മെസ്സിയുടെ പേരിലെ തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനൽ ഓഫീസിലും, ഉടമ ആന്‍റോ അഗസ്റ്റിന്‍റെ വീടുകളിലും ഫ്ലാറ്റുകളിലും എസ്ഐടി പരിശോധന
കൊച്ചി: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ വ്യാപക പരിശോധനയുമായി എസ്ഐടി. കൊച്ചിയിലും വയനാട്ടിലും വ്യാപക റെയ്ഡ്. ആന്റോ അഗസ്റ്റിന്‍റെ കൊച്ചിയിലെ ഫ്ലാറ്റ്, ജോസ്കുട്ടി അഗസ്റ്റിന്‍റെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, റിപ്പോർട്ടർ ചാനൽ കൊച്ചി ഓഫീസ്, GOTAD കമ്പനി ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. പുലർച്ചെ നാല് മണിക്കാണ് പരിശോധന ആരംഭിച്ചത്.
അർജന്റീനയുടെ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആണ് എസ് ഐ ടി അന്വേഷണം ആരംഭിച്ചത്. ഇന്ന് പുലർച്ചെ മുതലാണ് അഗസ്റ്റിൻ സഹോദരന്മാരുടെ വീട്ടിലും സ്ഥാപങ്ങളിലും പൊലീസ് സംഘം തെരച്ചിൽ തുടങ്ങിയത്. വിവാദത്തിൽ അന്വേഷണം നടത്താൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും എഡിജിപിയുമായ പി. വിജയനെ നേരത്തെ സർക്കാർ നിയോഗിച്ചിരുന്നു.
മെസിയുടെ പേരിൽ വൻ തട്ടിപ്പാണ് നടന്നതെന്ന് കായിക വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് ഉണ്ടെന്ന് ജിഎസ്ടി വകുപ്പിന്റെ റിപ്പോർട്ടും പുറത്ത് വന്നിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശ്ശേരി പൊലീസ് സ്‌റ്റേഷനിൽ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കോടതിയിൽ നിന്ന് വാറണ്ട് വാങ്ങിയാണ് റെയ്ഡ് നടത്തുന്നത്.
ആർബിസിയുടെ ഓഫീസ് ഉൾപ്പെടുന്ന റിപ്പോർട്ടർ ചാനലിന്റെ കെട്ടിടത്തിലും പരിശോധന നടക്കുന്നുണ്ട്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് റിപ്പോർട്ടർ ചാനലിന്റെ ഓഫീസിൽ പരിശോധന നടത്തുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് പുലർച്ചെ മുതൽ റെയ്ഡ് നടക്കുന്നത് എന്നാണ് വിവരം.