പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം; നാല് ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു

Incident involving the assault on a young woman during a protest: Delhi Police have arrested four Hindu Raksha Dal activists.

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവത്തില്‍ നാല് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

രമണ്‍ സൈനി (50), വിവേകാനന്ദ് എന്ന വിവേക് (32), കപില്‍ കുമാര്‍ (27), രവീന്ദര്‍ സിങ് എന്ന ഗോവിന്ദ് ഹിന്ദു (35) എന്നിവരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശികളാണ് ഇവര്‍. പ്രതിഷേധത്തിനിടെ നാല് പേര്‍ ഒരു യുവാവിനെ മര്‍ദിക്കുന്നതും, സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ യുവതിയെ നിലത്തേക്ക് തള്ളിയിട്ട് ആക്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പെണ്‍കുട്ടിയെ ആക്രമിച്ചയാള്‍ പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുന്നതും റോഡിലേക്ക് തള്ളിയിട്ട് മുഖം നിലത്ത് ചേര്‍ക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തുടര്‍ന്ന് മറ്റ് പ്രതിഷേധക്കാര്‍ ഇടപെട്ടതോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ തടയുന്നത്.

അക്രമികളെ പൊലീസ് ലാഘവത്തോടെ കൈകാര്യം ചെയ്ത രീതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നു. വീഡിയോയുടെ അടിസ്ഥാനത്തില്‍ കമല മാര്‍ക്കറ്റ് പൊലീസ് സ്വമേധയാ കേസെടുത്ത് നിയമനടപടികള്‍ ആരംഭിക്കുകയായിരുന്നു. സംഭവസമയത്ത് പൊലീസ് കൃത്യമായി നടപടി സ്വീകരിച്ചില്ലെന്ന ആരോപണവും പരിശോധിച്ചുവരികയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.