യുഎസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കു തകർത്ത് ബെൽജിയം ക്വാർട്ടർ ഫൈനലിൽ

 ആതിഥേയരായ യുഎസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കു തകർത്ത് ഫിഫ ലോകകപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ കടന്ന് ബൽജിയം. സിയാറ്റിൽ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ആദ്യ പകുതിയിൽ ചാൾസ് ഡെ കെറ്റലരെയുടെ ഇരട്ട ഗോളുകളും (9, 33), രണ്ടാം പകുതിയിൽ ഹൻസ് വനകൻ്റെ (57)യും റൊമേലു ലുക്കാക്കുവിൻ്റെയും (90+3) ഗോളുകളുമാണ് ബൽജിയത്തെ വിജയത്തിലെത്തിച്ചത്. 31–ാം മിനിറ്റിൽ മാലിക് ടിൽമാനാണ് യുഎസിൻ്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ‍ ഫൈനലിൽ സ്പെയിനാണ് ബൽജിയത്തിന്റെ എതിരാളികൾ. പന്തടക്കത്തിലും പാസുകളിലും യുഎസിനേക്കാൾ പിന്നിലായിട്ടും തുടർച്ചയായി നടത്തിയ ആക്രമണങ്ങളാണ് പോരാട്ടത്തിൽ ബൽജിയത്തിന് മേൽക്കൈ നേടിക്കൊടുത്തത്. 15 ഷോട്ടുകൾ ബൽജിയം ഗോൾ ലക്ഷ്യമാക്കി പായിച്ചപ്പോൾ അതിൽ ഏഴെണ്ണം ഓൺ ടാർഗറ്റായിരുന്നു. അതേസമയം യുഎസിൻ്റെ രണ്ട് ഷോട്ടുകൾ മാത്രമാണ് ഓൺ ടാർഗറ്റായത്