കാർഷിക ശാസ്ത്രജ്ഞനും മണ്ണ് ശാസ്ത്ര വിദഗ്ധനുമായ ഡോ.കോടോത്ത് പ്രഭാകരൻ നായർ കോഴിക്കോട് അന്തരിച്ചു

കാർഷിക ശാസ്ത്രജ്ഞനും മണ്ണ് ശാസ്ത്ര വിദഗ്ധനുമായ ഡോ.കോടോത്ത് പ്രഭാകരൻ നായർ കോഴിക്കോട് അന്തരിച്ചു

കോഴിക്കോട്:  ലോകപ്രശസ്‌ത കാർഷിക–മണ്ണ്‌ ശാസ്‌ത്രജ്ഞൻ ഡോ. കോടോത്ത്‌ പ്രഭാകരൻ നായർ ഇനിഅന്തരിച്ചു.കോഴിക്കോട് മലപ്പറമ്പിലെ വസതിയിൽ വെച്ചാണ്  പ്രഭാകരൻ നായർ  അന്തരിച്ചത്. 88 വയസ്സായിരുന്നു. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകുന്നേരം നടന്നു.

മണ്ണിന്റെ പോഷകം നിലനിർത്തുന്നതിലും കാലാവസ്ഥയെ പ്രതിരോധിക്കുന്ന സുസ്ഥിര കൃഷി സ്വീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്‌ നിരന്തരം ഓർമപ്പെടുത്തിയ ശാസ്‌ത്ര ഗവേഷകനെയാണ്‌ നഷ്ടമായത്‌. ഭൂഗർഭജലം രാസവളങ്ങളുടെ അവശിഷ്ടങ്ങളാൽ മലിനമാവുന്നതിൽ അദ്ദേഹം എന്നും ആശങ്കപ്പെട്ടു. ഇത്‌ തുടർന്നാൽ വലിയ പാരിസ്ഥിതിക അപകടങ്ങൾ രാജ്യം നേരിടേണ്ടിവരുമെന്ന്‌ നിരന്തരം ഓർമപ്പെടുത്തി. മണ്ണിലെ പോഷകങ്ങളുടെ ലഭ്യതയും വളപ്രയോഗവും ശാസ്ത്രീയമായി നിയന്ത്രിക്കാൻ ‘ന്യൂട്രിയന്റ് ബഫർ പവർ’ എന്ന ആശയം അടിസ്ഥാനമാക്കിയുള്ള വളംനിർണയരീതി ആവിഷ്‌കരിച്ചു. ജനിതകമാറ്റം വരുത്തിയ വഴുതന അടിച്ചേൽപ്പിക്കാനുള്ള നീക്കം ചെറുത്തു. സുപ്രീംകോടതിയടക്കം ഇ‍ൗ വിഷയത്തിൽ പ്രഭാകരൻ നായരുടെ ഇടപെടലിനെ മാനിക്കയുണ്ടായി.

1980കളിലാണ്‌ മണ്ണ് ശാസ്ത്രത്തിലേക്കുള്ള യാത്ര പ്രഭാകരൻ ആരംഭിച്ചത്‌. അത്‌ അദ്ദേഹത്തെ ആഗോള പ്രശസ്‌തനാക്കി. സ്റ്റാൻഫഡ് സർവകലാശാലയുടെ 2024 ലെ പട്ടികയിൽ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായി ഇടംനേടി.

കോയമ്പത്തൂരിലെ കാർഷിക കോളേജിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. 1965-ൽ ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അഗ്രോണമിയിൽ ഡോക്ടറേറ്റും ബെൽജിയത്തിലെ ഗെന്റ് സർവകലാശാലയിൽനിന്ന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും നേടി. ആറുവർഷത്തോളം ഉത്തർപ്രദേശിലെ പന്ത്നഗറിലെ കാർഷിക സർവകലാശാലയിൽ പ്രൊഫസറായി. ജർമനിയിലെ അലക്‌സാണ്ടർ വോൺ ഹംബോൾട്ട് ഫൗണ്ടേഷന്റെ സീനിയർ ഫെലോയായും പ്രവർത്തിച്ചു. ബൽജിയം റോയൽ സൊസൈറ്റിയുടെ നാഷണൽ സയൻസ് ഫൗണ്ടേഷന്റെ അധ്യക്ഷനായ ആദ്യ ഏഷ്യൻ ശാസ്ത്രജ്ഞനാണ്‌. ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്ര ഇ- ബുക്ക് പുറത്തിറക്കിയതും പ്രഭാകരൻ നായരായിരുന്നു. ദക്ഷിണാഫ്രിക്കയുടെ വിമോചന നായകൻ നെൽസൺ മണ്ടേല പഠിച്ച ഫോർട്ട്‌ -ഹാരെ സർവകലാശാലയിൽ അദ്ദേഹത്തിന്റെ ക്ഷണമനുസരിച്ച്‌ കാർഷിക വകുപ്പ്‌ സ്ഥാപിക്കുന്നതിൽ പങ്കുവഹിച്ചു. കാർഷിക ഗവേഷണത്തിനുള്ള റോബർട്‌സൺ മെമ്മോറിയൽ സ്വർണമെഡൽ, സ്വദേശി ശാസ്‌ത്രപുരസ്‌കാരം തുടങ്ങിയ ബഹുമതികൾ നേടി. മണ്ണ്‌ ശാസ്‌ത്രത്തിലെ പഠനാനുഭവങ്ങൾ വിവരിക്കുന്ന ‘ദി ലിവിങ് സോയിൽ’ അടക്കം ഇരുപതിൽപരം കൃതികൾ രചിച്ചു.

ഭാര്യയും നെമറ്റോളജിസ്റ്റുമായ ഡോ. പങ്കജം നായരോടൊപ്പം, യൂറോപ്പിലും ഏഷ്യയിലും വർഷങ്ങളോളം ആഗോള ഗവേഷണത്തിലും അധ്യാപനത്തിലും വ്യാപൃതരായി. കേരളത്തിലേക്ക് മടങ്ങിയശേഷം കോഴിക്കോട് സ്ഥിരതാമസമാക്കി.