അഭിജിത് ദീപ്കെ വിളിച്ച വാർത്താസമ്മേളനത്തിൽ ബഹളമുണ്ടാക്കി; റിപ്പബ്ലിക് ടി.വി. മാധ്യമപ്രവർത്തകരെ പുറത്താക്കി
ന്യൂഡൽഹി: സി.ജെ.പി.യും ഇടതു വിദ്യാർഥി സംഘടനകളും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽനിന്ന് റിപ്പബ്ലിക് ടി.വി.യിലെ മാധ്യമപ്രവർത്തകരെ പുറത്താക്കി. വാർത്താസമ്മേളനത്തിനിടെ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് മറ്റു മാധ്യമപ്രവർത്തകർതന്നെയാണ് ഇവരെ പുറത്താക്കിയത്.
വാർത്താ സമ്മേളനം വിളിച്ചവർ സംസാരിച്ചതിനുശേഷം ചോദ്യം ചോദിക്കുക എന്ന പൊതുവെയുള്ള രീതിക്കു പകരം, വാർത്താ സമ്മേളനത്തിൽ നേഹാ ബോറ സംസാരിച്ചു തുടങ്ങിയപ്പോൾത്തന്നെ റിപ്പബ്ലിക് ടി.വി.യിലെ രണ്ട് മാധ്യമപ്രവർത്തകർ ശബ്ദമുണ്ടാക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും വാർത്താ സമ്മേളനം തടസ്സപ്പെടുത്തുകയുമായിരുന്നു.
വാർത്താ സമ്മേളനം തടസ്സപ്പെടുത്താൻ ശ്രമിച്ച റിപ്പബ്ലിക് ടി.വി. മാധ്യമപ്രവർത്തകരെ മറ്റു മാധ്യമപ്രവർത്തകർ ചേർന്ന് പുറത്താക്കുകയായിരുന്നു. ഇവർ വാർത്താസമ്മേളനം തുടങ്ങിയതുമുതൽക്ക് തന്നെ കുഴപ്പങ്ങളുണ്ടാക്കിയെന്ന് മറ്റു മാധ്യമപ്രവർത്തകർ പറഞ്ഞു. അതേസമയം, തങ്ങളല്ലാതെ മറ്റു മാധ്യമങ്ങൾ ആരും ദേശീയത ഉയർത്തിപ്പിടിക്കുന്നില്ലെന്നായിരുന്നു റിപ്പബ്ലിക് ടി.വി. മാധ്യമപ്രവർത്തകരുടെ നിലപാട്.