ഹോക്കി ലോകകപ്പിൽ രണ്ടാം റാങ്കുകാരായ ചൈനയെ സമനിലയിൽ കുരുക്കി ഇന്ത്യൻ വനിതകൾ

ആംസ്റ്റെൽവീൻ: ലോകകപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തിൽ രണ്ടാം റാങ്കുകാരായ ചൈനയെ സമനിലയിൽ കുരുക്കി ഇന്ത്യൻ വനിതകൾ. പരിശീലകൻ ഷൂർദ് മറൈനയുടെ കീഴിൽ വിദേശത്ത് നടത്തിയ പരിശീലനത്തിന്റെ മികവ് കളിക്കളത്തിൽ ഇന്ത്യ പുറത്തെടുത്തു. പരിചയസമ്പന്നയായ നവ്‌നീത് കൗറും പെനാൽറ്റി കോർണർ വിദഗ്ദ്ധ ദീപികയുമാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. ചൈനയ്ക്കായി സാങ് യിങ്ങും മാ നിങ്ങും ലക്ഷ്യം കണ്ടു.

മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ നവ്‌നീത് ഇന്ത്യയെ മുന്നിലെത്തിച്ചു. നേഹയുടെ പാസിൽ നിന്ന് അതിവിദഗ്ദ്ധമായ ഒരു ഫ്‌ളിക്കിലൂടെ നവ്‌നീത് ചൈനയുടെ വലയിൽ പന്തെത്തിച്ചു. എന്നാൽ 14-ാം മിനിറ്റിൽ ചൈനയുടെ പെനാൽറ്റി അതിജീവിക്കാൻ ഇന്ത്യക്കായില്ല. സ്‌കോർ 1-1 ആയി. സർക്കിളിനുള്ളിൽ നിന്ന് ശിൽപി ദബാസ് എതിർതാരത്തെ തള്ളിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി സാങ് യിങ് കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു.

രണ്ടാം ക്വാർട്ടറിലെത്തിയപ്പോൾ ഇന്ത്യ വീണ്ടും ലീഡെടുത്തു. ഇത്തവണ പെനാൽറ്റി കോർണറിൽ നിന്ന് ദീപികയാണ് ഗോൾ നേടിയത്. എന്നാൽ ഇന്ത്യയുടെ ലീഡിന് അധികം ആയുസുണ്ടായില്ല. 39-ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ തന്നെ മാ നിങ് ലക്ഷ്യം കണ്ടു. പിന്നീടും ചൈനയ്ക്ക് പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യയുടെ പ്രതിരോധം പാളിയില്ല. ഇതോടെ മത്സരം 2-2ന് സമനിലയിലായി.

പാരിസ് ഒളിമ്പിക്‌സിൽ വെള്ളി നേടിയ കരുത്തരായ ചൈനയ്‌ക്കെതിരെ സമനില നേടിയതോടെ ഇന്ത്യക്ക് പൂൾ ഡിയിൽ വിലപ്പെട്ട ഒരു പോയിന്റ് ലഭിച്ചു. ഇന്ത്യയേയും ചൈനൈയേയും കൂടാതെ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ് പൂൾ ഡിയിലുള്ള മറ്റ് ടീമുകൾ. നേരത്തെ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത നാല് ഗോളിന് ഇംഗ്ലണ്ട് തോൽപ്പിച്ചിരുന്നു. ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.