രണ്ടക്കം കടന്നത് മൂന്ന് പേർ മാത്രം; രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ എറിഞ്ഞിട്ട് ശ്രീലങ്ക
ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്‌സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരവും ലോകത്തിലെ നാലാമത്തെ താരവുമെന്ന റെക്കോർഡ് വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇന്ന് നേടി
ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ അടിതെറ്റി ഇന്ത്യ. 78 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി നാലാം ദിനം രണ്ടാം ഇന്നിംഗ്സിനായി ക്രീസിലിറങ്ങിയ ഇന്ത്യ 193 റണ്‍സിന് ഓള്‍ ഔട്ടായി. 66 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 44 റണ്‍സുമായി രണ്ടാം ഇന്നിംഗ്സിലും തിളങ്ങിയപ്പോള്‍ കെ എല്‍ രാഹുല്‍ 35 റണ്‍സെടുത്തു. മറ്റാര്‍ക്കും ഇന്ത്യൻ നിരയില്‍ രണ്ടക്കം കടക്കാനായില്ല.
ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ 31 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോൾ പ്രഭാത് ജയസൂര്യ 43 റണ്‍സിന് 3 വിക്കറ്റെടുത്തു. ലാഹിരു കുമാര രണ്ട് വിക്കറ്റ് നേടി.
നേരത്തെ ശ്രീലങ്കയുടെ 192 റൺസിന്റെ ഒന്നാം ഇന്നിങ്സിന് മറുപടിയായി ഇന്ത്യ 462 റൺസ് നേടിയിരുന്നു. 162 റൺസ് നേടിയ ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിയാണ് ഇന്ത്യയെ ഒന്നാം ഇന്നിങ്സിൽ തകർപ്പൻ സ്കോറിലേക്ക് നയിച്ചത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡ് അടക്കം 372 റൺസ് വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്ക് മുന്നിലുള്ളത്
ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്‌സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരവും ലോകത്തിലെ നാലാമത്തെ താരവുമെന്ന റെക്കോർഡ് വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇന്ന് നേടി. ടെസ്റ്റിന്റെ നാലാം ദിവസം രണ്ടാം സെഷനിൽ ലഹിരു കുമാരയുടെ പന്തിൽ സിക്‌സർ നേടിയതോടെയാണ് പന്ത് അപൂർവ നേട്ടത്തിലെത്തിയത്. ഇതിന് മുമ്പ് ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്ക്‌സ്, ന്യൂസീലൻഡിന്റെ ബ്രണ്ടൻ മക്കല്ലം, ഓസ്‌ട്രേലിയയുടെ ആദം ഗിൽക്രിസ്റ്റ് എന്നിവരാണ് ഇതിന് മുമ്പ് 100 സിക്‌സറുകൾ അടിച്ചത്.


