ബിസ്‌ലേരി കുടിവെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തൽ; പ്രോസിക്യൂഷൻ നടപടിക്ക് എഫ്.എസ്.എസ്.എ.ഐ

ബിസ്‌ലേരി കുടിവെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തൽ; പ്രോസിക്യൂഷൻ നടപടിക്ക് എഫ്.എസ്.എസ്.എ.ഐ

പ്രമുഖ കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരി ഇന്റർനാഷണലിന്റെ വെള്ളത്തിന്റെ സാമ്പിൾ കുടിക്കാൻ സുരക്ഷിതമല്ലെന്ന് കണ്ടെത്തൽ. ഇതേ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടിയ്ക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) അനുമതി നൽകി.

മിനറൽ വാട്ടർ അല്ലാത്ത പാക്കേജ്ഡ് കുടിവെള്ളത്തിന്റെ സാമ്പിളാണ് ബിസ്‌ലേരി ഇന്റർനാഷണലിന്റെ കേന്ദ്രത്തിൽ നിന്ന് പരിശോധനയ്ക്കായി ശേഖരിച്ചതെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി വ്യക്തമാക്കി. എന്നാൽ എവിടെ നിന്നാണ് സാമ്പിൾ ശേഖരിച്ചതെന്ന് അതോറിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല.

സാമ്പിളിൽ അനുവദനീയമായതിലും കൂടുതൽ ബ്രോമേറ്റ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഇത് സുരക്ഷിതമല്ലെന്ന് എഫ്.എസ്.എസ്.എ.ഐ പ്രഖ്യാപിച്ചു. തുടർന്ന് കമ്പനി നൽകിയ അപ്പീലിന്റെ അടിസ്ഥാനത്തിൽ സാമ്പിൾ കൂടുതൽ പരിശോധനയ്ക്കായി ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചു. 

ഈ പരിശോധനയിൽ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ സാന്നിധ്യം കണ്ടെത്തുകയും സാമ്പിൾ വീണ്ടും സുരക്ഷിതമല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ നിയമലംഘനം വ്യക്തമായ സാഹചര്യത്തിൽ ബിസ്‌ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനെതിരെ 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ എഫ്.എസ്.എസ്.എ.ഐ അനുമതി നൽകുകയായിരുന്നു.

ബിസ്‌ലേരിക്ക് പുറമെ വസന്ത് മസാല പ്രൈവറ്റ് ലിമിറ്റഡ്, ടിറ്റ്-ബിറ്റ് ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മീമാംസ ഇൻഡസ്ട്രീസ്, ആശാ കൺഫെക്ഷണറി തുടങ്ങിയ കമ്പനികൾക്കെതിരെയും പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകിയിട്ടുണ്ട്. നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്തതിനെ തുടർന്ന് ഊർമി ലൈഫ് സയൻസസ് എൽ.എൽ.പി, ഗൗർ ആയുർവേദിക് സ്റ്റോർ എന്നിവയുടെ ലൈസൻസുകൾ അതോറിറ്റി സസ്പെൻഡ് ചെയ്തു.

ആശാ കൺഫെക്ഷണറിക്കെതിരെ ഉൽപ്പന്നം തിരിച്ചുവിളിക്കാനും എഫ്.എസ്.എസ്.എ.ഐ ഉത്തരവിട്ടിട്ടുണ്ട്. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രീ-പാക്ക് ചോക്ലേറ്റ് ഫിൽഡ് കുക്കികൾ വിപണിയിൽ നിന്ന് പിൻവലിക്കാനാണ് കമ്പനിക്ക് നിർദേശം നൽകിയിരിക്കുന്നത്.

ഈ വർഷം ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾക്കും ഇ-കൊമേഴ്സ് കമ്പനികൾക്കുമെതിരെ എഫ്.എസ്.എസ്.എ.ഐ പരിശോധനകളും നടപടികളും കർശനമാക്കിയിട്ടുണ്ട്. എനർജി ഡ്രിങ്ക്, മദ്യ നിർമ്മാണ കമ്പനികൾക്കെതിരെയും അതോറിറ്റി നടപടി സ്വീകരിച്ചിട്ടുണ്ട്.