വിജയ്‍യുടെ 'ജനനായകൻ' ജൂലൈ അവസാനത്തോടെ റിലീസിനെത്തും
തമിഴ് സിനിമ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയുടെ അവസാനചിത്രമെന്ന രീതിയിൽ ശ്രദ്ധ നേടിയ ജനനായകൻ. പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് സി.ബി.എഫ്.സി തടയുകയായിരുന്നു.
ഇപ്പോഴിതാ, ആറ് മാസങ്ങൾക്ക് ശേഷം 'ജനനായകൻ' ഒടുവിൽ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയാക്കിയ കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് (CBFC), സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ചിത്രത്തിൽ വരുത്തേണ്ട മാറ്റങ്ങളുടെ പട്ടിക നിർമ്മാതാക്കൾക്ക് അയച്ചിട്ടുണ്ടെന്ന് വിശ്വസനീയമായ കേന്ദ്രങ്ങൾ 'സ്ക്രീൻ' മാധ്യമത്തോട് സ്ഥിരീകരിച്ചു. 'എ' സർട്ടിഫിക്കറ്റ് ലഭിക്കാൻ സാധ്യതയുള്ള ചിത്രം ജൂലൈ അവസാനത്തോടെ റിലീസ് ചെയ്യാനാണ് സാധ്യത.
"സി.ബി.എഫ്.സി നിർദ്ദേശിച്ച മാറ്റങ്ങൾ എഡിറ്റ് ചെയ്ത് സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം. അടുത്ത ആഴ്ചയോടെ ഡബ്ബിങ് ജോലികളും ആരംഭിക്കും. എല്ലാം വിചാരിച്ചതുപോലെ നടന്നാൽ ജൂലൈ അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും," സിനിമയുടെ അണിയറപ്രവർത്തകരുടെ അടുത്ത സോഴ്സിൽ നിന്നും ലഭിച്ച വിവരമിങ്ങനെ.
കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബിസിനസ് ഹെഡ് ആയ സുപ്രീത് മോഹനും ഈ സമയക്രമം സ്ഥിരീകരിച്ചു. "എല്ലാം കൃത്യമായി ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുന്നുണ്ട്. ജൂലൈ അവസാന വാരത്തിലോ അല്ലെങ്കിൽ ഓഗസ്റ്റ് ആദ്യ വാരത്തിലോ ചിത്രം റിലീസ് ചെയ്യാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്."
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ' കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് നിർമ്മിക്കുന്നത്. പൂജ ഹെഗ്‌ഡെ നായികയാകുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ജി.വി. പ്രകാശ് കുമാർ ആണ്. ഗൗതം വാസുദേവ് മേനോൻ, പ്രിയ ഭവാനി ശങ്കർ, അജ്മൽ അമീർ, യോഗി ബാബു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. രാഷ്ട്രീയത്തിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി വിജയ് അഭിനയരംഗം വിടുന്നതിന് മുൻപ് പൂർത്തിയാക്കിയ ചിത്രം അദ്ദേഹത്തിന്റെ അവസാന ചിത്രമായി കണക്കാക്കപ്പെടുന്നു. രാഷ്ട്രീയ ത്രില്ലർ ചിത്രമാണ് 'ജനനായകൻ'.