കാമിന്ദു മെൻഡിസിനെ വിസ്മയ ക്യാച്ചിൽ മടക്കി ഇന്ത്യൻ നായകൻ... വീഡിയോ
ഗാലെ: ഇന്ത്യ- ശ്രീലങ്ക ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ ധ്രുവ് ജുറേലിനെ പുറത്താക്കാൻ ശ്രീലങ്കൻ ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവ മുഴുനീളെ ഡൈവ് ചെയ്ത് ഒറ്റകൈയിൽ ക്യാച്ചെടുത്ത് അമ്പരപ്പിച്ചെങ്കിൽ, മൂന്നാം ദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അതിലും മികച്ച ക്യാച്ചെടുത്ത് വിസ്മയം തീർത്തു. ഒന്നാം ടെസ്റ്റിൻ്റെ മൂന്നാം ദിനത്തിൽ ശ്രീലങ്ക ബാറ്റിങ് തുടരുന്നതിനിടെ കാമിന്ദു മെൻഡിസിനേയാണ് ഗിൽ കിടിലൻ ഫീൽഡ് സ്കിൽ പുറത്തെടുത്ത് മടക്കിയത്. ഇന്ത്യൻ നായകൻ്റെ ക്യാച്ചും ഒറ്റ കൈയിൽ തന്നെ. കുൽദീപ് യാദവിൻ്റെ പന്തിലാണ് ഈ തകർപ്പൻ ക്യാച്ച് വന്നത്. വിഡിയോ വൈറലായി മാറുകയും ചെയ്തു.
കുൽദീപിൻ്റെ പന്ത് ഡ്രൈവ് ചെയ്യാനായി ക്രീസിനു പുറത്തേക്ക് ഇറങ്ങി കളിച്ച മെൻഡിസിൻ്റെ ഷോട്ട് എക്സ്ട്രാ കവറിലേക്ക് പറന്നു. പന്ത് ഗ്രൗണ്ടിൽ തൊടുമെന്നു തോന്നിച്ചെങ്കിലും ഇടത്തേക്ക് പൂർണമായി ഡൈവ് ചെയ്ത് നിലത്തോടു ചേർന്നു ഗിൽ പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഗില്ലിന്റെ ഈ അത്ഭുത ഫീൽഡിങ് കണ്ട് സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികളും കമന്ററി ബോക്സിലുണ്ടായിരുന്ന കമന്റേറ്റർമാരും ഒരുപോലെ അമ്പരപ്പിലായി.
'വൗ... ആ പന്ത് കൈയിൽ ഒതുക്കാൻ ഒട്ടും സാവകാശം അദ്ദേഹത്തിനുണ്ടായിരുന്നില്ല. സത്യത്തിൽ അദ്ദേഹത്തിന്റെ അടുത്തു പോലും ആ പന്തില്ലായിരുന്നു'- നായകൻ്റെ ക്യാച്ച് കണ്ട് കമന്ററി പറഞ്ഞ സഞ്ജയ് മഞ്ജരേക്കർ ആശ്ചര്യപ്പെട്ട് പറഞ്ഞു.


