ആൻ്റോ അഗസ്റ്റിനെന്ന മാധ്യമ മുതലാളിയുടെ അറസ്റ്റും, മാധ്യമ സ്വാതന്ത്ര്യവും, മാറുന്ന കേരളീയ പൊതുബോധവും

മലയാള ടെലിവിഷൻ രംഗത്തെ ജീർണതകളും അതിലേക്ക് വഴിവെച്ച നാൾവഴികളും കാര്യകാരണങ്ങളും അപഗ്രഥിക്കുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകനും ഗവേഷകനുമായ എസ് ആർ സഞ്ജീവ്.

ആൻ്റോ അഗസ്റ്റിനെന്ന മാധ്യമ മുതലാളിയുടെ അറസ്റ്റും, മാധ്യമ സ്വാതന്ത്ര്യവും, മാറുന്ന കേരളീയ പൊതുബോധവും
റിപ്പോർട്ടർ ചാനലിലെ അസംബന്ധത്തെക്കുറിച്ച് മിണ്ടാതിരിക്കാൻ പരമാവധി ശ്രമിച്ചു. പക്ഷേ സഹിക്കുന്നില്ല. ആദ്യം മെസ്സിക്കേസ്. അത് മെസ്സിയാണ്. നിൽക്കില്ല. കാരണം, ഒരു കച്ചവടവും നടന്നിട്ടില്ല. അർജന്റീനക്കാർക്ക് കൊടുത്ത 126 കോടി ആർബിട്രേഷൻ കേസ് നടത്തി തിരിച്ചു കിട്ടുകയോ കുറച്ചു കാലം കഴിഞ്ഞ് ലിയോണൽ മെസ്സി ഇവിടെ വന്ന് പന്ത് തട്ടുകയോ ചെയ്താൽ ആ കേസ് തീരും (പക്ഷേ യു.ഡി.എഫ് സർക്കാർ സമ്മതിക്കൂല). പിന്നെ ഈ പരിപാടിയിൽ ആകെ മൊത്തം ടോട്ടലുള്ള സ്പെല്ലിംഗ് മിസ്റ്റേക്ക് സർക്കാർ നടപടിക്രമങ്ങളിലെ വീഴ്ചയാണ്. അതിന് ക്യാപ്പിറ്റൽ പണിഷ്മെന്റ് കൊടുക്കാനും പറ്റില്ല.
പിന്നെ ഈ കേസുണ്ടായത് പ്രശാന്ത് ബ്രോയുടെ ജയതിലകിനെതിരെയുള്ള വാശിപ്പുറത്താണ്. അതിനയാളെ കുറ്റം പറയാനൊക്കില്ല. കുറേക്കാലം പുറത്തിരിക്കേണ്ടി വന്നില്ലേ.. പക്ഷേ നടക്കാത്ത ഒരു സംഭവത്തിന്റെ പേരിൽ സർക്കാരിന് കാൽക്കാശ് ചെലവാകാത്ത ഒരു കാര്യത്തിൽ ഇനി ഏതൊക്കെ ഏജൻസി അന്വേഷിച്ചാലും അതിത്രയൊക്കെയേ ഉണ്ടാവൂ (ഇത്രയും എഴുതിയത് വെറും സാമാന്യയുക്തി വെച്ചു മാത്രമാണ്. രേഖകൾ ഘനഗംഭീരമായി പഠിച്ചിട്ടൊന്നുമല്ല).
ഇനി ആന്റോ. ബ്ലാക്ക് സിനിമയിൽ ഷണ്മുഖൻ (മമ്മൂക്ക) പറഞ്ഞ പോലെ ഇദ്ദേഹം ഒറ്റ രാത്രി കൊണ്ട് മണിമാളികയിലേയ്ക്ക് ഷിഫ്റ്റ് ചെയ്തയാളല്ല. വയനാട് സാധാരണ ബിസിനസ് ചെയ്തു. പിന്നീട് എസ്സാർ ഗ്രൂപ്പിന്റെ AMW Motors South India distributor. പുള്ളി തന്നെ പറഞ്ഞ കണക്കനുസരിച്ച് ഒരു ദിവസം 30 ലക്ഷം വരുമാനം. അങ്ങനെ 2011 മുതൽ 2016 വരെയുള്ള കാലയളവിലായി കൂട്ടിയെടുത്താൽ 600 കോടിയോളം രൂപ വരുമാനമുണ്ടായി. ഇതൊക്കെ മാക്സിമം കണക്കാണേ.... AMW Motors പൂട്ടിപ്പോയി. കുറേ ലോറികൾ ഡെലിവർ ചെയ്യാത്തതിന്റെ പേരിൽ ആന്റോയുടെയും മറ്റും പേരിൽ നിരവധി കേസുകളുണ്ടായി. അതിൽ ഭൂരിഭാഗവും അവർ കോടതിക്കു പുറത്ത് പണം കൊടുത്ത് ഒത്തു തീർപ്പാക്കി. ഇതിന്റെ ബാക്കിയായി AMW Motors നെതിരെയുള്ള ബാങ്കുകളുടെ കേസിൽ ആന്റോച്ചനും പ്രതിയായി. ആ കേസ് തീർന്നിട്ടില്ലെന്നാണറിവ്.
ലോറി ബിസിനസ് പൂട്ടിക്കെട്ടിയപ്പോൾ മാംഗോ ഫോണും മാധ്യമവുമായി അടുത്ത കർമ്മരംഗം. മാംഗോ ഫോൺ തുടക്കത്തിലേ പൊളിഞ്ഞു. കാരണം മൈക്രോസോഫ്റ്റ് ഇടപെട്ട കോപ്പിറൈറ്റ് ലംഘനവും പിന്നെ നടേ പറഞ്ഞ കേസും. അതിലും കുറേ പണം പോയിക്കാണും. പിന്നെയും കോടികൾ അവശേഷിച്ചു.
അതിനിടെയാണ് മുട്ടിൽ മരംമുറിക്കേസ്. അത് ഗുരുതരമാണ്. സർക്കാർ ഉത്തരവിലെ പഴുത് മുതലാക്കി മരംവെട്ടി വിറ്റെന്നാണ് കേസ്. 100 മരം മുറിച്ചതൊക്കെ വളരെ നിസ്സാരമായാണ് ആന്റോമുതലാളി പറയുന്നത്. അതെന്തുമാകട്ടെ. ഈ കേസിലെ ഒന്നാം പ്രതി പ്രശാന്തിന്റെ ശത്രു കെ.ജയതിലകാണ്. ഇയാളാണ് യഥേഷ്ടം മരം മുറിക്കാനുള്ള പഴുതുണ്ടാക്കി ഉത്തരവിറക്കിയത്. യു.ഡി.എഫ്.സർക്കാർ ഇയാളെടുത്ത ഓരോ നടപടിയും വിശദഅന്വേഷണം നടത്തിയാൽ ഇവിടെ ചിലതൊക്കെ നടക്കും. ഈ കേസ് ജനുവിൻ കേസാണ്. പക്ഷേ കാശിന്റെ കണക്ക് നോക്കിയാൽ അഗസ്റ്റിൻ സഹോദരന്മാർക്ക് ഇത് നിസ്സാരം. വെറും 15 കോടിയിൽ താഴെ. ഈഗോ അടിച്ചതാണെന്നു തോന്നുന്നു. അല്ലെങ്കിൽ ഇവരിത് മുമ്പേ പണം കൊടുത്ത് സെറ്റാക്കിയേനെ.
അവശേഷിക്കുന്ന കോടികൾ വെച്ചാണ് മുഖ്യ ഉപദേഷ്ടാവായ മുൻ സീനീയർ മാധ്യമപ്രവർത്തകനിൽ നിന്നും റിപ്പോർട്ടർ ചാനൽ ഏറ്റെടുക്കുന്നതും മാടപ്രാവുകളെ (മാപ്ര) വില കൊടുത്തു വാങ്ങുന്നതും. പിന്നെയാണ് യഥാർത്ഥ അശ്ലീലം. മാനേജിംഗ് എഡിറ്ററായ മുതലാളി എല്ലാ വിഷയങ്ങളിലും അന്തിനേരത്ത് മാടപ്രാവുകളുമൊത്ത് ജനാധിപത്യന്യൂസ് റൂമിന്റെ കപടനാട്യം കളിക്കുന്നത്. നമ്മൾ സാധാരണ സംഭാഷണങ്ങളിൽ പറയുന്ന പോലെയുള്ള കാഷ്വൽ റഫറൻസുകൾ ഇദ്ദേഹവും മാടപ്രാവുകളും ചേർന്ന് ആധികാരികമായി തട്ടി മുളിക്കുകയാണ്. ജേണലിസം എന്ന പ്രോസസ്സിനെത്തന്നെ വ്യഭിചരിച്ചു കൊണ്ട്.
ഇതു തുടങ്ങിവെച്ച വേറെ ചിലരുണ്ട്. തൽക്കാലം ഒന്നും പറയുന്നില്ല.
എഡിറ്റോറിയൽ ജഡ്ജ്മെന്റ് എന്ന പ്രക്രിയ എങ്ങനെയാണ് നടക്കുന്നതെന്നോ... സ്വന്തം അഭിപ്രായങ്ങൾക്ക് എവിടെയാണ് അതിർവരമ്പ് വരയ്ക്കേണ്ടതെന്നോ ബോധമില്ലാത്ത ഈ അല്പബുദ്ധികൾ മലയാളം ടെലിവിഷന്റെ നിലവാരത്തകർച്ചയ്ക്ക് വലിയ സംഭാവനയാണ് നൽകിയത്. (ഈ പ്ലാറ്റ് ഫോമിൽ വാർത്ത മാത്രം കൊടുക്കുന്ന സാധാരണ മാധ്യമത്തൊഴിലാളികളെ ഈ കൂട്ടത്തിൽ പെടുത്തുന്നില്ല. നിങ്ങളുടെ സ്ഥാനം ഇവർക്കൊക്കെ എത്രയോ മീതെയാണ്). അതിനിടെ റിപ്പോർട്ടർ ചാനൽ ബാർക് റേറ്റിംഗ് റിഗ് ചെയ്തൊന്നൊരു വാർത്ത 24 പുറത്തു വിട്ടിരുന്നു. അതാരെങ്കിലും അന്വേഷിച്ചോ ആവോ..
റിപ്പോർട്ടർ ചാനലിന് ആളു കൂടിയതും റേറ്റിംഗ് കൂടിയതുമൊക്കെ വലിയ സംഭവമായി. അതങ്ങനെയാണല്ലോ.. കവലയിൽ ഒരു തല്ലു നടക്കുമ്പോൾ ആരും ഒന്ന് എത്തി നോക്കുമല്ലോ... അതു കൊണ്ടു തന്നെ മാധ്യമം എന്ന വിശേഷണത്തിന് ഇവർ അർഹരാണോ, റിപ്പോർട്ടർ റിപ്പറാണോ എന്ന് ജേണലിസം വിദഗ്ധർ വ്യക്തമാക്കണം. വാർത്താസ്ഥാപനമെന്ന സാങ്കേതികാർത്ഥത്തിൽ അവരെയും മാധ്യമം എന്നു വിളിച്ചേക്കാം. പക്ഷേ അവർ സ്വദേശാഭിമാനിയ്ക്ക് കേസരിയിലുണ്ടായ കുട്ടിയാണെന്നൊന്നും പറഞ്ഞു കളയരുത്.
ഇനി റെയ്ഡ്. നേരത്തെ പറഞ്ഞ പോലെ ഒരു ബലൂൺ വീർപ്പിച്ച പോലുള്ള കേസാണിത്. ഇതിൽ റെയ്ഡ് നടത്തി കാര്യമായെന്തെങ്കിലും തടഞ്ഞോ എന്ന് പതിയെ മാത്രമേ വ്യക്തമാവുകയുള്ളൂ. മണി ലോണ്ടറിംഗിന്റെയോ മറ്റോ തെളിവു കിട്ടിയാൽ ഇപ്പോഴത്തെ അബ്കാരി കേസിനു പുറമേ ഒരു കേസു കൂടിയെടുക്കാം. പുലർച്ചെ നടത്തിയ റെയ്ഡ് ഭാവിയിൽ റിപ്പോർട്ടറിനും ആന്റോയ്ക്കും ഗുണമേ ചെയ്യൂ.
ഈ പിഗ് ഫൈറ്റ് അവർ തമ്മിലാണ്. അതങ്ങനെ നടക്കട്ടെ. ഇതിൽ തലയിട്ട് ദേഹത്ത് ചെളി പറ്റിക്കാതിരിക്കലാണ് വിവരമുള്ളവർ ചെയ്യേണ്ടത്.
മാധ്യമം എന്നു തറപ്പിച്ചു പറയാനാവാത്ത ഒരു കമ്പനിയിൽ എന്തു മാധ്യമസ്വാതന്ത്ര്യം..
എം.എ.ബേബിയും തോമസ് ഐസക്കുമൊക്കെ രോഷാകുലരാകുന്നതു കണ്ടു. ആന്റോയുടെ കേസുകളിൽ ഇവർ വക്കാലത്ത് പിടിക്കുന്നതെന്തിനാണെന്നാണ് മനസ്സിലാകാത്തത്. അതയാൾ നോക്കിക്കൊള്ളും. മാധ്യമമെന്ന സോഫ്റ്റ് പവർ എത്രമാത്രം പ്രഹരശേഷിയുള്ളതാണെന്ന് മനസ്സിലാക്കിയ കുശാഗ്രബുദ്ധിയാണയാൾ. അതുകൊണ്ടാണ് അയാൾ സ്ക്രീനിൽ തന്റെ വിസിബിലിറ്റി ഉറപ്പ് വരുത്തുന്നത്. പിന്നെ ഉപകാരസ്മരണയായിട്ടാണ് ഈ ന്യായീകരണയജ്ഞമെങ്കിൽ... നിങ്ങൾ അയാളുടെ ട്രാപ്പിൽ വീണുവെന്നാണ് അർത്ഥം. ഇത് വിശദമാക്കേണ്ടതുണ്ട്.
എന്തുകൊണ്ടാണ് റിപ്പോർട്ടർ ചാനൽ ഇടതുപക്ഷമായത്... എങ്ങനെയാണ് അവർ വ്യൂവർഷിപ്പിൽ മുന്നിലെത്തിയത്.. ഇതൊന്ന് പരിശോധിക്കാം.
പൊതുബോധത്തിന് അനുരോധമായി ഒരു മാധ്യമം നീങ്ങുമ്പോൾ അത് ജനപ്രിയമാകും. റേറ്റിംഗ് കൂടും. ശബരിമല സംഭവം നടക്കുമ്പോൽ അപ്രതീക്ഷിതമായി ജനം ടി.വി. റേറ്റിംഗിൽ കുതിച്ചുയർന്നു. അതിനു കാരണം ജനത്തിന്റെ സംപ്രേഷണമികവല്ലല്ലോ. അക്കാലത്ത് കേരളത്തിലെ പൊതുബോധത്തിലെ ഭൂരിപക്ഷം ശബരിമലയിലെ ആചാരമാറ്റത്തിനെതിരായിരുന്നു. ജനത്തെക്കാൾ മികച്ച ജനമായി നിൽക്കാൻ ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ളവർ കഠിനപരിശ്രമം നടത്തി. അങ്ങനെ അവർ പിടിച്ചു നിന്നെന്നു മാത്രം.
കോവിഡ് അരക്ഷിതകാലത്ത് ഏകാധിപതികൾ വരെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കാരണം കടുത്ത അധികാരപ്രയോഗത്തിലൂടെ അക്കാലത്തെ ഭരണാധികാരികൾ സുരക്ഷിതത്വം വാഗ്ദാനം ചെയ്തു. പിണറായി വിജയനുൾപ്പെടെയുള്ളവർ. പൊതുബോധം അതിനു കീഴ്പ്പെടാൻ സന്നദ്ധമായി നിൽക്കുകയായിരുന്നു. ഇതിന്റെ അലയൊലികൾ തുടർന്നു. പാർലിമെന്റ് തെരഞ്ഞെടുപ്പിനു കുറച്ചു കാലം മുമ്പു വരെ. ഈ പൊതുബോധത്തെ പരമാവധി മുതലെടുത്ത് ലെഫ്റ്റ് ലീനിംഗ് ആയ വാർത്തകൾ നൽകി പക്ഷം പിടിച്ച് 24 ആദ്യം കളം പിടിച്ചു. ഏഷ്യാനെറ്റ് പതറി. കുറച്ചു കാലം കഴിഞ്ഞപ്പോൾ റിപ്പോർട്ടർ വരികയും കൂടുതൽ പ്രത്യക്ഷമായി ലെഫ്റ്റ് അനുകൂല പൊതുബോധത്തെ പരിപോഷിപ്പിച്ചു കൊണ്ട് സർക്കാർ അനുകൂല നിലപാടെടുക്കുകയും 24 ന്റെ കോൺസ്റ്റിറ്റ്യുവൻസി തകർക്കുകയും ചെയ്തു.
പക്ഷേ സമഗ്രാധിപത്യ, സ്വജനപക്ഷപാത വിരുദ്ധമായി കേരളത്തിലെ പൊതുബോധം മാറുകയും അത് ദേശീയ രാഷ്ട്രീയത്തിന്റെ ഇക്വേഷൻ കൂടി സ്വാംശീകരിക്കുകയും ചെയ്തതോടെ ലെഫ്റ്റ് അനുകൂല പൊതുബോധത്തിന് ഇടിവ് തട്ടി. അത് തുടർന്നു. ഈ കോൺസ്റ്റിറ്റ്യൂവൻസിയിൽ വ്യാപരിച്ചിരുന്ന ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും മേൽക്കൈ നേടി. ഇന്ന് ആ പൊതുബോധമാണ് കേരളത്തിൽ പ്രബലം. അതിനെ പരിപോഷിപ്പിച്ച് വ്യൂവർഷിപ്പ് നില നിർത്താനുള്ള ശ്രമമാണ് ഏഷ്യാനെറ്റിൽ കാണുന്നത്. അതാണ് പ്രത്യേകിച്ച് ഡെവലപ്മെന്റ് ഒന്നുമില്ലെങ്കിലും ചില പതിവുകാരെ വെച്ച് സി.പി.എം വിരുദ്ധ ചർച്ച തുടരാൻ അവരെ പ്രേരിപ്പിക്കുന്നത്.
ചുരുക്കത്തിൽ പല ചാനലുകളും മുൻകാലങ്ങളിൽ നിന്ന് വിരുദ്ധമായി കക്ഷിരാഷ്ട്രീയത്തിൽ പക്ഷം പിടിക്കുന്നത് അതാത് കക്ഷികളോടുള്ള കൂറു കൊണ്ടൊന്നുമല്ല. റിപ്പോർട്ടർ ചർച്ചകൾ സിപി.എം രാഷ്ട്രീയവിശദീകരണയോഗമായത് ആ കാലത്തെ പൊതുബോധം സി.പി.എമ്മിന് അനുകൂലമായതുകൊണ്ടു മാത്രമാണ്. അല്ലാതെ ഒരു രാഷ്ട്രീയ നിലപാടൊന്നുമല്ല. ഇത് മനസ്സിലാക്കാതെ ഈ മരമടിമത്സരത്തിനിടെ കണ്ടത്തിൽ ചാടി വശം കെടുന്നവർ പതിയെ മനസ്സിലാക്കിക്കൊള്ളും.
(ആ.. ഇനി തെറിവിളി തുടങ്ങിക്കോളൂ... കമന്റ് പെട്ടി തുറന്നു കിടക്കുന്നുണ്ട്)
എസ്.ആർ. സഞ്ജീവ്