ഹോർമുസ് കടലിടുക്കിലെ ഇറാന്റെ തന്ത്രപ്രധാന ഇടമായ ഖെഷ്മ് ദ്വീപിലേക്ക് അമേരിക്കൻ സൈന്യം പ്രൊജക്റ്റൈൽ ആക്രമണം
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ ഇറാന്റെ തന്ത്രപ്രധാന ഇടമായ ഖെഷ്മ് ദ്വീപിലേക്ക് അമേരിക്കൻ സൈന്യം പ്രൊജക്റ്റൈൽ ആക്രമണം നടത്തിയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഖെഷ്മ് ദ്വീപിൽ നാലിടങ്ങളിൽ സ്ഫോടനങ്ങളുണ്ടായതായാണ് റിപ്പോർട്ട്. അതേസമയം, ഹോർമോസ്ഗാൻ പ്രവിശ്യയിലെ ബന്ദർ അബ്ബാസ്, സിരിക് തുടങ്ങിയ നഗരങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ സൈന്യം നടത്തിയ പ്രതിരോധ നീക്കങ്ങളുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.
ഇറാനിലേക്കുള്ള ആയുധ കടത്തും കടൽപ്പാതകളിലൂടെയുള്ള ഗതാഗതവും പൂർണ്ണമായി തടയുന്നതിനായി 'ടാസ്ക് ഫോഴ്സ് ഐറൺ ഗേറ്റ്' എന്ന പേരിൽ പുതിയ സൈനിക പ്രവർത്തനം ആരംഭിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാവിക ഉപരോധമാണ് ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്നതെന്നും, ഇനി ഇറാനിലേക്ക് സാധനങ്ങൾ എത്തുന്നതും പുറത്തേക്ക് പോകുന്നതും തടയപ്പെടുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി. യുദ്ധം വീണ്ടും ആരംഭിച്ചാൽ അമേരിക്കയ്ക്കുമേൽ "നരകം പെയ്യിക്കും" എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. എന്നാൽ, ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ചുമുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായാൽ ഇറാനെതിരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന് ഡോണൾഡ് ട്രംപും സൂചിപ്പിച്ചു.
ഹോർമുസ് കടലിടുക്കിൽ അനുമതിയില്ലാതെ സഞ്ചരിച്ച മൂന്ന് എണ്ണക്കപ്പലുകളിൽ സ്ഫോടനവും തീപിടുത്തവും ഉണ്ടായതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു. സൗദി തലസ്ഥാനമായ റിയാദിലേക്ക് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതിന് മറുപടിയായി യെമനിൽ പ്രത്യാക്രമണം നടത്തിയ സൗദി സഖ്യസേന, രണ്ട് മിസൈൽ ലോഞ്ചറുകൾ തകർത്തതായി അറിയിച്ചു. ഇതിനിടെ മധ്യ ഗാസയിൽ കനത്ത മഴയെ തുടർന്ന് മണൽതിട്ട ഇടിഞ്ഞുവീണ് നാല് കുട്ടികൾ ഉൾപ്പെടെ അഞ്ച് ഫലസ്തീനികൾ മരണപ്പെട്ട വിവരവും പുറത്തുവന്നിട്ടുണ്ട്.