'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്';ഇന്ത്യ സഖ്യം ഒറ്റക്കെട്ട്
ന്യൂഡൽഹി: ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമരത്തിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് ഇപ്പോൾ പറയില്ലെന്നും അത് സർപ്രൈസായിരിക്കുമെന്നും രാഹുൽ വ്യക്തമാക്കി. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഒന്നിച്ചുപോരാടുമെന്ന സന്ദേശവുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി നേതാക്കൾ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രതികരണം.
ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്. ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല. ഒരേയൊരു സമരമേയുള്ളൂ. ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളു. ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക. രാജ്യത്ത് ജനാധിപത്യം തകർക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് വ്യവസ്ഥ തകർക്കപ്പെട്ടിരിക്കുന്നു. ഭരണഘടന കീറി എറിയപ്പെട്ടിരിക്കുന്നു. രാജ്യത്ത് യഥാർഥ ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കുന്നതിനായി ഞങ്ങൾ ഒന്നിച്ച് പോരാടുകയാണ്. അടുത്ത സമരം എങ്ങനെയായിരിക്കും എന്ന് ഇപ്പോൾ പറയില്ല. അത് സർപ്രൈസായിരിക്കും’- രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വീട്ടിൽ നടന്ന ചായസത്കാരത്തിന് ശേഷമാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആർജെഡി നേതാവ് തേജ്വസി യാദവ്, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി (എസ്സിപി) എംപി സുപ്രിയ സുലെ, സമാജ് വാദി പാർട്ടി എംപി ഹരേന്ദ്ര മാലിക്, പ്രശാന്ത് ഭൂഷൺ, ഐസ പ്രസിഡന്റ് നേഹ ബോറ എന്നിവരും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.
കഴിഞ്ഞ നാല് ദിവസമായി ഇന്ത്യ സഖ്യം നടപ്പിലാക്കിയ വിവിധ പരിപാടികളുടെ വൻ വിജയം ജനങ്ങൾ കണ്ടതാണെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാഹുൽ ഗാന്ധിയും മറ്റ് പ്രമുഖ നേതാക്കളും വലിയ ഗൗരവത്തോടും സമർപ്പണ മനോഭാവത്തോടും കൂടിയാണ് ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ചതും അഭിസംബോധന ചെയ്തതും. ഇത്രയധികം ആളുകൾ തനിയെ മുന്നോട്ടുവന്ന് പങ്കാളികളാകുന്നത് അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂവെന്നും ഡൽഹിയിൽ യുവാക്കളും സാധാരണക്കാരായ പൗരന്മാരും പൂർണമായും സ്വന്തം മുൻകൈയിൽ ഒത്തുചേരുന്നത് ഇതാദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.