ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പ്; അധ്യക്ഷ പി.ടി ഉഷയ്ക്ക് തോൽവി, അഞ്ജു ബോബി ജോർജ്ജിന് ജയം

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പ്; അധ്യക്ഷ പി.ടി ഉഷയ്ക്ക് തോൽവി, അഞ്ജു ബോബി ജോർജ്ജിന് ജയം

 ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ഭരണസമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) വോട്ടെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് പി.ടി. ഉഷയ്ക്ക് തോൽവി. വാശിയേറിയ പോരാട്ടം നടന്ന വനിതാ വിഭാഗത്തിൽ മൂന്ന് വോട്ടിന് ഉഷ അഞ്ചാം സ്ഥാനത്തായി. വനിതാ വിഭാഗത്തിൽ മത്സരിച്ച ആറു പേരിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച നാല് പേരാണ് ഐഒഎ ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുക. മലയാളി താരമായ അഞ്ജു ബോബി ജോർജ്, സൈന നെഹ്‌വാൾ, റാണി രാംപാൽ, ഡോള ബാനർജി എന്നിവരാണ് എസ്ഒഎം തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി ജനറല്‍ കൗണ്‍സിലെത്തിയത്. ഇതില്‍ അഞ്ജു ബോബി ജോർജ് ആണ് ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ഒന്നാം സ്ഥാനത്തെത്തിയത്.

മുൻനിര താരങ്ങളായ അഞ്ജു ബോബി ജോർജ്, സൈന നെഹ്‌വാൾ, റാണി രാംപാൽ, ഡോള ബാനർജി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടതോടെ വോട്ടെടുപ്പിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പി.ടി. ഉഷ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള പാനലിന് പുറത്തായി. എസ്‌.ഒ.എം പ്രതിനിധിയായി എത്താൻ കഴിയാതിരുന്നതോടെ ഐ.ഒ.എ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനുള്ള ഉഷയുടെ സാധ്യതകളും മങ്ങി. പി ടി ഉഷയ്ക്ക് ഇനി ഐഒഎ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ഏതെങ്കിലും ദേശീയ കായിക സംഘടന അവരുടെ പ്രതിനിധി ആയി നാമനിർദേശം ചെയേണ്ടിവരും.