2024ലെ തെരഞ്ഞെടുപ്പില്‍ വ്യാപക അട്ടിമറി നടന്നതായി കണ്ടെത്തല്‍;ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ പൊരുത്തക്കേട്
ന്യൂഡൽഹി: 2024ല്‍ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ വ്യാപക അട്ടിമറി നടന്നതായി കണ്ടെത്തല്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകളില്‍ പൊരുത്തക്കേടുകളുണ്ടെന്നും ചില മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷവും ലക്ഷക്കണക്കിന് വോട്ടുകള്‍ രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് കൂട്ടായ്മ തയ്യാറാക്കിയ ‘ഇലക്ഷന് ഓഡിറ്റ്’ റിപ്പോര്‍ട്ടില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് നടന്ന രീതിയെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ 2025 ഫെബ്രുവരി ഏഴിന് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മിഷന് ഈ ആരോപണങ്ങള്‍ തള്ളുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് പുതിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ (ഇവിഎം) രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ഫലങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഇതിനുപുറമെ പോളിങ് ബൂത്തുകളിലെത്തിയ വോട്ടര്‍മാരുടെ എണ്ണത്തെക്കുറിച്ചുള്ള പ്രത്യേക രേഖയും കമ്മിഷന് സൂക്ഷിക്കുന്നു. നിയമപരമായും യുക്തിപരമായും ഈ എണ്ണവും ഇവിഎമ്മുകളിലെ വോട്ടുകളുടെ എണ്ണവും തമ്മില്‍ പൊരുത്തപ്പെടേണ്ടതാണ്. ഇവയില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ കൃത്രിമം നടന്നതായി സംശയിക്കാം. ബൂത്ത് പിടിച്ചെടുക്കല്‍, വോട്ടര്‍മാരെ തടയുക, കള്ളവോട്ട് ചെയ്യുക എന്നീ ക്രമക്കേടുകള്‍ക്ക് സാധ്യതയുണ്ട്.
അപൂർവം ചില സാഹചര്യങ്ങളിൽ ചെറിയ വ്യത്യാസം ഉണ്ടാകാം, അതായത് ഒരാളുടെ വോട്ട് അസാധുവാക്കപ്പെടുമ്പോഴോ അല്ലെങ്കിൽ ഒരു വ്യക്തി ബൂത്തിൽ പ്രവേശിച്ചതിന് ശേഷം വോട്ട് ചെയ്യേണ്ടെന്ന് തീരുമാനിക്കുമ്പോഴോ ഇത് സംഭവിക്കാം. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങള്‍ ദൂരീകരിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷന് രേഖകള്‍ പുറത്തുവിടേണ്ടതായിരുന്നു. എന്നാല്‍, അവ ഒരിക്കലും പരസ്യപ്പെടുത്താറില്ല.
63 പാർലമെന്റ് മണ്ഡലങ്ങളും മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ 467 നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടുത്തിയ പരിശോധനയാണ് റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് നടത്തിയത്. 530 മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫിസര്‍മാര്‍ സമര്‍പ്പിച്ച ആന്തരിക തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. ജമ്മു കശ്മീരിലെ ദേവ്സര്‍ മണ്ഡലത്തിലെ റിപ്പോര്‍ട്ട് കണ്ടെത്താനായില്ല. തെരഞ്ഞെടുപ്പ് കമ്മിഷന് പുറത്തുള്ള ആരെങ്കിലും ഇത്ര വലിയ തോതിൽ തെരഞ്ഞെടുപ്പ് രേഖകള്‍ പരിശോധിക്കുന്നത് ഇതാദ്യമായാണ്. ഇലക്ഷൻ ഓഡിറ്റ് പരമ്പരയുടെ ആദ്യ ഭാഗമാണ് ഇന്നലെ പുറത്തുവിട്ടിരിക്കുന്നത്.
51 മണ്ഡലങ്ങളില്‍ രേഖകള്‍ അപൂര്‍ണം
51 നിയമസഭാ, ലോക്സഭാ സീറ്റുകളിൽ സാധ്യമായ കൃത്രിമത്വം പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് യാതൊരു വഴിയുമില്ലെന്ന് ആഭ്യന്തര രേഖകൾ വ്യക്തമാക്കുന്നു. ഇവയിൽ 19 എണ്ണത്തിൽ വോട്ട് ചെയ്യാൻ ബൂത്തുകളിൽ കയറിയ വോട്ടർമാരുടെ എണ്ണം രേഖപ്പെടുത്തുന്നതിൽ കമ്മിഷൻ പരാജയപ്പെട്ടു. എണ്ണം രേഖപ്പെടുത്തേണ്ട സ്ഥാനത്ത് ഉദ്യോഗസ്ഥർ പൂജ്യം എന്നോ ശൂന്യം എന്നോ ആണ് രേഖപ്പെടുത്തിയത്. ഈ സീറ്റുകളിൽ പത്തെണ്ണം മഹാരാഷ്ട്രയിലും ഹരിയാനയിലുമാണ്. ഇതിൽ ഏഴെണ്ണത്തിൽ ബിജെപിയോ എന്‍ഡിഎ സഖ്യമോ ആണ് വിജയിച്ചതെന്നും കണ്ടെത്തി.
32 മണ്ഡലങ്ങളിൽ പൊരുത്തക്കേട്
രണ്ട് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 32 മണ്ഡലങ്ങളിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും എണ്ണിയ വോട്ടുകളുടെ എണ്ണവും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരം വലിയ പൊരുത്തക്കേടുകളിലൊന്ന് ഹരിയാനയിലെ ബദ്ഖൽ നിയമസഭാ മണ്ഡലത്തിലാണ്. ഇവിടെ 3.32 ലക്ഷം വോട്ടുകൾ പോള്‍ ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആഭ്യന്തര രേഖകൾ കാണിക്കുന്നു. എന്നാല്‍ ഇവിഎമ്മുകളില്‍ നിന്ന് 1.60 ലക്ഷം വോട്ടുകള്‍ മാത്രമേ എണ്ണിയിട്ടുള്ളൂ എന്നും രേഖകളിലുണ്ട്.
ബദ്ഖാല് ഉള്‍പ്പെടെ 32 മണ്ഡലങ്ങളില്‍, 12 എണ്ണത്തിലും എണ്ണിയ വോട്ടുകള്‍, പൗരന്മാര് ചെയ്ത വോട്ടുകളുടെ എണ്ണത്തേക്കാള്‍ കുറവായിരുന്നു. ബാക്കിയുള്ള 20 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആന്തരിക രേഖകള്‍ പ്രകാരം, ചെയ്ത വോട്ടുകളുടെ എണ്ണം എണ്ണിയ വോട്ടുകളെക്കാള്‍ കുറവായിരുന്നു. ഈ രണ്ട് സാഹചര്യങ്ങളും ബൂത്ത് പിടിച്ചെടുക്കുന്നതിലേക്കോ അല്ലെങ്കില്‍ കള്ളവോട്ട് ചെയ്തതിലേക്കോ വിരല്‍ ചൂണ്ടുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.