യുപിയിലെ വോട്ടർ പട്ടിക പുതുക്കൽ: ഇനി പേര് വെട്ടൽ ഇല്ല, കൂട്ടിചേർക്കൽ മാത്രമെന്ന തന്ത്രവുമായി ബിജെപി
ലഖ്നൗ: ഉത്തർപ്രദേശിൽ വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി നടക്കുന്ന സ്പെഷ്യൽ സമ്മറി റിവിഷനിൽ പങ്കെടുക്കുന്ന ബൂത്ത് ലെവൽ ഏജന്റുമാർക്ക് പേര് ചേർക്കുന്നതിനുള്ള ഫോം 6, മേൽവിലാസം മാറ്റുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമുള്ള ഫോം 8 എന്നിവ മാത്രം വിതരണം ചെയ്യാൻ ബിജെപി തീരുമാനിച്ചുവെന്നറിയുന്നു..
അതുപോലെ, വോട്ടർമാരുടെ പേര് നീക്കം ചെയ്യാനുള്ള ഫോം 7 നൽകേണ്ടതില്ലെന്നും ബിജെപി തീരുമാനിച്ചിട്ടുണ്ട്.. നേരത്തെ നടന്ന പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനിടെ വ്യാപകമായി ഫോം 7 സമർപ്പിക്കപ്പെട്ടതിനെതിരെ വിവിധ മണ്ഡലങ്ങളിൽ നിന്ന് പരാതികൾ ഉയരുകയും ചിലയിടങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് പാർട്ടിയുടെ ഈ നീക്കം.
നേരത്തെ നടന്ന എസ്ഐആർ പ്രക്രിയയിൽ ഏതെങ്കിലും കാരണവശാൽ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട അർഹരായ വോട്ടർമാരെ തിരികെ ഉൾപ്പെടുത്തുന്നതിനാണ് ഇത്തവണ പാർട്ടി മുൻഗണന നൽകുന്നത്. ഇതിനായി, സ്ഥലത്തില്ലാത്തവർ, താമസം മാറിയവർ, മരിച്ചവർ, ഇരട്ടിപ്പുള്ളവർ എന്നീ വിഭാഗങ്ങളിൽപ്പെടുത്തി ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പാർട്ടി പ്രവർത്തകർക്ക് കൈമാറിയിട്ടുണ്ട്. ബൂത്ത് തലത്തിലുള്ള പ്രവർത്തകർ വീടുകൾ കയറിയിറങ്ങി ഈ പട്ടിക വീണ്ടും പരിശോധിക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നുണ്ട്.
ഏപ്രിലിൽ പൂർത്തിയായ എസ്ഐആർ പ്രക്രിയയിലൂടെ അർഹരായ വോട്ടർമാർ പുറത്തായതിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് 1.27 കോടി ഹിന്ദു വോട്ടർമാർ ഒഴിവാക്കപ്പെട്ടപ്പോൾ മുസ്ലീം വോട്ടർമാരുടെ എണ്ണത്തിൽ 1.65% വർദ്ധനവുണ്ടായെന്നാണ് യോഗി ആദിത്യനാഥ് അവകാശപ്പെട്ടത്. എന്നാൽ, എസ്എസ്ആറിനു ശേഷം അടുത്തിടെ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഏകദേശം 18 ലക്ഷം പേരുകൾ മാത്രമാണ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ടത്. ഒഴിവാക്കപ്പെട്ട വോട്ടർമാർക്ക് വീണ്ടും അപേക്ഷിക്കാൻ അവസരം നൽകണമെന്ന് സുപ്രീം കോടതിയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരുന്നു.
അർഹരായ വോട്ടർമാരെ ചേർക്കുന്നതിനായി ബിജെപി ആരംഭിച്ച ഒരു മാസം നീണ്ടുനിൽക്കുന്ന 'മത്ദാതാ ജോഡോ അഭിയാൻ' ക്യാമ്പെയ്നിന്റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ. ഓരോ നിയമസഭാ മണ്ഡലത്തിലെയും പ്രവർത്തകർക്ക് ഏകദേശം 5,000 ഫോം 6 പകർപ്പുകളും 1,000 ഫോം 8 പകർപ്പുകളും വോട്ടർ പട്ടികയും ഒഴിവാക്കപ്പെട്ടവരുടെ പട്ടികയും നൽകിയിട്ടുണ്ട്. പുതിയ വോട്ടർമാരെയും വിട്ടുപോയവരെയും ചേർക്കുന്നതിൽ പാർട്ടിയുടെ മുഴുവൻ ഊർജ്ജവും വിഭവങ്ങളും വിനിയോഗിക്കാനാണ് ഫോം 7 ഒഴിവാക്കിയതെന്ന് അറിയുന്നു.