രാജിവാർത്തകൾ തള്ളി ടിഡിബി പ്രസിഡന്റ് കെ. ജയകുമാർ; '2027 നവംബർ വരെ കാലാവധിയുണ്ട്, പൂർത്തിയാക്കി മാത്രമേ മടങ്ങൂ'
പത്തനംതിട്ട: തന്‍ രാജി വെക്കുന്നുവെന്ന വാര്‍ത്ത തീര്‍ത്തും വ്യാജമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ റിപ്പോര്‍ട്ടറിനോട്. കാലാവധി പൂര്‍ത്തിയാകും വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ രാജി വെറും വാര്‍ത്ത മാത്രമാണെന്നും 2027 നവംബര്‍ വരെയുള്ള കാലാവധി പൂര്‍ത്തിയാക്കുമെന്നുമായിരുന്നു പ്രതികരണം. മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വളരെ സജീവമായി നില്‍ക്കുന്ന സമയമാണിത്. വാര്‍ത്തകളിലെ ഒടിവുകളിലും ചതവുകളിലും പെടാന്‍ ഇല്ലെന്നും ജയകുമാര്‍ വ്യക്തമാക്കി.
ശബരിമലയിലെ ഓണസദ്യ വിവാദത്തില്‍ പ്രതികരിച്ച അദ്ദേഹം അത് കഴിഞ്ഞ കഥ ആണെന്നാണ് പറഞ്ഞത്. സര്‍ക്കാരിനെ അറിയിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി അറിയിക്കുന്നുണ്ട്. ചില കാര്യങ്ങള്‍ ഗവണ്‍മെന്റ് ബോര്‍ഡിനോട് പറയുന്നു. ചിലത് അനുസരിക്കുന്നു. മന്ത്രിയും ബോര്‍ഡുമായി ശീതയുദ്ധമില്ലെന്നും ജയകുമാര്‍ വ്യക്തമാക്കി. ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഉടനെ ഒരു വലിയ രാജിയിലേക്ക് നയിക്കത്തക്ക കാര്യങ്ങളില്ല. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ഭംഗിയായി നടക്കും എന്നും അദ്ദേഹം വിശദീകരിച്ചു


