ആൻസി സോജനെതിരായ സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷൻ

തിരുവനന്തപുരം: മലയാളി അത്ലെറ്റ് ആൻസി സോജനെതിരായ സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷൻ. ആൻസിയെ വ്യക്തിപരമായ പരിഹാസങ്ങളിലൂടെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല. ആൻസി നേട്ടത്തിലെത്തിയത് കഠിനാധ്വാനവും അർപ്പണ ബോധവും കൊണ്ടാണെന്ന് വ്യക്തമാക്കിയ അസോസിയേഷൻ #standwithancy ക്യാമ്പയിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ ലോംഗ് ജംപിൽ വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെ മത്സര സമയത്ത് ആൻസി ധരിച്ചിരുന്ന ആഭരണങ്ങൾ, ഹെയർസ്റ്റൈൽ, മേക്കപ്പ് എന്നിവയെ കുറിച്ചാണ് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ശക്തമായത്. ആഭരണങ്ങൾ അഴിച്ചുവെച്ച് ചാടിയിരുന്നെങ്കിൽ സ്വർണം കിട്ടുമായിരുന്നു എന്ന രീതിയിൽ വിമർശനം രൂക്ഷമായതോടെ ആൻസിയും കുടുംബവും ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന അപവാദപ്രചാരണങ്ങള്‍ക്കും സൈബര്‍ അധിക്ഷേപങ്ങള്‍ക്കും കടുത്ത ഭാഷയില്‍ മറുപടി നല്‍കി മലയാളി ലോങ് ജംപ് താരം ആന്‍സി സോജന്‍. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ തനിക്കെതിരെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി നടത്തുന്ന ഇത്തരം തോന്ന്യവാസം കണ്ട് തളരില്ലെന്ന് താരം വ്യക്തമാക്കി. ഏഷ്യന്‍ ഗെയിംസിലെ വനിതാ ലോങ്ജംപില്‍ 6.53 മീറ്റര്‍ ചാടിയാണ് ആന്‍സി വെള്ളി മെഡല്‍ നേടിയത്. അവസാന ശ്രമത്തില്‍ ചൈനയുടെ ഹുവാങ് യിങ്യിങ് 6.55 മീറ്റര്‍ ചാടിയതോടെ, രണ്ട് സെന്റിമീറ്റര്‍ വ്യത്യാസത്തിലാണ് ആന്‍സിക്ക്  സ്വര്‍ണം നഷ്ടമായത്.

സ്വന്തം പേരില്‍ കാര്യങ്ങള്‍ പറയാന്‍ ധൈര്യമില്ലാത്തവരാണ് വ്യാജ അക്കൗണ്ടുകള്‍ക്ക് പിന്നിലൊളിക്കുന്നത്. താന്‍ ഏത് ഇനത്തിലാണ് രാജ്യത്തിനായി മെഡല്‍ നേടിയതെന്ന് പോലും അറിയാത്തവരാണ് ഈ അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്നും ആന്‍സി തുറന്നടിച്ചു.

'ചെറുപ്പം മുതലേ എനിക്ക് ആഭരണങ്ങള്‍ ധരിക്കാന്‍ ഇഷ്ടമാണ്. ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചയാളാണ് ഞാന്‍. വളകളുടെ ശബ്ദം കേട്ടായിരുന്നു പണ്ട് സ്‌കൂള്‍ തലത്തില്‍ മത്സരിച്ചത്. അത് എനിക്ക് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. അന്താരാഷ്ട്രതലത്തില്‍ നിരവധി മുന്‍നിര താരങ്ങള്‍ തങ്ങളുടേതായ സ്‌റ്റൈലുകള്‍ പിന്തുടരുന്നവരാണ്. അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് 6.88 മീറ്റര്‍ ദൂരം ചാടിയതും മാല അണിഞ്ഞുതന്നെയായിരുന്നു. ഇതിനുവേണ്ടി എത്രത്തോളം അധ്വാനം വേണമെന്ന് യാതൊരു ധാരണയും ഇല്ലാത്തവരാണ് ഇത്തരം കമന്റുമായി വരുന്നത്' -ആന്‍സി പറഞ്ഞു.