‘സിക്കിം ഗവർണർ നിയമനം നിർത്തിവെക്കണം’; രാഷ്ട്രപതിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

‘സിക്കിം ഗവർണർ നിയമനം നിർത്തിവെക്കണം’; രാഷ്ട്രപതിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബി.ജെ.പി. നേതാവ് ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ച സംഭവത്തിൽ രാഷ്ട്രപതിക്ക് കത്തയച്ച് രാഹുൽ ഗാന്ധി. അങ്കിത ഭണ്ഡാരി കൊലക്കേസിൽ ആരോപണം നേരിടുന്ന ദുഷ്യന്ത് ഗൗതമിന്റെ നിയമനം നിർത്തിവെക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾ ഡൽഹി ഇന്ത്യ ഗേറ്റിൽ ധർണ നടത്തിയിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ളവർ ഈ ധർണയുടെ ഭാഗമായിരുന്നു.

ഉത്തരാഖണ്ഡിലെ ഒരു റിസോർട്ടിൽ 2022-ലാണ് അങ്കിത കൊല്ലപ്പെട്ടത്. ഋഷികേശിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്നു അങ്കിത. 2022 സെപ്റ്റംബർ 18-ന് കൊല്ലപ്പെട്ട അങ്കിതയുടെ മൃതദേഹം നാലു ദിവസത്തിനുശേഷം ഒരു കനാലിൽനിന്നാണ് കണ്ടെടുത്തത്.

ഈ കേസിൽ മുൻ ബി.ജെ.പി. നേതാവ് വിനോദ് ആര്യയുടെ മകനും റിസോർട്ട് ഉടമയുമായ പുൽകിത് ആര്യയും മറ്റു രണ്ടുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവർക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. സംഭവത്തിൽ ഒരു വി.ഐ.പി. കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു ആരോപണം. ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറിയും ഉത്തരാഖണ്ഡിന്റെ ചുമതലയുണ്ടായിരുന്ന നേതാവുമായ ദുഷ്യന്ത് കുമാർ ഗൗതമിന്റെ പേരാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത്.