ലോകത്തെ ത്രിമൂർത്തികളുടെ കൂടിക്കാഴ്ച ഇന്ന്; ആഗോള ക്രമം നിയന്ത്രിക്കാൻ ഷെൻഷെൻ സംവിധാനം മുന്നോട്ടുവെച്ച് ചൈന
യാൽറ്റാ സമ്മേളനം ലോകത്തെ വിവിധ ചേരികളായി വിഭജിക്കാൻ സഹായിച്ചെങ്കിൽ, ഷെൻഷെൻ ഉച്ചകോടി വൻശക്തികൾ തമ്മിലുള്ള മത്സരം അംഗീകരിക്കുമ്പോഴും അത് നിയന്ത്രിക്കാനുള്ള ബ്രേക്കിങ് സംവിധാനങ്ങൾ രൂപപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നാണ് ചൈനീസ് പണ്ഡിതരുടെ വിശദീകരണം
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവർ ആദ്യമായി ഒരുമിച്ച് പങ്കെടുക്കുന്ന ചരിത്രപരമായ ത്രികക്ഷി ഉച്ചകോടിക്ക് നവംബർ 19 വ്യാഴാഴ്ച ചൈനയിലെ ഷെൻഷെൻ വേദിയാകുകയാണ്. ഈ ഉച്ചകോടി ഒരു പുതിയ ആഗോള ക്രമത്തിന്റെ തുടക്കമാകുമെന്ന ആശയമാണ് ചൈന മുന്നോട്ടുവെക്കുന്നതെന്ന് വിദേശകാര്യ വിദഗ്ദനായ സി. രാജാമോഹൻ പറയുന്നു. ഷെൻഷെൻ അന്താരാഷ്ട്ര സംവിധാനം എന്നാണ് ഈ ആശയത്തിന് പേരിട്ടിരിക്കുന്നത്.
റെൻമിൻ സർവകലാശാലയിലെ പ്രൊഫസറായ വാങ് വെൻ ആണ് ഈ പേര് മുന്നോട്ടുവെച്ചത്. ചരിത്രപരമായ ഒരു സൂചനയാണിത്. വൻശക്തികളുടെ ഉടമ്പടികൾ അവ പിറവിയെടുത്ത സ്ഥലങ്ങളുടെ പേരിലാണ് പലപ്പോഴും അറിയപ്പെടുന്നത്. വെസ്റ്റ്ഫാലിയ, വിയന്ന, വെർസായ്, യാൽറ്റ തുടങ്ങിയവ അതിന് ഉദാഹരണങ്ങളാണ്. ഈ പട്ടികയിൽ ഷെൻഷെനും ഇടംപിടിക്കണമെന്നാണ് വാങിന്റെ ആഗ്രഹം.
നവംബർ 18ന് വിമാനത്താവളത്തിലെത്തി ട്രംപിനെ നേരിട്ട് സ്വീകരിച്ച് ഷി ജിൻപിങ് നയതന്ത്ര മര്യാദകളിൽ നിന്ന് വ്യത്യസ്തമായൊരു നീക്കം നടത്തി. കഴിഞ്ഞ സെപ്റ്റംബറിൽ വാഷിങ്ടണിലെത്തിയ ഷിയെ ട്രംപ് നേരിട്ട് സ്വീകരിച്ചതിന് തിരിച്ചുള്ള ആദരവായിരുന്നു ഇത്. അതേ ദിവസം ഷെൻഷെനിലെത്തിയ പുടിനുമായി ഷി കൂടിക്കാഴ്ചയും നടത്തി. നവംബർ 19ന് ട്രംപിനെ ഷി ഖിലിൻ വില്ലയിൽ സ്വീകരിക്കും. അതിനുശേഷമാണ് പുടിൻ കൂടി പങ്കെടുക്കുന്ന ത്രികക്ഷി ഉച്ചകോടി നടക്കുക.
കഴിഞ്ഞ മാസം മോസ്കോയിലെ 'റഷ്യ ഇൻ ഗ്ലോബൽ അഫയേഴ്സ്' എന്ന ജേണലിൽ എഴുതിയ ലേഖനത്തിൽ ഷെൻഷെൻ സംവിധാനത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വാങ് വ്യക്തത വരുത്തിയിരുന്നു. ഇത് ഒരു ‘ജി-3’ കൂട്ടായ്മയല്ലെന്നാണ് വാങിന്റെ വിശദീകരണം. ലോകത്തിലെ വൻശക്തികൾ മറ്റുള്ള രാജ്യങ്ങൾക്കെതിരെ ഒന്നിക്കുന്ന കൂട്ടായ്മയെന്ന പ്രതീതി ജി-3 സൃഷ്ടിക്കുമെന്നാണ് വാങിന്റെ അഭിപ്രായം. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന് പകരം മറ്റൊരു സംവിധാനം കൊണ്ടുവരികയുമല്ല ഈ ഉച്ചകോടിയുടെ ലക്ഷ്യം.
യാൽറ്റാ സമ്മേളനം ലോകത്തെ വിവിധ ചേരികളായി വിഭജിക്കാൻ സഹായിച്ചെങ്കിൽ, ഷെൻഷെൻ ഉച്ചകോടി വൻശക്തികൾ തമ്മിലുള്ള മത്സരം അംഗീകരിക്കുമ്പോഴും അത് നിയന്ത്രിക്കാനുള്ള ബ്രേക്കിങ് സംവിധാനങ്ങൾ രൂപപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നാണ് ചൈനീസ് പണ്ഡിതരുടെ വിശദീകരണം.
ചൈനയുടെ തന്ത്രപ്രധാന കാര്യങ്ങൾ പഠിക്കുന്ന വിദഗ്ധരുടെ കാഴ്ചപ്പാടിൽ, ഷെൻഷെൻ ഉച്ചകോടി ഒരു പ്രധാന രാഷ്ട്രീയ പ്രക്രിയയുടെ തുടക്കമാണ്.
ഷെൻഷെനെ യാൾട്ടയിൽ നിന്ന് അകറ്റി നിർത്താൻ ശ്രമിക്കുമ്പോഴും, ബീജിംഗിന്റെ ഔദ്യോഗിക നിലപാടുകൾ 1945-ലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. ഉച്ചകോടി പ്രഖ്യാപിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് ഓർമ്മിപ്പിച്ചത്, ലോക ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തിൽ 'തോളോട് തോൾ ചേർന്ന് പോരാടിയ' ഐക്യരാഷ്ട്രസഭയുടെ സ്ഥാപക അംഗങ്ങളും സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗങ്ങളുമാണ് ചൈനയും റഷ്യയും അമേരിക്കയും എന്നാണ്. ആഗോള സമാധാനത്തിനുള്ള ഉത്തരവാദിത്തം ഇപ്പോൾ ഇവർ പങ്കിടുന്നു.
ഈ പരാമർശം ജപ്പാനിൽ ആശങ്കയുണ്ടാക്കാൻ സാധ്യതയുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ചരിത്രം ഓർമിപ്പിക്കുന്നതിലൂടെ, ആഗോള ക്രമം നിയന്ത്രിക്കുന്നതിൽ അമേരിക്കയുടെ പങ്കാളിയാണ് തങ്ങളെന്ന് ചൈന ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ്. അതോടൊപ്പം ജപ്പാന്റെ പഴയ സാമ്രാജ്യത്വ, സൈനിക നടപടികളും ചൈന ഓർമിപ്പിക്കുന്നു.
ഷെൻഷെൻ എന്ന പേരിൽ ഒരു പുതിയ അന്താരാഷ്ട്ര ക്രമം ചരിത്രത്തിൽ ഇടംപിടിക്കുമോ എന്നത് ഇപ്പോൾ വ്യക്തമല്ല. എന്നാൽ ഈ അസാധാരണ ഉച്ചകോടി ആധുനിക അന്താരാഷ്ട്ര ബന്ധങ്ങളിൽ ഒരു വഴിത്തിരിവായി മാറാൻ സാധ്യതയുണ്ട്.