വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം: രാഹുൽ ഗാന്ധിക്ക് എതിരായ നടപടികൾ നിർത്തിവയ്ക്കാൻ അലഹബാദ് ഹൈക്കോടതിയോട് സുപ്രീം കോടതി
ആരോപണം ഗൗരവമേറിയതാണങ്കിൽ എന്തുകൊണ്ട് സിബിഐ നടപടി എടുത്തില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു
ന്യൂഡൽഹി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് സിബിഐ. എന്നാൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. ആരോപണം ഗൗരവമേറിയതാണങ്കിൽ എന്തുകൊണ്ട് സിബിഐ നടപടി എടുത്തില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്ക് എതിരായ ഹർജിയിലെ നടപടികൾ നീട്ടി വയ്ക്കാൻ അലഹബാദ് ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചു.
രാഹുൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ സിബിഐയോടും, ഇഡി യോടും അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കാൻ അലഹബാദ് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി ആണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹർജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് പരിഗണിച്ചത്.
പരാതി ഗൗരവതരമാണെങ്കിൽ എന്ത് കൊണ്ടാണ് സി.ബി.ഐ ഇത് വരെ നടപടി എടുക്കാത്തത് എന്ന് ബെഞ്ചിലെ അംഗമായ ജോയ്മാല ബാഗ്ചി ആരാഞ്ഞു. തുടർന്നാണ് രാഹുൽ ഗാന്ധിക്ക് എതിരായ ഹർജിയിലെ നടപടികൾ നീട്ടി വയ്ക്കാൻ അലഹബാദ് ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് നടപടികൾ നീട്ടി വയ്ക്കാൻ നിർദേശിച്ചത്. ഇതോടെ കേസിൽ അന്വേഷണ റിപ്പോർട്ട് സിബിഐക്ക് ഫയൽ ചെയ്യാൻ കഴിയില്ല.


