ഏഷ്യൻ ഗെയിംസ് 2026; ആറാം ദിനത്തിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ

2026 ഏഷ്യൻ ഗെയിംസ് ആറാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ തുടക്കത്തിൽ തന്നെ രണ്ട് മെഡലുകൾ നേടി ഇന്ത്യ. അഞ്ചാം ദിനമായ ബുധനാഴ്ച നിരവധി താരങ്ങൾ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് മെഡൽ നഷ്ടപ്പെടുത്തിയതിന്റെ നിരാശയ്ക്ക് ആശ്വാസമേകുന്നതായിരുന്നു ആറാം ദിനത്തിന്റെ തുടക്കം. ഇതുവരെ ഒരു സ്വർണം ഉൾപ്പെടെ ആകെ 15 മെഡലുകളാണ് ഇന്ത്യ നേടിയത്.

പുരുഷ സിംഗിൾ സ്കൾസ് ഫൈനലിൽ മത്സരിച്ച ബൽരാജ് പൻവാറിന് നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്ടമായി. അവസാന 500 മീറ്റർ വരെ വെള്ളി മെഡൽ സ്ഥാനത്തായിരുന്ന പൻവാർ ഒടുവിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാൽ പുരുഷ ഡബിൾ സ്കൾസ് ഇനത്തിൽ സത്‌നം സിങ്ങും സൽമാൻ ഖാനും ചേർന്ന് ഇന്ത്യയുടെ ആറാം ദിനത്തിന് വെങ്കല മെഡലോടെ തുടക്കമിട്ടു.

Asian games 2026

തുടർന്ന് വുഷുവിൽ റോഷിബിന ദേവി വെള്ളി മെഡൽ നേടി. വനിതകളുടെ 60 കിലോ സാൻഡ ഫൈനലിൽ ചൈനയുടെ ഷാങ് ഷിയാവുവിനോട് തോറ്റതോടെയാണ് റോഷിബിന വെള്ളിയിൽ ഒതുങ്ങിയത്. തുടർച്ചയായി മൂന്ന് ഏഷ്യൻ ഗെയിംസ് പതിപ്പുകളിൽ മെഡൽ നേടുന്ന നേട്ടവും ഇതോടെ റോഷിബിന സ്വന്തമാക്കി. റോഷിബിന 2018ൽ വെങ്കലവും 2023ൽ വെള്ളിയും നേടിയിരുന്നു.

Asian games 2026 (1)

20-ാം ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണം ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള വനിതാ ക്രിക്കറ്റ് ടീമാണ് നേടിയത്. ചൊവ്വാഴ്ച നടന്ന ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് തകർത്താണ് ഇന്ത്യ സ്വർണ മെഡൽ സ്വന്തമാക്കിയത്. ഇന്ത്യയുടെ ആദ്യ മെഡലുകൾ ഷൂട്ടിം​ഗ് റേഞ്ചിൽ നിന്നായിരുന്നു. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇളവേനിൽ വാളറിവൻ, സോനം മാസ്കർ, വിദർശ വിനോദ് എന്നിവർ ചേർന്ന് വെള്ളി നേടി. വ്യക്തിഗത ഇനത്തിലും ഇളവേനിൽ വാളറിവൻ വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു.

Asian games 2026 (2)

തിങ്കളാഴ്ച പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായി ഉയർന്നു. രുദ്രാങ്ക്ഷ് പാട്ടീൽ, ഹിമാൻഷു ധില്ലോൺ, പാർഥ് മാനെ എന്നിവർ അടങ്ങിയ ടീം വെള്ളി നേടിയതിന് പിന്നാലെ ധില്ലോൺ വ്യക്തിഗത ഇനത്തിൽ വെള്ളിയും രുദ്രാങ്ക്ഷ് വ്യക്തിഗത വെങ്കലവും നേടിയിരുന്നു. അതേസമയം, വനിതകളുടെ പരമ്പരാഗത 60 കിലോ എംഎംഎ ഇനത്തിൽ സിംഗപ്പൂരിന്റെ ടിയോ ഹുയി ഹൂണിനോട് പരാജയപ്പെട്ട സുചിക തരിയാൽ വെങ്കല മെഡലിൽ ഒതുങ്ങി.