കാനറികളുടെ നെഞ്ചുതകർത്ത് ഹാളണ്ടിന്റെ ഇരട്ട ഗോൾ; നോർവെ ക്വാർട്ടറിൽ
അഞ്ച് ലോകകിരീടങ്ങളുടെ പെരുമയുമായെത്തിയ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ച് നോർവെ 2026 ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ന്യൂയോർക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ സൂപ്പർ താരം എർലിങ് ഹാളണ്ടിന്റെ ഇരട്ട ഗോൾ മികവിലാണ് നോർവെ ചരിത്ര വിജയം സ്വന്തമാക്കിയത്. കളിയുടെ അവസാന നിമിഷത്തിൽ പെനാൽറ്റിയിലൂടെ നെയ്മർ ബ്രസീലിനായി ഒരു ഗോൾ മടക്കിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല. ഈ തോൽവിയോടെ ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്തായി.
മത്സരത്തിന്റെ 14-ാം മിനിറ്റിൽ ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ബ്രൂണോ ഗ്വിമറെഷ് നഷ്ടപ്പെടുത്തിയത് കാനറികൾക്ക് വലിയ തിരിച്ചടിയായി മാറിയിരുന്നു. മത്തിയുസ് കുന്യയെ ബോക്സിൽ വീഴ്ത്തിയതിനാണ് വാർ പരിശോധനയ്ക്ക് ശേഷം റഫറി പെനാൽറ്റി അനുവദിച്ചത്. എന്നാൽ ബ്രൂണോയുടെ കിക്ക് നോർവെ ഗോൾകീപ്പർ ഓർയാൻ നീലാൻഡ് തട്ടിയകറ്റുകയായിരുന്നു. ആദ്യ പകുതിയിൽ ഇരുടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാൻ ആർക്കും സാധിച്ചില്ല.
രണ്ടാം പകുതിയിൽ എൻഡ്രിക്കും നെയ്മറും കളത്തിലിറങ്ങിയിട്ടും ബ്രസീലിന്റെ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടാനായില്ല. തുടർന്ന് 79-ാം മിനിറ്റിൽ ആന്ദ്രേസ് ഷിൽഡെറപ്പ് ഉയർത്തി നൽകിയ പന്ത് മനോഹരമായൊരു ഹെഡറിലൂടെ വലയിലെത്തിച്ച് ഹാളണ്ട് നോർവെയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചു. പിന്നാലെ 90-ാം മിനിറ്റിൽ മികച്ചൊരു ഇടംകാലൻ ഷോട്ടിലൂടെ ഹാളണ്ട് നോർവെയുടെ വിജയവും ഈ ലോകകപ്പിലെ തന്റെ ഏഴാം ഗോളും തികച്ചു. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കേ ഇൻജുറി ടൈമിൽ കാസെമിറോയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മർ ബ്രസീലിന്റെ ആശ്വാസ ഗോൾ നേടി.
ഫുട്ബോൾ ചരിത്രത്തിൽ ബ്രസീലിന് ഇതുവരെ തോൽപ്പിക്കാൻ കഴിയാത്ത ഒരേയൊരു ടീമെന്ന തങ്ങളുടെ വിചിത്രമായ റെക്കോഡ് നിലനിർത്താനും ഈ വിജയത്തോടെ നോർവെയ്ക്കായി. ഇരുടീമുകളും ഇതുവരെ ആറ് തവണ നേർക്കുനേർ വന്നപ്പോൾ ഒന്നുപോലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. മൂന്നാം മിനിറ്റിൽ പാട്രിക് ബെർഗ് നേടിയ ഗോൾ ഓഫ്സൈഡ് ചതിക്കുഴിയിൽ പെട്ടില്ലായിരുന്നെങ്കിൽ നോർവെയുടെ വിജയത്തിന്റെ മാറ്റ് കൂടുമായിരുന്നു.