ഇറ്റാലിയന്‍ രാഷ്ട്രീയ നേതാവ് കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കി;വിമർശിച്ച് ബിജെപി, ന്യായീകരിച്ച് രാഹുൽ

തെലങ്കാനയില്‍ നടന്ന ഭാരത് സമ്മിറ്റില്‍ ഇറ്റാലിയന്‍ രാഷ്ട്രീയ നേതാവ് കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതില്‍ രാഷ്ട്രീയ വിവാദം. രാജ്യ വിരുദ്ധ ശക്തികളെ ഇന്ത്യയിലെത്തിച്ച് രാഹുല്‍ ഗാന്ധി സര്‍ക്കാരിനെ അപമാനിക്കുകയാണെന്നും നിയമ നടപടി ആലോചിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. വിദേശ നേതാവ് അങ്ങനെ പറഞ്ഞെങ്കില്‍ ആത്മപരിശോധനക്കുള്ള സമയം അതിക്രമിച്ചെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

തെലങ്കാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഭാരത് സമ്മിററില്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് സെക്രട്ടറി ജനറലും, ഇറ്റാലിയന്‍ രാഷ്ട്രീയ നേതാവുമായ ഗ്യാക്കോമോ ഫിലിബെക്കാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ മുഴക്കുന്ന വോട്ട് ചോരി മുദ്രാവാക്യം വിളിച്ചത്. പ്രധാനമന്ത്രിയേയും, ഗ്യാനേഷ് കുമാറിനെയും ഉന്നമിടുന്ന മുദ്രാവാക്യത്തിന്‍റെ അര്‍ത്ഥം വോട്ട് കള്ളന്‍ കസേര ഒഴിയണമെന്നാണന്ന് വിശദീകരിക്കുകയും ചെയ്തു. ഇന്ത്യയില്‍ ജനാധിപത്യം വലിയ അപകടത്തിലാണെന്ന് വിമര്‍ശിക്കുകയും ചെയ്തു. ഫിലിബിക്കിനെ രാഹുല്‍ ഗാന്ധി കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും കാണാം.

ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ബിജെപി കടുത്ത പ്രതിഷേധം ഉന്നയിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടരുതെന്നാണ് നയമെന്നിരിക്കേ, സര്‍ക്കാരിനെതിരായ ഗൂഢാലോചനയുടെ ഭാഗമായാണ് ഫിലിബിക്കിനെ എത്തിച്ച് രാജ്യവിരുദ്ധ മുദ്രാവാക്യം വിളിപ്പിച്ചതെന്ന് ബിജെപി വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് തെലങ്കാന ബിജെപി അധ്യക്ഷന്‍ ആവശ്യപ്പെട്ടു