മതിൽ വീണിടത്ത് മനുഷ്യ മതിൽ ഉയരുന്നു
അവർ മാർക്സിൻ്റെ Das Kapital മുഴുവൻ വായിച്ചിട്ടല്ല ഈ വോട്ട് ചെയ്തത്. ജർമ്മൻ യുവാക്കൾക്ക് മാർക്സ് എന്നത് ഒരു ചരിത്ര പുസ്തകമല്ല, ദൈനംദിന ജീവിതമാണ്
ഡി.ജോസ്
ബെർലിൻ - 1989-ൽ ലോകം ഒരു മതിൽ പൊളിക്കുന്നത് കണ്ടു.
2026-ൽ അതേ മതിലിന്റെ നാശക്കൂമ്പാരത്തിൽ നിന്ന് മൂന്നു സ്ത്രീകൾ പുതിയൊരു ലോകം പണിയുന്നു.
ഇത് പഴയ കമ്മ്യൂണിസത്തിന്റെ തിരിച്ചുവരവല്ല. വാടക കൊടുക്കാൻ കഴിയാത്ത, ഭാവി ഇല്ലെന്ന് തോന്നുന്ന ഒരു തലമുറ തങ്ങളുടെ ഭാഷയിൽ, (മാർക്സിന്റെ അതേ ജർമൻ ഭാഷയിൽ), ആ താടിക്കാരനെ വീണ്ടും വായിക്കുന്നതാണ്.
Elif Eralp (45), Heidi Reichinnek (38), Ines Schwerdtner (37) - ശരാശരി പ്രായം 38 ഉള്ള, കുടിയേറ്റ പശ്ചാത്തലമുള്ള, ടിക് ടോക്കിൽ സംസാരിക്കുന്ന പുതിയ ഇടത്.
ചിലപ്പോൾ നാളത്തെ ലോകം ഇങ്ങനെ ആയിരിക്കും വളരുന്നത് - നശിച്ച മതിലുകളുടെ ഇടയിൽ നിന്ന് ചുവന്ന പൂക്കളായി.
ഐക്യ ജർമ്മനിയിൽ ആദ്യമായി ബെർലിൻ ഇടതുപക്ഷത്തേക്ക് നീങ്ങുമ്പോൾ, അവിടെ പ്രായത്തിന്റെ കണക്ക് നോക്കിയാൽ ഞെട്ടും:
25-34 പ്രായക്കാരിൽ 48-49% പേർ Die Linke-ന് വോട്ട് ചെയ്തു - ഏകദേശം രണ്ടിൽ ഒരാൾ!
25 വയസ്സിന് താഴെ 43% പേർ.
60 വയസ്സിന് മുകളിൽ 14% മാത്രം.
അതായത് മുത്തച്ഛനല്ല, കൊച്ചുമക്കളാണ് ചുവന്നത്.
അവർ മാർക്സിൻ്റെ Das Kapital മുഴുവൻ വായിച്ചിട്ടല്ല ഈ വോട്ട് ചെയ്തത്. ജർമ്മൻ യുവാക്കൾക്ക് മാർക്സ് എന്നത് ഒരു ചരിത്ര പുസ്തകമല്ല, ദൈനംദിന ജീവിതമാണ്:
അവരുടെ ശമ്പളം - 1500 യൂറോ, വാടക - 900 യൂറോ.
വീടുകൾ BlackRock പോലുള്ള വൻ കമ്പനികൾ വാങ്ങിക്കൂട്ടുന്നു.
അപ്പോൾ "ഭവനം ഒരു അവകാശമാണ്, ചരക്കല്ല" എന്ന മുദ്രാവാക്യം അവർക്ക് സിദ്ധാന്തമല്ല, അതിജീവനമാണ്.
അവർ പുതിയ രീതിയിലാണ് പ്രചാരണം നടത്തിയത് - അമേരിക്കയിലെ Bernie Sanders-ന്റെ ടീമിൽ നിന്ന് പഠിച്ച door-to-door ക്യാമ്പയിൻ, TikTok, വാടകക്കാരുടെ യോഗങ്ങൾ.
കമ്മ്യൂണിസ്റ്റ് തിരിച്ചുവരവോ?
പഴയ സോവിയറ്റ് മോഡൽ അല്ല. ഇത് പുതിയ ഇടതാണ്:
ക്ലാസിക്കൽ കമ്മ്യൂണിസം + കാലാവസ്ഥാ നീതി + കുടിയേറ്റക്കാരുടെ അവകാശങ്ങൾ + ഫെമിനിസം. അവരുടെ നേതൃത്വം തന്നെ മൂന്ന് സ്ത്രീകളാണ്, അതിൽ പ്രധാനി തുർക്കി വംശജ.
വെറും രോഷമല്ല, ഒരു തലമുറ തങ്ങൾക്ക് വീട്, ജോലി സുരക്ഷ, ഭാവി ഇല്ല എന്ന് തോന്നുമ്പോൾ അവർ സിസ്റ്റത്തിന് പുറത്തുള്ള ഉത്തരം തേടും. ബെർലിനിൽ അത് ഇടത്തോട്ടായിരുന്നു, അതേ ദിവസം ഗ്രാമപ്രദേശങ്ങളിൽ അത് വലത്തോട്ടും (AfD 38%) ആയിരുന്നു.