ ചിത്രങ്ങൾ

ഓണത്തോട് അനുബന്ധിച്ച് തിയേറ്ററുകൾക്ക് പുറമേ ഒ.ടി.ടിയിലും ഒട്ടേറെ ചിത്രങ്ങൾ എത്തിയിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരൻ നായകനായ 'ഐ, നോബഡി', കുഞ്ചാക്കോ ബോബൻ്റെ 'ഉന്മാദം', നീരജ് മാധവിൻ്റെ 'പ്ലൂട്ടോ' എന്നീ ചിത്രങ്ങളാണ് ഒ.ടി.ടി. ലൈനപ്പിലുള്ളത്. 'ജനനായകൻ', 'ഉയിർ', 'കാട്ടാളൻ' എന്നീ ചിത്രങ്ങൾ നേരത്തെ തന്നെ ഒ.ടി.ടിയിൽ എത്തിയിരുന്നു.

ഐ, നോബഡി
പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് 'ഐ, നോബഡി'. പാർവതി തിരുവോത്ത് നായികയായി എത്തിയ ചിത്രം തിയേറ്ററിൽ മികച്ച നിരൂപക പ്രശംസയാണ് നേടിയത്. 'റോഷാക്ക്' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് നിസാം ബഷീർ. ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചു. ജിയോ ഹോട്ട്‌സ്റ്റാറിലാണ് ചിത്രം ലഭ്യമാവുന്നത്.

പ്ലൂട്ടോ
നീരജ് മാധവ് നായകനായ പ്ലൂട്ടോ സയൻസ് ഫിക്ഷൻ ഗണത്തിലുള്ള ചിത്രമാണ്. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രത്തിൽ ഏലിയനായാണ് അൽത്താഫ് സലിം എത്തിയത്. അജു വർഗീസ്, ആർഷ ബൈജു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ചിത്രം തിങ്കളാഴ്ച സൈന പ്ലേ ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിച്ചു.

ഉന്മാദം
കുഞ്ചാക്കോ ബോബനെ നായകനാക്കി മലയാളത്തിലെ പ്രശസ്ത എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഉന്മാദം. ലിജോമോൾ ആണ് ചിത്രത്തിൽ നായിക. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബുമോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, അരുൺ ചെറുകാവിൽ, കൃഷ്ണപ്രഭ എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം സോണി ലിവ് ഒ.ടി.ടിയിലാണ് ലഭ്യമാവുക. സെപ്റ്റംബർ നാലിനാണ് സ്ട്രീമിങ് ആരംഭിക്കുക.