‘സ്നേഹം കിട്ടിയില്ല, അമിതമായി ഇടപെട്ടു, പലതും വിലക്കി’; കൊലയ്ക്ക് കാരണം കുടുംബസാഹചര്യമെന്ന് 13-കാരി

പെൺകുട്ടിക്ക് കൂടുതൽ ആൺസുഹൃത്തുക്കൾ ഉണ്ടായിരുന്നതും വീട്ടിൽ രാത്രി വൈകിയെത്തുന്നതും അമിതമായ ഫോൺ ഉപയോഗിക്കുന്നതും ശിവൻകുട്ടി എതിർത്തിരുന്നു. ഇതാണ് ശിവൻകുട്ടിയോട് കടുത്ത പകയുണ്ടാകാൻ കാരണം. ഈ പക തീർക്കാൻ സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു.

‘സ്നേഹം കിട്ടിയില്ല, അമിതമായി ഇടപെട്ടു, പലതും വിലക്കി’; കൊലയ്ക്ക് കാരണം കുടുംബസാഹചര്യമെന്ന് 13-കാരി

ആലപ്പുഴ: കരുവാറ്റയിലെ ഗൃഹനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനിടെ കുടുംബത്തെപ്പറ്റിയുള്ള പരാമർശങ്ങളിൽ പൊട്ടിക്കരഞ്ഞ് 13-കാരി. കുടുംബത്തിലെ സാഹചര്യങ്ങളും വ്യക്തിപരമായ വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയതായാണ് വിവരം.

ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകിയെങ്കിലും കുടുംബത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുമ്പിൽ പെൺകുട്ടി പൊട്ടിക്കരയുകയായിരുന്നു. കൊല്ലപ്പെട്ട ശിവൻകുട്ടി തന്റെ കാര്യങ്ങളിൽ അമിതമായി ഇടപെടുകയും പലതും വിലക്കുകയും ചെയ്തിരുന്നുവെന്നാണ് മൊഴി. "എനിക്ക് കുട്ടിക്കാലത്ത് സ്നേഹം കിട്ടിയിരുന്നില്ല. ബന്ധുവിൽനിന്ന് ഒരുപാട് വിലക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ട്", എന്ന് പറഞ്ഞാണ് പെൺകുട്ടി കരഞ്ഞതെന്നാണ് വിവരം.

പെൺകുട്ടിക്ക് കൂടുതൽ ആൺസുഹൃത്തുക്കൾ ഉണ്ടായിരുന്നതും വീട്ടിൽ രാത്രി വൈകിയെത്തുന്നതും അമിതമായ ഫോൺ ഉപയോഗിക്കുന്നതും ശിവൻകുട്ടി എതിർത്തിരുന്നു. ഇതാണ് ശിവൻകുട്ടിയോട് കടുത്ത പകയുണ്ടാകാൻ കാരണം. ഈ പക തീർക്കാൻ സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു.

മാസങ്ങൾക്കു മുമ്പുതന്നെ ഇവർ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ വിഷംനൽകി കൊലപ്പെടുത്താനായിരുന്നു ശ്രമം. പിന്നീട് വാഹനാപകടത്തിൽ പെടുത്താൻ തീരുമാനിച്ചെങ്കിലും, അത് നടന്നില്ല. തുടർന്ന് വീട്ടിൽ ആളില്ലാത്ത സമയംനോക്കി കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. മകൾ പ്രസവത്തിനായി ആശുപത്രിയിൽ പോകുന്ന നാലുദിവസം ശിവൻകുട്ടി ഒറ്റയ്ക്കായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇവർ കൊലപാതകാസൂത്രണം നടത്തിയത്. ട്രെയിൻവഴിയാണ് കാമുകനും സുഹൃത്തുക്കളും കൃത്യത്തിനെത്തിയത്. ഓരോ നിമിഷവും പെൺകുട്ടി ഫോണിൽ കൂടി നിർദേശം നൽകിക്കൊണ്ടിരുന്നു.

കൊലപാതകത്തിന് ശേഷം ഞായറാഴ്ച പുലർച്ചെ ഏഴു കിലോമീറ്ററോളം അകലെയുള്ള ഹരിപ്പാട്ടെത്തി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനടുത്തുള്ള തട്ടുകടയിൽനിന്ന് ആഘോഷപൂർവം ഭക്ഷണം കഴിച്ചു. ആസൂത്രണംചെയ്തപോലെ കൃത്യം നടത്തിയതിന്റെ ആവേശത്തിലായിരുന്നു അവർ. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നും കടയിലുണ്ടായിരുന്നവരുടെ മൊഴിയിൽനിന്നുമാണ് പോലീസിന് ഈ വിവരം ലഭിച്ചത്.