ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ സംഭവം; മരണം 6 ആയി, കെട്ടിട ഉടമയ്‌ക്കെതിരെ കേസ്
ഡൽഹിയിൽ സ്വകാര്യ ഹോസ്റ്റൽ കെട്ടിടം തകർന്നു വീണ സംഭവത്തിൽ മരണം 6 ആയി. കെട്ടിട ഉടമയ്‌ക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധയ്ക്കും ഡൽഹി പോലീസ് കേസെടുത്തു. സംഭവത്തിൽ ഡൽഹി സർക്കാർ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് സത്യ നികേതനിൽ ഹോസ്റ്റലായി പ്രവർത്തിച്ചിരുന്ന അഞ്ച് നില റെസിഡൻഷ്യൽ കെട്ടിടമാണ് തകർന്നുവീണത്. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിൽ ഒരാളുടെ കൈകാലുകൾക്കുണ്ടായ പരിക്കിന് ശസ്ത്രക്രിയ നടത്തി. നിസാര പരിക്കേറ്റ മറ്റൊരാളെ നിരീക്ഷണത്തിന് ശേഷം ഡിസ്ചാർജ് ചെയ്തു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധിയധികം വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടായിരുന്നതിനാൽ വൻ രക്ഷാപ്രവർത്തനമാണ് മേഖലയിൽ നടന്നത്.
വിദ്യാർത്ഥികൾ താമസിക്കുന്ന കെട്ടിടങ്ങളും പിജി കേന്ദ്രങ്ങളും പരിശോധിക്കുന്നതിൽ മുൻസിപ്പൽ കോർപ്പറേഷൻ (എംസിഡി) പരാജയപ്പെട്ടത് എന്തുകൊണ്ടെന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി വീരേന്ദ്ര സിംഗ് സോളങ്കി ചോദിച്ചു. അവശിഷ്ടങ്ങൾക്കടിയിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെടുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം, വിദ്യാർത്ഥികൾ താമസിക്കുന്ന എല്ലാ കെട്ടിടങ്ങളും പിജികളും നിർദ്ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് സിവിക് ബോഡി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
എംസിഡി കമ്മീഷണർ 24 മണിക്കൂറിനകം മറുപടി നൽകണമെന്ന് സോളങ്കി ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എബിവിപി കമ്മീഷണറുടെ ഓഫീസിൽ കയറി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഡൽഹി സത്യ നികേതനിലുണ്ടായ കെട്ടിട സമുച്ചയ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഞായറാഴ്ച ദുഃഖം രേഖപ്പെടുത്തുകയും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. സംഭവത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായി എക്സിലെ പോസ്റ്റിൽ പ്രധാനമന്ത്രി വ്യക്തമാക്കി. സംഭവസ്ഥലത്ത് അധികൃതർ പ്രവർത്തിക്കുന്നുണ്ടെന്നും ദുരന്തബാധിതരെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സംഭവത്തിൽ തീവ്രമായ ആശങ്ക പ്രകടിപ്പിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഡൽഹി മുഖ്യമന്ത്രി, ഡൽഹി പോലീസ് കമ്മീഷണർ, എൻഡിആർഎഫ് ഡയറക്ടർ ജനറൽ എന്നിവരുമായി സംസാരിച്ചതായി അറിയിക്കുകയും ചെയ്തു. പ്രദേശത്തെ പ്രാദേശിക ഭരണകൂടവും എൻഡിആർഎഫും സംയുക്തമായി സ്ഥലത്ത് തീവ്രമായ രക്ഷാപ്രവർത്തനം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായങ്ങളും നൽകിവരികയാണെന്നും അവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.


