ഡി.എം.കെയുടേത് ശാസ്ത്രീയ അഴിമതി; നിയമസഭയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ പ്രധാന പ്രതിപക്ഷമായ ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഡി.എം.കെ ഭരണകാലത്ത് നടന്ന വൻ അഴിമതികളെക്കുറിച്ചും പാർട്ടി ഫണ്ട് ശേഖരണത്തെക്കുറിച്ചും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇ.ഡി) രേഖകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി സഭയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.കഴിഞ്ഞ ഡി.എം.കെ സർക്കാരിൻ്റെ കാലത്ത് തദ്ദേശ സ്വയംഭരണ വകുപ്പിലും സംസ്ഥാന സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള മദ്യവിൽപ്പന ശൃംഖലയായ ടാസ്മാക്കിലും നടന്ന അഴിമതികളുടെ നീണ്ട നിര തന്നെ മുഖ്യമന്ത്രി സഭയിൽ വായിച്ചു കേൾപ്പിച്ചു. കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ഔദ്യോഗിക രേഖകൾ അടിസ്ഥാനമാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ.

ഡി.എം.കെ ഭരണകാലത്ത് അനധികൃതമായി ശേഖരിച്ച പാർട്ടി ഫണ്ടുകളുടെ പ്രധാന ഗുണഭോക്താക്കളായി ഇ.ഡി ചൂണ്ടിക്കാണിക്കുന്നത് മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിനെയും അദ്ദേഹത്തിൻ്റെ മകനും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെയുമാണെന്ന് വിജയ് സഭയിൽ തുറന്നടിച്ചു. ഇതിനുപുറമെ ടാസ്മാക്കുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളിൽ മുൻ എക്സൈസ് മന്ത്രി വി. സെന്തിൽ ബാലാജിയെയും അദ്ദേഹത്തിൻ്റെ സഹോദരൻ അശോകിനെയും കേന്ദ്ര ഏജൻസി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ കാര്യവും മുഖ്യമന്ത്രി സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. സത്യസന്ധതയില്ലാത്ത ഉദ്ദേശ്യങ്ങളാണ് ഡി.എം.കെയുടെ ഏറ്റവും വലിയ നേട്ടമെന്ന് കേന്ദ്ര ഏജൻസിയുടെ രേഖകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ ഗുരുതരമായ ആരോപണങ്ങൾ നിയമസഭയിൽ വലിയ ബഹളത്തിനാണ് വഴിവച്ചത്. പ്രസ്താവനയെ ശക്തമായി എതിർത്തുകൊണ്ട് പ്രധാന പ്രതിപക്ഷമായ ഡി.എം.കെ അംഗങ്ങൾ സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി. സ്പീക്കർ ജെ.സി.ഡി പ്രഭാകറിൻ്റെ ഡയസിന് ചുറ്റും തടിച്ചുകൂടിയ പ്രതിപക്ഷ എം.എൽ.എമാർ സർക്കാരിനെതിരെ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. സഭാനടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ച അംഗങ്ങളെ ശാന്തരാക്കാൻ സ്പീക്കർ പലതവണ ശ്രമിച്ചെങ്കിലും ബഹളം തുടരുകയായിരുന്നു.