കമോൺ സഞ്ജു,കംബാക്ക്; സഞ്ജുവിന് മുന്നിൽ അഗ്നിപരീക്ഷ,'ബോസ് ബേബി' ഈസ് വെയ്റ്റിംഗ്

കമോൺ സഞ്ജു,കംബാക്ക്; സഞ്ജുവിന് മുന്നിൽ അഗ്നിപരീക്ഷ,'ബോസ് ബേബി' ഈസ് വെയ്റ്റിംഗ്

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് രണ്ടാം ട്വന്റി 20 മത്സരത്തിന് അരങ്ങുണരാനിരിക്കെ വീണ്ടും പരിശീലകൻ ഗൗതം ​ഗംഭീറിന് വീണ്ടും തലവേദനയായി മലയാളി താരം സഞ്ജു സാംസന്റെ ഫോം. ലോകകപ്പിന് ശേഷം അഫ്ഗാനിസ്ഥാനെതിരെ തുടരെ രണ്ട് അർദ്ധ സെഞ്ചുറികൾ നേടിയ സഞ്ജു ഓപ്പണർ സ്ഥാനത്ത് തന്റേതായ ഇടം വീണ്ടും ഉറപ്പിച്ചെങ്കിലും പിന്നീട് നടന്ന ഏഷ്യൻ ഗെയിംസിലും നിലവിലെ വിൻഡീസ് പരമ്പരയിലും ഈ ഫോം നിലനിർത്താൻ താരത്തിനായിട്ടില്ല.

സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കേണ്ടിവന്ന ഒരു രാത്രിയെക്കുറിച്ച് ഗംഭീർ മുൻപ് പറഞ്ഞത് പരിശീലക കരിയറിലാദ്യമായി തനിക്ക് ഉറക്കം നഷ്ടപ്പെട്ട ദിവസമായിരുന്നു അതെന്നാണ്. അതേ രാത്രി തന്നെയാകും ഇപ്പോഴും ​ഗംഭീറിനെ അലട്ടുന്നത്. കാരണം, കൗമാര താരം വൈഭവ് സൂര്യവംശിയെ ബെഞ്ചിലിരുത്തിയാണ് സഞ്ജുവിന് നിലവിൽ അവസരങ്ങൾ നൽകുന്നത്. രണ്ടാം ടി20ക്ക് ഇന്ത്യ തയ്യാറെടുക്കുമ്പോൾ, ആ പഴയ ധർമ്മസങ്കടം ഒരിക്കൽക്കൂടി ഗംഭീറിനെ തേടിയെത്തുകയാണ്—സഞ്ജുവോ അതോ വൈഭവോ?

സഞ്ജു സാംസണിന്റെ കരിയറിലുടനീളം കണ്ട ഏറ്റവും വലിയ സവിശേഷത അദ്ദേഹം തകർച്ചകളിൽ നിന്ന് അതിശക്തമായി തിരിച്ചുവരുന്നു എന്നതാണ്. എന്നാൽ, അതിനൊപ്പം തന്നെ വേട്ടയാടുന്ന ഒന്നാണ് പ്രകടനങ്ങളിലെ സ്ഥിരതയില്ലായ്മ. ഒന്നോ രണ്ടോ മത്സരങ്ങളിൽ തിളങ്ങുന്ന സഞ്ജുവിന് പിന്നീട് വീണ്ടും സമാനമായ പ്രകടനം പുറത്തെടുക്കാൻ ഇടവേളകൾ ആവശ്യമായി വരുന്നുണ്ട്. നിലവിലെ ടീമിലുള്ള സഹതാരങ്ങളുടെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തവുമാണ്.