സൈക്കോ വില്ലനായി അക്ഷയ് കുമാർ; പ്രിയദർശൻ്റെ 'ഹൈവാൻ' സിനിമയുടെ പുതിയ ടീസർ
അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കുന്ന ഹൈവാൻ ചിത്രത്തിൻ്റെ ആദ്യ ടീസർ പുറത്ത്. 2026 സെപ്റ്റംബർ 11 നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ചിത്രത്തിന്റെ തിരക്കഥ രചിച്ചതും പ്രിയദർശൻ തന്നെയാണ്. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ, ഇതുവരെ കാണാത്ത രീതിയിലാണ് പ്രിയദർശൻ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ത്രില്ലർ ആയിരിക്കും ചിത്രമെന്ന സൂചനയും ടീസർ നൽകുന്നു. പ്രിയദർശൻ ചിത്രങ്ങളുടെ ഹൈലൈറ്റ് ആയ ഗംഭീര ഫ്രയിമുകളും പശ്‌ചാത്തല സംഗീതവുമാണ് ടീസറിന്റെ പ്രധാന ആകർഷണം. വമ്പൻ സസ്‌പെൻസും ഡ്രാമയും കോർത്തിണക്കിയാണ് പ്രിയദർശൻ ഈ എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ബോളിവുഡിലെ വമ്പൻ താരങ്ങളായ അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവർ ഒരിടവേളക്ക് ശേഷം ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ് എന്ന പ്രത്യേകതയുമുണ്ട്. സയ്യാമി ഖേർ, ശ്രിയ പിൽഗാവോങ്കർ, ബൊമൻ ഇറാനി, രാജ്പാൽ യാദവ്, ശരീബ് ഹാഷ്മി, രാജേഷ് ശർമ്മ, പഹൽ ചൗധരി, മനോജ് ജോഷി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ ചിത്രീകരണം ആരംഭിച്ച 'ഹൈവാൻ', കൊച്ചി, വാഗമൺ, ഊട്ടി, മുംബൈ എന്നിവിടങ്ങളിൽ ആയാണ് പൂർത്തീകരിച്ചത്.
അക്ഷയ് കുമാറിനൊപ്പം ഒട്ടേറെ സൂപ്പർ ഹിറ്റുകൾ ബോളിവുഡിൽ ഒരുക്കിയിട്ടുള്ള പ്രിയദർശൻ ആദ്യമായാണ് സെയ്ഫ് അലി ഖാനുമായി ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. സാബു സിറിൾ ആണ് ഈ ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈനർ. പ്രിയദർശൻ, അക്ഷയ് കുമാർ, സെയ്ഫ് അലിഖാൻ, സാബു സിറിൾ എന്നീ 4 ദേശീയ പുരസ്കാര ജേതാക്കൾ ഒന്നിക്കുന്നു എന്നതും ഹൈവാൻ്റെ ഹൈലൈറ്റ് ആണ്.


