ഹോർമുസിൽ ആശ്വാസം; സംഘർഷം അവസാനിപ്പിക്കാൻ യുഎസും ഇറാനും ധാരണയിലേക്ക്; നാളെ ഖത്തറിൽ ചർച്ച
ഡൽഹി: താൽകാലിക സമാധാന കരാർ നിലനിൽക്കുന്ന പശ്ചാത്തലത്തിലും കഴിഞ്ഞ ദിവസങ്ങളിലായി യുഎസും ഇറാനും ശക്തമായ വ്യോമാക്രമണങ്ങളിലൂടെ ഏറ്റുമുട്ടിയിരുന്നു. ഇപ്പോഴിതാ ലോകത്തിന് ആശ്വാസമായി ഇരുരാജ്യങ്ങളും ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ധാരണയിലെത്തിയതായാണ് വിവരം. ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഇരുരാജ്യങ്ങളും ചൊവ്വാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ വെച്ച് ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വാരാന്ത്യത്തിൽ ഇരുരാജ്യങ്ങളും പരസ്പരം വീണ്ടും ആക്രമണം ആരംഭിച്ചതോടെ വെടിനിർത്തൽ കരാർ പൂർണ്ണമായും തകർച്ചയുടെ വക്കിലെത്തിയിരുന്നു. ഹോർമുസിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വീണ്ടും വഷളാക്കിയത്. വാണിജ്യ കപ്പലുകളുടെ ഗതാഗതത്തിന് ഇറാൻ നിരന്തരം ഭീഷണി ഉയർത്തുകയാണെന്ന് ആരോപിച്ച് യുഎസ് സൈന്യം ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ബോംബാക്രമണം നടത്തി.
ആദ്യമുണ്ടായ കപ്പൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ നിഷേധിച്ചെങ്കിലും, യുഎസ് നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി കുവൈറ്റിലെയും ബഹ്‌റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തി. തങ്ങളുടെ അനുമതിയില്ലാതെ ജലപാതയിലൂടെയുള്ള ഗതാഗതം അനുവദിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയതിനു പിന്നാലെ കരാർ ലംഘനം ആരോപിച്ച് ഇറാനിൽ വ്യോമാക്രമണം നടത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അമേരിക്കൻ സൈന്യത്തിന് നിർദേശം നൽകുകയായിരുന്നു.
ഇറാൻ എന്ന രാജ്യം ഇനി നിലനിൽക്കില്ല എന്ന കടുത്ത മുന്നറിയിപ്പും ട്രംപ് നൽകിയിരുന്നു. ഞായറാഴ്ച ഇറാന്റെ 10 സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് വ്യോമസേനയും നാവികസേനയും ശക്തമായ ആക്രമണം നടത്തി. ഇതിന് തിരിച്ചടിയായാണ് കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ-മിസൈൽ ആക്രമണം നടത്തിയതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു