'രണ്ടാം ഭൂപരിഷ്കരണത്തിന്' സർക്കാർ തുടക്കമിടും: മുഖ്യമന്ത്രി വി ഡി സതീശൻ

കൊച്ചി: കർഷകർ ഈ നാടിന്റെ നട്ടെല്ലാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും കാരണം കടുത്ത പ്രതിസന്ധി നേരിടുന്ന കർഷകരെ ചേർത്തുപിടിച്ചുള്ള പുതിയ കാർഷിക നയങ്ങളും പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരിയിൽ സംസ്ഥാനതല കർഷക ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന് അന്നം തരുന്ന കർഷകരോടുള്ള ആദരവും കാർഷിക വൃത്തിയോടുള്ള ബഹുമാനവുമാണ് കർഷകദിന ആഘോഷങ്ങളിലൂടെ നാട് പ്രകടിപ്പിക്കുന്നത്. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം കർഷകർ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ ആകാശവും നിഴലും നോക്കി കൃത്യമായി കാലാവസ്ഥ പ്രവചിച്ചിരുന്ന രീതി മാറി, ഇന്ന് കാർഷിക കലണ്ടർ തന്നെ താളംതെറ്റിയ അവസ്ഥയിലാണ്. ഇത്തരം പ്രതിസന്ധികളുടെ ആദ്യ ഇരകൾ പാവപ്പെട്ട കർഷകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​

​സംസ്ഥാനത്തെ ഭൂനിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി 'രണ്ടാം ഭൂപരിഷ്കരണത്തിന്' സർക്കാർ തുടക്കമിടും. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറന്നുപ്രവർത്തിപ്പിക്കാനും അവിടെ കാർഷിക വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും കോട്ടംതട്ടാത്ത രീതിയിൽ ടൂറിസം, മൾട്ടി-ക്രോപ്പിംഗ് (അവക്കാഡോ, റംബുട്ടാൻ തുടങ്ങിയവ) എന്നിവ പ്രോത്സാഹിപ്പിക്കാനും നടപടിയുണ്ടാകും. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ വേഗത്തിൽ പഠിച്ച് പരിഹാരം കാണാൻ ശ്രമിക്കുന്ന കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖിനെയും അദ്ദേഹത്തിന്റെ ടീമിനെയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ പാരമ്പര്യ വിത്ത് സംരക്ഷകൻ ചെറുവയൽ രാമന് ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിലുള്ള പ്രഥമ അവാർഡും മറ്റ് കർഷക അവാർഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു.