സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യപ്പെടുന്നത് എല്‍ഡിഎഫിനെ ശക്തിപ്പെടുത്താൻ: ബിനോയ് വിശ്വം
തിരുവനന്തപുരം: എല്‍ഡിഎഫിനെ ഇടതുപക്ഷത്തിന്റെ ജനാധിപത്യ മുന്നണിയായി ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യപ്പെടുന്നതെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫിന് മേല്‍ ഒരുപാട് രാഷ്ട്രീയ കര്ത്തവ്യങ്ങളുള്ള ഘട്ടമാണിത്. ജനങ്ങള്‍ക്ക് വേണ്ടി പോരാടേണ്ട പക്ഷമാണ് ഇടതുപക്ഷം. കേരളത്തിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍ക്കെതിരെയുള്ള പോരാട്ടത്തിന് എല്‍ഡിഎഫിന്റെ സമരശേഷി ശക്തിപ്പെടണം. അതിന് എല്‍ഡിഎഫിന്റെ ഉള്ളടക്കത്തിലും പ്രവര്‍ത്തന ശൈലിയിലും മാറ്റം വരണം. എല്‍ഡിഎഫ് കൂട്ടായ്മയ്ക്കകത്ത് പുതിയ അര്‍ത്ഥവും ആഴവും കൈവരണം. അതെല്ലാമാണ് സിപിഐ നിലപാട്. അതെല്ലാം കണ്ടുകൊണ്ടാണ്, വളരെ ബോധപൂര്‍വമായി സിപിഐ ആവശ്യപ്പെടുന്നത്. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന ആവശ്യം പൂര്‍ണമായി ശരിയാണ്. അതിന് വേണ്ടി പാര്‍ട്ടി ഉറച്ചുനില്‍ക്കും. അത് സിപിഐഎമ്മിനും ബോധ്യപ്പെടുമെന്ന് ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രശ്നപരിഹാരമുണ്ടാക്കേണ്ടത് ഒരു പാര്‍ട്ടി ഒറ്റയ്ക്കല്ല. സിപിഐയുടെ നിലപാട് ഇതാണ്. അത് എല്ലാ പാര്ട്ടികളുടേതുമാകുമ്പോള് മാത്രമെ വിഷയം അവസാനിക്കുകയുള്ളൂവെന്നും അദ്ദേഹം ചോദ്യത്തിന് മറുപടി നല്കി. നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കേണ്ട ഒരു വിഷയവും ഉന്നയിക്കപ്പെടാതെ മാറ്റിവച്ചിട്ടില്ല. സിപിഐ അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും കാണിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ ജനങ്ങളെ എപ്രകാരം ബാധിക്കുമെന്ന് തുറന്നുകാണിച്ചുകൊണ്ട് ഉജ്വലമായ ശ്രമമാണ് സിപിഐ എംഎല്‍എമാര്‍ നടത്തിയത്. അതുതന്നെയാണ് സിപിഐഎമ്മും നടത്തിയത്. പ്രതിപക്ഷ നേതാവ് വിഷയത്തിലുള്ള രണ്ട് അഭിപ്രായങ്ങള്‍ മറ്റ് വിഷയങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ കാരണമാകില്ല. അത്തരം സമരങ്ങളിലെല്ലാം മൂര്ച്ചയോടുകൂടി രംഗത്തിറങ്ങാന്‍ കഴിയുന്ന പ്രസ്ഥാനമാണ് എല്‍ഡിഎഫ്. ആ കാഴ്ചപ്പാടില്‍ സിപിഐക്ക് ഒരു വലിയ പങ്കാളിത്തമുണ്ടായിരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.