ജി.എസ്.ടി നിയമത്തിൽ വമ്പൻ പൊളിച്ചെഴുത്ത്; അറസ്റ്റ് റദ്ദാക്കി, പിഴയിലും ഇളവ്
ടാക്സ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ചെയ്യാനുള്ള അധികാരം റദ്ദാക്കി ജി.എസ്.ടി കൗൺസിൽ. ഈ നീക്കം ഉടൻ ഉണ്ടാകുമെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്ത് നാല് ദിവസങ്ങൾക്ക് ശേഷമാണ് കൗൺസിലിന്റെ നിർണായക നടപടി. ഇതിന് പുറമെ, വിചാരണ നേരിടേണ്ട തുകയുടെ പരിധി 1 കോടി രൂപയിൽ നിന്ന് 5 കോടി രൂപയായി ഉയർത്തിയതായും ധനകാര്യ മന്ത്രാലയം അറിയിച്ചു.
ജി.എസ്.ടി നിരക്കുകളുടെ ഘടന സ്ഥിരത കൈവരിച്ചതിനാൽ, കൗൺസിൽ ഇനി നികുതി സമ്പ്രദായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ജി.എസ്.ടി നിരക്കുകളിലെ മാറ്റങ്ങൾ ഇനി മുതൽ വർഷത്തിലൊരിക്കൽ മാത്രമേ ഉണ്ടാകൂ എന്നും മന്ത്രാലയം വ്യക്തമാക്കി.