ചരിത്രം കുറിച്ച് ഈജിപ്ത്; വിജയം പലസ്തീന്‍ ജനതയ്ക്ക് സമര്‍പ്പിച്ച് പരിശീലകന്‍ ഹൊസാം ഹസ്സന്‍
ലോകകപ്പ് ഫുട്ബോളിൽ ചരിത്രം രചിക്കുന്നത് തുടർന്ന് മുഹമ്മദ് സലായും സംഘവും. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ ഓസ്ട്രേലിയയെ വീഴ്ത്തിയാണ് ഈജിപ്ത് ചരിത്രത്തിലാദ്യമായി പ്രീക്വാർട്ടറിൽ കടന്നത്. നാലാം ലോകകപ്പ് കളിക്കുന്ന ഈജിപ്ത് 2026 എഡിഷനിൽ ന്യൂസീലൻഡിനെ വീഴ്ത്തിയാണ് ആദ്യ ലോകകപ്പ് വിജയം നേടിയത്. തൊട്ടുപിന്നാലെ നോക്കൗട്ടിൽ കടന്നും, ഇപ്പോൾ പ്രീക്വാർട്ടറിലേക്കു മാർച്ച് ചെയ്തും ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിലും ഈജിപ്ത് തോറ്റിരുന്നു. ഖത്തർ ലോകകപ്പിനു യോഗ്യത നേടാൻ പോലും ടീമിനു സാധിച്ചിരുന്നില്ല
അതേസമയം ഓസ്ട്രേലിയയുടെ തോൽവിയോടെ ലോകകപ്പിൽ ഏഷ്യയുടെ അവസാന പ്രതീക്ഷയും കെട്ടടങ്ങി. എഎഫ്സിയുടെ ഭാഗമായ ടീമുകളിൽ ജപ്പാനും ഓസ്ട്രേലിയയും മാത്രമാണ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കടന്നത്. നോക്കൗട്ടിൽ ബ്രസീലിനോടു തോറ്റ് ജപ്പാൻ പുറത്തായിരുന്നു. ഏഷ്യയിൽനിന്നുള്ള ദക്ഷിണകൊറിയ, ഖത്തർ, ഇറാൻ, സൗദി അറേബ്യ, ഇറാഖ്, ജോർദാൻ, ഉസ്ബക്കിസ്ഥാൻ ടീമുകൾക്ക് ഗ്രൂപ്പ് ഘട്ടം പിന്നിടാൻ സാധിച്ചിരുന്നില്ല. ഡാലസിൽ നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി ഓസ്ട്രേലിയയും ഈജിപ്തും സമനില പാലിച്ചതോടെയാണ് പോരാട്ടം ഷൂട്ടൗട്ടിലേക്കു നീണ്ടത്. ഷൂട്ടൗട്ടിൽ 4–2നാണ് ഈജിപ്ത് വിജയിച്ചത്. ഈജിപ്തിനായി കിക്കെടുത്ത മഹമൂദ് സാബർ, റാമി റബിയ, മുഹമ്മദ് സലാ, ഹുസാം അബ്ദെൽമഗുദ് എന്നിവർ ലക്ഷ്യം കണ്ടു. ഓസ്ട്രേലിയൻ താരങ്ങളായ ഹാരി സൗട്ടറിന്റെയും ലുകാസ് ഹെറിങ്ടനിന്റെയും ഷോട്ടുകൾ പുറത്തേക്കു പോയതാണ് സോക്കറൂസിനു തിരിച്ചടിയായത്. ജാക്സൻ ഇർവിൻ, അവെർ മബിൽ എന്നിവർ പന്തു വലയിലെത്തിച്ചു. നോക്കൗട്ടിൽ അർജന്റീന ആയിരിക്കും ഈജിപ്തിന്റെ എതിരാളികൾ.


