ഇന്ത്യ-യുഎസ് ബന്ധത്തിന് ലോബിയിംഗ്; പ്രതിമാസം 1.5 ലക്ഷം ഡോളറിൻ്റെ കരാർ, ഫോൺ കോളുകളുടെ വിവരങ്ങൾ പുറത്ത്
വാഷിംഗ്ടൺ: ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി മെയ്-ജൂൺ മാസങ്ങളിൽ ഇന്ത്യൻ സർക്കാരും വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥരും തമ്മിൽ എട്ട് നിർണായക ഫോൺ സംഭാഷണങ്ങൾ ക്രമീകരിച്ചതായി വെളിപ്പെടുത്തൽ. യുഎസ് വിദേശ ഏജന്റുമാരുടെ രജിസ്ട്രേഷൻ നിയമമായ ഫോറിൻ ഏജന്റ്സ് രജിസ്ട്രേഷൻ ആക്ട് (എഫ്എആർഎ) പ്രകാരം പുറത്തുവിട്ട ഏറ്റവും പുതിയ രേഖകളിലാണ് ഈ വിവരമുള്ളത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉന്നത സഹായി ജേസൺ മില്ലർ നയിക്കുന്ന പ്രമുഖ ലോബിയിംഗ് സ്ഥാപനമായ 'എസ്എച്ച്ഡബ്ല്യു പാർട്ണേഴ്സ് എൽഎൽസി' ആണ് ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള ഈ ചർച്ചകൾക്ക് കളമൊരുക്കിയത്. 'രാഷ്ട്രീയ പ്രവർത്തനങ്ങളുടെ' ഭാഗമായാണ് ഈ ഫോൺ സംഭാഷണങ്ങൾ ക്രമീകരിച്ചതെന്നാണ് കമ്പനി രേഖകളിൽ വ്യക്തമാക്കിയിരിക്കുന്നത്.
2025 ഏപ്രിലിലാണ് ഇന്ത്യ ജേസൺ മില്ലറുടെ സ്ഥാപനവുമായി കരാറിൽ ഏർപ്പെട്ടത്. ഈ വർഷം ഏപ്രിലിൽ കരാർ ഒരു വർഷത്തേക്ക് കൂടി പുതുക്കുകയും ചെയ്തു. എന്നാൽ മില്ലർ ട്രംപ് ഭരണകൂടത്തിൽ 'സ്പെഷ്യൽ ഗവൺമെന്റ് എംപ്ലോയി' ആയി ചേർന്നതിനെ തുടർന്ന് ജൂൺ 23-ന് കരാർ അവസാനിപ്പിച്ചു.
രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദേശ സ്ഥാപനങ്ങളുടെ പ്രതിനിധികൾ തങ്ങളുടെ ബന്ധം, പ്രവർത്തനങ്ങൾ, ലഭിക്കുന്ന സാമ്പത്തിക പ്രതിഫലം എന്നിവയെക്കുറിച്ച് കാലാകാലങ്ങളിൽ പൊതുവായി വെളിപ്പെടുത്തണമെന്ന് എഫ്എആർഎ നിയമം നിർദേശിക്കുന്നു. എസ്എച്ച്ഡബ്ല്യു പാർട്ണേഴ്സിന്റെ രേഖകൾ പ്രകാരം, മെയ് മാസത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യൻ പ്രതിനിധികളും വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥരും തമ്മിൽ നിരവധി ഫോൺ കോളുകൾ ക്രമീകരിച്ചു.
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്, ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ നീധം, ഭീകരവാദ-സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗത്തിലെ അണ്ടർ സെക്രട്ടറി ജീൻ ലാങ് എന്നിവരും ഈ സംഭാഷണങ്ങളിൽ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു.
റൂബിയോയുടെ ഇന്ത്യാ സന്ദർശനത്തിന് ശേഷം ജൂണിൽ, ഇന്ത്യൻ പ്രതിനിധികളും യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീർ, പ്രസിഡന്റിന്റെ നയകാര്യ സഹായി വാക്കർ ബാരറ്റ്, വൈറ്റ് ഹൗസ് ഓഫീസ് ഓഫ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ച്യുങ് എന്നിവരും തമ്മിലും ഫോൺ സംഭാഷണങ്ങൾ നടന്നതായി രേഖകളിൽ പറയുന്നു.
മെയ് 23, 24 തീയതികളിൽ റൂബിയോ പങ്കെടുത്ത രണ്ട് 'എംബസി ഇവന്റു'കളും കമ്പനി രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെയ് 23 മുതൽ 26 വരെ ഇന്ത്യ സന്ദർശിച്ച റൂബിയോ, യുഎസ് എംബസി സംഘടിപ്പിച്ച അമേരിക്ക @250 പരിപാടികളിൽ പങ്കെടുത്തിരുന്നു. ജേസൺ മില്ലറും ഈ സമയത്ത് ന്യൂഡൽഹിയിലുണ്ടായിരുന്നു.
വാഷിങ്ടണിലെ ഇന്ത്യൻ എംബസിയും ജേസൺ മില്ലറുടെ സ്ഥാപനവും തമ്മിൽ ഒപ്പുവെച്ച കരാർ പ്രകാരം പ്രതിമാസം 1.5 ലക്ഷം ഡോളറായിരുന്നു സ്ഥാപനത്തിന് ലഭിച്ചിരുന്നത്. യുഎസ് സർക്കാർ, യുഎസ് കോൺഗ്രസ്, സംസ്ഥാന സർക്കാരുകൾ, അക്കാദമിക് സ്ഥാപനങ്ങൾ, തിങ്ക് ടാങ്കുകൾ, മറ്റ് പ്രസക്തമായ വിഭാഗങ്ങൾ എന്നിവയ്ക്ക് മുന്നിലെ നയപരമായ വിഷയങ്ങളിൽ തന്ത്രപരമായ ഉപദേശം, പ്രവർത്തന ആസൂത്രണം, സർക്കാർ ബന്ധങ്ങളുമായി ബന്ധപ്പെട്ട സഹായം എന്നിവ നൽകുന്നതാണ് കരാറിന്റെ ഭാഗമായിരുന്നതെന്ന് രേഖകളിൽ പറയുന്നു.
ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ, പ്രസിഡന്റിന്റെ അടുത്ത വൃത്തങ്ങളുമായി ബന്ധമുള്ള പ്രമുഖരായ വ്യക്തികൾ നയിക്കുന്ന രണ്ട് വലിയ ലോബിയിംഗ് സ്ഥാപനങ്ങളെയാണ് ഇന്ത്യൻ എംബസി നിയമിച്ചത്. ഇതിൽ മറ്റൊന്ന് മെർക്കുറി പബ്ലിക് അഫയേഴ്സ് ആയിരുന്നു. പ്രതിമാസം 75,000 ഡോളർ റീട്ടെയ്നർ തുകയ്ക്കാണ് സ്ഥാപനവുമായി കരാറിലേർപ്പെട്ടത്.
ട്രംപിന്റെ ട്രാൻസിഷൻ ടീമിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായിരുന്ന ബ്രയാൻ ലാൻസയും സ്ഥാപനത്തിന്റെ പ്രധാന സംഘത്തിൽ ഉൾപ്പെട്ടിരുന്നു. നിലവിൽ ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫായ സൂസി വൈൽസും 2024 അവസാനം വരെ ഈ സ്ഥാപനത്തിലെ രജിസ്റ്റർ ചെയ്ത ലോബിയിസ്റ്റായിരുന്നു.
മെർക്കുറി പബ്ലിക് അഫയേഴ്സിന്റെ രേഖകളിൽ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ വ്യക്തിയെന്ന നേട്ടം സ്വന്തമാക്കിയ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ട്രംപ് ഈ വർഷം ജൂണിൽ എക്സിൽ പങ്കുവെച്ച പോസ്റ്റും മറ്റ് പ്രവർത്തനങ്ങൾക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.