മണിരത്നത്തെയും വിസ്മയിപ്പിച്ച് 'ബാലൻ: ദി ബോയ്'; പ്രശംസയുമായി ഇതിഹാസ സംവിധായകൻ

'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവനാണ് 'ബാലൻ: ദി ബോയ്'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്.

'മഞ്ഞുമ്മൽ ബോയ്സ്' എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കിയ 'ബാലൻ: ദി ബോയ്' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. ഇതിനിടെ ചിത്രത്തിന് ലഭിച്ച പുതിയ അംഗീകാരമാണ് സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകൻ മണിരത്നം ചിത്രം കണ്ട ശേഷം അണിയറപ്രവർത്തകരെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ പ്രത്യേക പ്രദർശനം കണ്ട ശേഷമാണ് മണിരത്നം തന്റെ പ്രശംസ അറിയിച്ചത്. സിനിമയുടെ തിരക്കഥയും അവതരണരീതിയും അഭിനേതാക്കളുടെ പ്രകടനവും അദ്ദേഹത്തെ ഏറെ ആകർഷിച്ചതായാണ് അണിയറപ്രവർത്തകർ അറിയിച്ചത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ സംവിധായകരിലൊരാളിൽ നിന്ന് ലഭിച്ച ഈ അംഗീകാരം ചിത്രത്തിന് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

മണിരത്നത്തിന് മുമ്പ് തന്നെ തെന്നിന്ത്യൻ താരദമ്പതികളായ സൂര്യയും ജ്യോതികയും ചിത്രത്തെ പ്രശംസിച്ചിരുന്നു. 'മാസ്റ്റർപീസ്' എന്നാണ് ജ്യോതിക 'ബാലൻ: ദി ബോയ്'യെ വിശേഷിപ്പിച്ചത്. സംവിധായകൻ ചിദംബരത്തിന്റെയും തിരക്കഥാകൃത്ത് ജിത്തു മാധവന്റെയും മേക്കിങ്ങിനെ അവർ പ്രത്യേകം അഭിനന്ദിച്ചു. ഫർസാന പാലത്തിങ്കൽ, ആദിശേഷൻ കെ.ആർ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ടൊവിനോ തോമസ് എന്നിവരുടെ പ്രകടനങ്ങൾക്കൊപ്പം സുഷിൻ ശ്യാമിന്റെ സംഗീതവും ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ജ്യോതിക എടുത്തുപറഞ്ഞു.