'ഇഡി ഭീഷണിപ്പെടുത്തി': സിഎംആർഎൽ-എക്സാലോജിക് കേസിൽ രാഷ്ട്രീയ നേതാക്കൾക്കെതിരായ മൊഴി പിൻവലിച്ച് CMRL CFO

'ഇഡി ഭീഷണിപ്പെടുത്തി': സിഎംആർഎൽ-എക്സാലോജിക് കേസിൽ രാഷ്ട്രീയ നേതാക്കൾക്കെതിരായ മൊഴി പിൻവലിച്ച് CMRL CFO

കൊച്ചി: മാസപ്പടി കേസിൽ നിർണ്ണായക വഴിതിരിവ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴി പിൻവലിക്കാൻ സിഎംആർഎൽ സിഎഫ്ഒ (ചീഫ് ഫിനാൻഷ്യൽ ഓഫീസർ) സുരേഷ്‌കുമാർ സത്യവാങ്മൂലം നൽകി.  ഗുരുതര ആരോപണങ്ങളാണ് ഇഡിക്കെതിരായ സത്യവാങ്മൂലത്തിലുള്ളത്. ഇഡി ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുത്തതെന്ന് സുരേഷ്‌കുമാർ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

താൻ പറഞ്ഞ മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർ മുഖവിലക്കെടുക്കാൻ തയ്യാറായില്ലെന്ന് സത്യവാങ്മൂലത്തിൽ സുരേഷ്‌കുമാർ ആരോപിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പറയാൻ ഇഡി തന്നെ നിർബന്ധിച്ചതായും അദ്ദേഹം ആരോപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിലിരിക്കെ, അദ്ദേഹത്തിന്റെ മകൾ വീണയ്ക്ക് പണം നൽകിയത് മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ടാണെന്നായിരുന്നു സുരേഷ്‌കുമാറിന്റെ മുൻ മൊഴി. ഈ മൊഴിയാണ് പിണറായി വിജയനുള്ള കൈക്കൂലിയാണ് ഇതെന്ന രീതിയിൽ ഇഡി തങ്ങളുടെ റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ നിലവിലെ സത്യവാങ്മൂലത്തിലൂടെ ഈ മൊഴിയാണ് സുരേഷ്‌കുമാർ ഇപ്പോൾ തിരുത്തുന്നത്.

മൊഴിയെടുക്കാൻ ഉണ്ടായ സാഹചര്യവും പശ്ചാത്തലവും വിശദീകരിക്കുന്ന കുറിപ്പും സത്യവാങ്മൂലവും സഹിതമാണ് ഇഡിക്ക് കത്ത് നൽകിയിരിക്കുന്നത്. പിണറായി വിജയൻ അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് സിഎംആർഎൽ അനധികൃതമായി പണം കൈമാറിയെന്ന് പറയാൻ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്ന് കത്തിൽ വ്യക്തമാക്കുന്നു. ഇത് തന്റെ സ്വമേധയാ ഉള്ള മൊഴിയല്ലെന്നും ഇതിൽ പറയുന്ന കാര്യങ്ങൾ പച്ചക്കള്ളമാണെന്നും അദ്ദേഹം പറയുന്നു. ഇതിനു മുൻപ് മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തായ വാരിസ് ഹസനും സമാനമായ രീതിയിൽ മൊഴി പിൻവലിച്ച് സത്യവാങ്മൂലം നൽകിയിരുന്നു.

താൻ നേരിട്ട നിരന്തരമായ പീഡനങ്ങളുടെ വിവരങ്ങളാണ് കത്തിൽ സുരേഷ് കുമാർ വിശദീകരിക്കുന്നത്. ചോദ്യം ചെയ്യലിനായി രാവിലെ 11 മണിക്ക് ഇഡി ഓഫീസിൽ എത്തിയെങ്കിലും ഉച്ചവരെ ഉദ്യോഗസ്ഥരാരും കാണാൻ തയ്യാറായില്ല. തുടർന്ന് വൈകുന്നേരത്തോടെ ഒരു പ്രധാന ഉദ്യോഗസ്ഥന്റെ മുറിയിലെത്തിച്ച് ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. തെറ്റായ മൊഴി നൽകില്ലെന്ന് പറഞ്ഞപ്പോൾ അറസ്റ്റ് ചെയ്യുമെന്നും ജാമ്യം ലഭിക്കാതെ ജയിലിലടയ്ക്കുമെന്നും ഭീഷണിപ്പെടുത്തി നിർബന്ധിക്കുകയായിരുന്നു. ഒടുവിൽ പുലർച്ചെയോടെ തളർന്നുപോയ സാഹചര്യത്തിലാണ് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞതുപോലെ മൊഴി നൽകേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

തളർന്നുപോയ തനിക്ക് മരുന്നുകൾ പോലും നൽകാൻ ഇഡി ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. പിറ്റേന്ന് രാവിലെ ഒൻപതരയ്ക്ക് മൊഴിയിൽ ഒപ്പിടീച്ച ശേഷമാണ് ഭാര്യയെ വിളിച്ച് മരുന്ന് നൽകാൻ അനുവദിച്ചതെന്നും സുരേഷ് കുമാർ പറയുന്നു. ഇതിനുപുറമേ, സിഎംആർഎൽ ഉടമ കർത്തയുടെ വീട്ടിൽ വെച്ച് തന്റെ സാന്നിധ്യത്തിൽ കർത്തയുടെ വിരൽ ബലമായി പിടിച്ച് ഈ മൊഴിയിൽ മഷിയിൽ മുക്കി പതിപ്പിച്ചു എന്ന ഗുരുതരമായ ആരോപണവും അദ്ദേഹം റിട്രാക്ഷൻ സ്റ്റേറ്റ്മെന്റിൽ ഉന്നയിക്കുന്നുണ്ട്