വിഴിഞ്ഞം ഗേറ്റ് വേ തുറന്നു; സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം
കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷും പരിപാടിയില്‍ നിന്നും വിട്ടുനിന്നു.
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള സമ്പൂർണ കരമാർഗ കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കത്തിന് തുടക്കമായി. മുഖ്യമന്ത്രി വി.ഡി.സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്നറുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ഇതുവരെ ട്രാൻസ്ഷിപ്പ്‌മെന്റ് (ചരക്കുകൾ ഒരു കപ്പലിൽ നിന്നും മറ്റൊരു കപ്പലിലേക്ക് മാറ്റൽ) പ്രവർത്തനങ്ങൾ മാത്രമാണ് തുറമുഖത്ത് നടന്നിരുന്നത്.
കേരളത്തിന്റെ സമഗ്ര വ്യവസായ-ലോജിസ്റ്റിക് വികസനം ലക്ഷ്യമിട്ടുള്ള 'മിഷൻ സമുദ്ര' പദ്ധതിക്കും തുടക്കമായി. കേരളത്തിന്റെ തീരദേശ-തുറമുഖാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയെ അടിമുടി മാറ്റിമറിക്കാന്‍ പോകുന്ന സമഗ്ര വികസന പദ്ധതിയാണിത്. 400 കോടി രൂപയുടെ ഈ ബൃഹത് പദ്ധതിയിലൂടെ വിഴിഞ്ഞത്തെ ഒരു വലിയ സമുദ്ര സാമ്പത്തിക മേഖലയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
കൊളംബോ, സിംഗപ്പൂർ, ദുബായ് തുറമുഖങ്ങളെ ആശ്രയിച്ചിരുന്ന ദക്ഷിണേന്ത്യൻ കയറ്റുമതിക്കാർക്ക് ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് യൂറോപ്പ് ഉൾപ്പെടെയുള്ള ആഗോള വിപണികളിലേക്ക് ചരക്കുകൾ അയക്കാം. യാത്രാസമയത്തിലും ചെലവിലും വലിയ ലാഭം ഉറപ്പുനൽകുന്ന ഈ മാറ്റം, കാർഷികോൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, സമുദ്രോൽപ്പന്നങ്ങൾ, കൈത്തറി-തുണിത്തരങ്ങൾ എന്നീ മേഖലകളിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പുതിയ വിദേശ വിപണികളിലേക്ക് വഴിതുറക്കും.
വിഴിഞ്ഞത്തുനിന്നുള്ള പുതിയ റൂട്ടിലൂടെ 24 ദിവസത്തിനുള്ളിൽ യൂറോപ്പിൽ ചരക്കുകൾ എത്തിക്കാനാകും. നിലവിലുള്ള മറ്റു റൂട്ടുകളേക്കാൾ 10 ദിവസം വേഗത്തിലാണിത്. 20 മുതൽ 24 മീറ്റർ വരെ സ്വാഭാവിക ആഴമുള്ളതിനാൽ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകൾക്ക് പോലും ഇവിടെ ആയാസരഹിതമായി അടുക്കാനാകും. അന്താരാഷ്ട്ര കിഴക്ക്-പടിഞ്ഞാറ് കപ്പൽച്ചാലിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ മാത്രമാണ് തുറമുഖത്തേക്കുള്ള ദൂരം.
കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷും പരിപാടിയില്‍ നിന്നും വിട്ടുനിന്നു. വന്ദേമാതരം ആലപിക്കാത്തതിലെ അതൃപ്തി മൂലമാണ് കേന്ദ്രമന്ത്രി പരിപാടി ബഹിഷ്‌കരിച്ചതെന്നാണ് വിവരം. എന്നാല്‍ കേന്ദ്രമന്ത്രി പങ്കെടുക്കാത്തതുകൊണ്ടാണ് പരിപാടിക്കെത്താതിരുന്നതെന്നും ഓണപ്പരിപാടികളുടെ തിരക്ക് ഉണ്ടായിരുന്നുവെന്നുമാണ് വി വി രാജേഷ് അറിയിച്ചത്.


