ജനവഞ്ചനയുടെയും സംഘ്പരിവാർ ദാസ്യത്തിന്റെയും ആറ് മാസങ്ങൾ: പിണറായി വിജയൻ

ജനവഞ്ചനയുടെയും സംഘ്പരിവാർ ദാസ്യത്തിന്റെയും ആറ് മാസങ്ങൾ: പിണറായി വിജയൻ

യുഡിഎഫ്  സര്‍ക്കാര്‍ അധികാരത്തിലേറി വെറും ആറ് മാസം പൂർത്തിയാകുമ്പോൾ, കേരളത്തിന്റെ ചരിത്രത്തിലെ വലിയ ജനവഞ്ചനയ്ക്കാണ് നാട് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. 'പുതുയുഗ കർമ്മപരിപാടി' എന്ന പേരിൽ സ്വന്തം ഭരണനേട്ടങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍ അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ, മറഞ്ഞിരിക്കുന്നത് വഞ്ചനയുടെയും നാടിനെ വിറ്റുതുലയ്ക്കാനുള്ള ഗൂഢാലോചനയുടെയും യാഥാർത്ഥ്യങ്ങളാണ്. തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്നെല്ലാം നിർലജ്ജം 'യു ടേൺ' അടിച്ചിരിക്കുകയാണ് യുഡിഎഫ് സർക്കാർ. കഴിഞ്ഞ 10 വർഷം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഈ നാട്ടിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കൊപ്പം നിന്ന് പടുത്തുയർത്തിയ ജനകീയ ബദലുകളെ നിഷ്കരുണം തകർത്തെറിയാനാണ് ആറ് മാസമായി ശ്രമിക്കുന്നത്. ഭരണപരമായ പ്രായോഗികതയുടെയും നിയമപരമായ ബാധ്യതകളുടെയും പൊള്ളയായ അബദ്ധന്യായങ്ങൾ നിരത്തി, സംഘ്പരിവാറിന്റെ വർഗീയ-കുത്തക അജണ്ടകൾക്ക് കേരളത്തിൽ ചുവപ്പുപരവതാനി വിരിക്കുകയാണ് സർക്കാർ ചെയ്യുന്നത്.

ധനകാര്യ പ്രതിസന്ധിയെന്ന വ്യാജ പ്രതീതി സൃഷ്ടിച്ചുകൊണ്ട് കേരളത്തിന്റെ മണ്ണും കടലും വിഭവങ്ങളും സ്വകാര്യ കുത്തകകൾക്ക് അടിയറ വയ്ക്കുന്നു. കേരളത്തിന്റെ പശ്ചാത്തല വികസനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കിയ കിഫ്ബിയെ തകർക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന അജണ്ട. സുധാ പിള്ള സമിതിയെ മറയാക്കി കിഫ്ബി വഴിയുള്ള സുപ്രധാന വികസന പദ്ധതികൾ സ്തംഭിപ്പിച്ചിരിക്കുന്നു. സംസ്ഥാന ആസൂത്രണ ബോർഡിനെ നോക്കുകുത്തിയാക്കി, പഞ്ചവത്സര പദ്ധതികളുടെ നടത്തിപ്പ് പോലും സ്വകാര്യ ഏജൻസികളെ ഏല്പിക്കാനുള്ള നീക്കം കേരളത്തിന്റെ വികസന മാതൃകയോടുള്ള വെല്ലുവിളിയാണ്. മിഷൻ സമുദ്രയിലൂടെയും മാരിടൈം ബോർഡ് ഭേദഗതി ബില്ലിലൂടെയും നമ്മുടെ തീരദേശവും കരിമണൽ സമ്പത്തും കുത്തകകൾക്ക് കൈമാറാനാണ് യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികൾ തകർക്കുക മാത്രമല്ല, തീരപ്രദേശങ്ങളിൽ നിന്ന് അവരെ തുരത്തുകയും ചെയ്യും. ഇതിനുപുറമെ, സരൾ ബില്ലിലൂടെ സ്വകാര്യകുത്തകകൾക്ക് കേരളത്തിന്റെ വിഭവസസത്തും ഭൂമിയും പൂർണമായും കെെവശപ്പെടുത്താനുള്ള അവസരമൊരുക്കുന്നു. നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്ന നിയമങ്ങൾ ഇതിലൂടെ അട്ടിമറിക്കപ്പെടുന്നു.

യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തോന്നുന്നതുപോലെ സ്വകാര്യകുത്തകകൾക്ക് എന്തും ചെയ്യാനുള്ള അവസരമാണ് സർക്കാർ ഒരുക്കുന്നത്. പൗരന്മാർക്ക് തങ്ങളുടെ അവകാശങ്ങൾക്കായി സിവിൽ കോടതികളെ സമീപിക്കാനുള്ള അടിസ്ഥാന അവകാശം പോലും ഈ നിയമത്തിലൂടെ നിഷേധിക്കപ്പെടുകയാണ്. സാധാരണക്കാരുടെ അതിജീവനത്തിനു നിർണായക പിന്തുണ നൽകുന്ന ക്ഷേമപദ്ധതികളെ തകർത്തു എന്നതാണ് ഈ സർക്കാരിന്റെ ആറ് മാസത്തെ മറ്റൊരു 'നേട്ടം'. അധികാര വികേന്ദ്രീകരണത്തിന്റെ കേരള മാതൃകയെ തകർക്കുന്ന വിധത്തിൽ, തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം 599 കോടിയിൽ നിന്നും 177 കോടിയായി വെട്ടിക്കുറച്ചു. ഇതോടെ അഭിമാനകരമായ ലൈഫ് ഭവന പദ്ധതി, ബഡ്സ് സ്കൂളുകൾ, കോവിഡ് കാലത്ത് നാടിന് താങ്ങായ ജനകീയ ഹോട്ടലുകൾ, സാന്ത്വന പരിചരണ കേന്ദ്രങ്ങൾ എന്നിവയെല്ലാം പൂർണമായും സ്തംഭിച്ചു. ലൈഫ് മിഷനിൽ ഒരു ലക്ഷം രൂപ ഗുണഭോക്തൃ വിഹിതം അടിച്ചേല്പിച്ച സർക്കാർ, പാവപ്പെട്ടവരുടെ വീടുകളിൽ കേന്ദ്രസർക്കാരിന്റെ മുദ്ര പതിപ്പിക്കാൻ അനുമതി നൽകിയതിലൂടെ അവരുടെ ആത്മാഭിമാനത്തെയാണ് മുറിവേല്പിക്കുന്നത്. തൊഴിലാളി വിരുദ്ധതയിലും സർക്കാർ ഒട്ടും പിന്നിലല്ല.

ജസ്റ്റിസ് ഗോപാൽ ഗൗഡ സമിതി റിപ്പോർട്ട് അവഗണിച്ച് കേന്ദ്രം കൊണ്ടുവന്ന കരിനിയമങ്ങളായ പുതിയ തൊഴിൽ ചട്ടങ്ങൾ നടപ്പിലാക്കാൻ തിടുക്കം കാട്ടുന്നതിലൂടെ, തൊഴിലാളികളെ കുത്തക മുതലാളിമാർക്ക് മുന്നിൽ എറിഞ്ഞുകൊടുക്കുകയാണ്. രാജ്യത്തിന് തന്നെ മാതൃകയായിരുന്ന നമ്മുടെ പൊതുജനാരോഗ്യ - വൈദ്യുതി മേഖലകളെ സ്വകാര്യവൽക്കരിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. സർക്കാർ ആശുപത്രികളിൽ സാധാരണക്കാർക്ക് ജീവൻരക്ഷാ മരുന്നുകൾ പോലുമില്ലാത്ത അവസ്ഥയുണ്ടായി. എൻഎച്ച്എം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് ആരോഗ്യപ്രവര്‍ത്തനത്തെ സ്തംഭിപ്പിച്ചു. വൈദ്യുതി മേഖലയിൽ കൃത്രിമ പ്രതിസന്ധി സൃഷ്ടിച്ചതിലൂടെ, കേരളത്തിലെ ആശുപത്രികളിൽ ടോർച്ച് വെളിച്ചത്തിൽ ശസ്ത്രക്രിയ നടത്തേണ്ട ദുരവസ്ഥ വരെയുണ്ടായി എന്നത് നാണക്കേടാണ്. കെഎസ്ഇബിയിലെ അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നത് സർക്കാരിന്റെ ജീർണതയാണ് വ്യക്തമാക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ യാതൊരു ഇടപെടലുമില്ല. നോർക്കയുടെ പ്രവർത്തനങ്ങൾ മരവിപ്പിച്ചും, ഇൻഷുറൻസ് വിഹിതം കൂട്ടിയും പ്രവാസികളെ ദുരിതത്തിലാക്കി.

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ, 308 ആദിവാസി അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി, വന്യജീവി ആക്രമണങ്ങളിൽ ജീവൻ പൊലിയുന്നവരോടുള്ള സർക്കാരിന്റെ നിസംഗത എന്നിവയെല്ലാം ഈ ഭരണകൂടത്തിന്റെ മനുഷ്യത്വരഹിതമായ മുഖമാണ് വെളിവാക്കുന്നത്. ഭരണനിർവഹണതലത്തിലും നിയമതലങ്ങളിലും യോഗ്യതയ്ക്ക് പകരം സംഘ്പരിവാർ വിധേയത്വമാണ് ഇപ്പോൾ നിയമനങ്ങൾക്കുള്ള മാനദണ്ഡം. അഡ്വക്കേറ്റ് ജനറൽ ഓഫിസ് മുതൽ ചരിത്ര ഗവേഷണ കൗൺസിൽ വരെ എല്ലായിടത്തും സംഘ്പരിവാർ - ഗവർണർ അനുകൂലികളെ തിരുകിക്കയറ്റുകയാണ്. യുജിസി ചട്ടങ്ങളുടെ പേരുപറഞ്ഞ് സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ പൂർണമായും ഗവർണർക്ക് അടിയറവച്ചു. മുമ്പ് കേരളം ശക്തമായി എതിർത്ത പിഎം ശ്രി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതും, പൊതുവിദ്യാലയങ്ങളിൽ ബാലഗോകുലം പരീക്ഷയ്ക്ക് അനുമതി നൽകിയതും, സവർക്കറെ വാഴ്ത്തുന്ന ചോദ്യങ്ങൾ സ്കൂൾ പ്രശ്നോത്തരിയുടെ ഭാഗമാക്കിയതും, വഖഫ് ബോർഡിൽ അമുസ്ലിം നിയമനത്തിനനുകൂലമായി നിലപാടെടുത്തതും ഏറ്റവും ഒടുവിൽ ബോർഡ് തന്നെ പിരിച്ചുവിട്ടതും സർക്കാരിന്റെ മതനിരപേക്ഷ വിരുദ്ധ നിലപാടുകൾക്കുള്ള പകൽപോലുള്ള തെളിവുകളാണ്.

പൊലീസിനെ അടിമുടി ജനവിരുദ്ധമാക്കി മാറ്റിയതാണ് മറ്റൊരു ദുരന്തം. സമ്പന്നർക്ക് സ്റ്റേഷൻ ജാമ്യവും സാധാരണക്കാർക്ക് ക്രൂരമർദനവും എന്ന ഇരട്ടനീതിയാണ് കേരളത്തിൽ നടപ്പിലാകുന്നത്. പാലത്തായി കേസിലെ പ്രോസിക്യൂഷൻ വീഴ്ചകളും, ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം ബോർഡ് സ്പെഷ്യൽ പ്ലീഡറായി നിയമിച്ചതും, കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലർക്ക് നൽകിയ സഹായങ്ങളും വിരൽചൂണ്ടുന്നത് അഴിമതിക്കാർക്കും വർഗീയവാദികൾക്കും സർക്കാർ നൽകുന്ന പരസ്യമായ സംരക്ഷണത്തിലേക്കാണ്. ജനാധിപത്യ സമരങ്ങളെ മൃഗീയമായി അടിച്ചമർത്തുകയും, സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങളെപ്പോലും തടഞ്ഞ് അപ്രഖ്യാപിത സൈബർ അടിയന്തരാവസ്ഥ നടപ്പിലാക്കുകയും ചെയ്യുകയാണ് മുഖ്യമന്ത്രി. സ്വന്തം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം പോലും ഇല്ലാതാക്കി ഒരു ഏകാധിപതിയെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നത്.

ഈ ജനവഞ്ചനയ്ക്കും കോർപറേറ്റ് - വർഗീയ ദാസ്യത്തിനും ഏകാധിപത്യ ഭരണത്തിനുമെതിരെ കണ്ണടച്ച് നിൽക്കാൻ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് കഴിയില്ല. കേരളത്തിന്റെ നേട്ടങ്ങളെ പതിറ്റാണ്ടുകൾ പിന്നോട്ടടിക്കുന്ന സർക്കാരിന്റെ നയങ്ങൾക്കെതിരെ നിയമസഭയ്ക്കകത്തും പുറത്തും വിട്ടുവീഴ്ചയില്ലാത്ത ജനകീയ പോരാട്ടങ്ങളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുപോകുക തന്നെ ചെയ്യും. സമരങ്ങളിലൂടെയാണ് ഈ നാട് അവകാശങ്ങൾ നേടിയെടുത്തത്, ആ സമരച്ചൂളയിൽ ഈ ജനവിരുദ്ധ സർക്കാരിനും മറുപടി നൽകും.