എഐ ഉപയോഗിച്ച് അഗ്നിവീർ റിക്രൂട്ട്‌മെന്റ് പോർട്ടലിൽ നിന്ന് വിവരങ്ങൾ ചോർത്തി ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചു; 14-കാരൻ പിടിയിൽ

എഐ ഉപയോഗിച്ച് അഗ്നിവീർ റിക്രൂട്ട്‌മെന്റ് പോർട്ടലിൽ നിന്ന് വിവരങ്ങൾ ചോർത്തി ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചു; 14-കാരൻ പിടിയിൽ

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലില്‍ നിന്ന് അനധികൃതമായി വിവരങ്ങള്‍ ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ച 14കാരനെ പിടികൂടി. ഡാര്‍ക്ക് വെബില്‍ 500 ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സിക്ക് വില്‍പ്പനയ്ക്ക് വെച്ച 14കാരനെയാണ് ഡല്‍ഹി പൊലീസ് ശനിയാഴ്ച പിടികൂടിയത്.

സെപ്റ്റംബറില്‍ അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലില്‍ നിന്ന് അനധികൃതമായി ചോര്‍ത്തിയ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന കാര്യം ഡല്‍ഹി പൊലീസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് വിഭാഗം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതിന്റെ ഉറവിടം കണ്ടെത്തുകയും 14കാരനെ പിടികൂടുകയും ചെയ്തത്. ഹരിയാനയിലെ ബല്ലബ്ഗഢില്‍ നിന്നാണ് കുട്ടിയെ കസ്റ്റഡിയിലെടുത്തത്. സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് കുട്ടി എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുട്ടിയുടെ ഇലക്ട്രോണിക് ഡിവൈസുകള്‍ പരിശോധിച്ചപ്പോള്‍ ചോര്‍ത്തിയ വിവരങ്ങള്‍ കണ്ടെത്തി. രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം കുട്ടിയെ വിട്ടയച്ചു. സംഭവത്തില്‍ ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ പോര്‍ട്ടല്‍ നിയമപരമാണോ എന്നും അതില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ആധികാരികമാണോ എന്നും പരിശോധിക്കാന്‍ ഡല്‍ഹി പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കരസേന, നാവികസേന, വ്യോമസേന എന്നിവയില്‍ കമ്മീഷന്‍ഡ് ഓഫീസര്‍ റാങ്കിന് താഴെ അഗ്നിവീര്‍ ആയി നിയമിക്കപ്പെട്ട 2500ലധികം പേരുടെ വിവരങ്ങള്‍ കുട്ടി കൈക്കലാക്കിയതായി ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കിയവരാണ് ഇവര്‍. സര്‍ക്കാര്‍ മേഖലയില്‍ മറ്റ് തൊഴിലവസരങ്ങള്‍ തേടുന്ന അഗ്നിവീറുകളുടെ വിവരങ്ങളാണ് ഈ പോര്‍ട്ടലില്‍ ഉണ്ടായിരുന്നത്. സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സസ്, സംസ്ഥാന പൊലീസ് സേനകള്‍ തുടങ്ങിയ വിഭാഗങ്ങളിലേക്ക് ഇവര്‍ക്ക് മാറുന്നതിന് സൗകര്യമൊരുക്കുന്നതിനായി ഈ വര്‍ഷം ഫെബ്രുവരിയില്‍ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമാണ് ഈ പോര്‍ട്ടല്‍ വികസിപ്പിച്ചത്.