തോമസ് ഐസക്കിന്റെ വാദം പരിഹാസ്യം: ടി ജെ ആഞ്ചലോസ്

അക്ഷരമാല ക്രമം എഴുതുവാൻ ഇത് എൽ പി സ്കൂളിലെ ഹാജർ ബുക്കല്ലെന്നും ഉരുക്കും മനുഷ്യ മാംസവും ഏറ്റുമുട്ടിയ ഇപ്പോഴും ജീവൻ തുടിക്കുന്ന ഏടുകളാണെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ഐസക്കിന്റെ വാദം പരിഹാസ്യം: ടി ജെ ആഞ്ചലോസ്

ആലപ്പുഴ: പുന്നപ്ര‑വയലാർ സമര നായകരുടെ ചിത്രങ്ങൾ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് പ്രസിദ്ധീകരിച്ചതെന്ന വാദത്തിലൂടെ ഡോ. തോമസ് ഐസക്ക് വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം ടി ജെ ആഞ്ചലോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വയലാർ സമര നായകൻ സി കെ കുമാരപ്പണിക്കാർക്ക് എട്ടാം സ്ഥാനവും പുന്നപ്ര വയലാർ സമര നായകൻ ടി വി തോമസ്സിന് ഒമ്പതാം സ്ഥാനവും നൽകുന്നതിന് ഡോ. തോമസ് ഐസക്ക് നൽകുന്ന ന്യായീകരണം ഇംഗ്ലീഷ് അക്ഷര മാല ക്രമത്തിൽ പേരുകൾ തയ്യാറാക്കിയെന്നാണ്. അക്ഷരമാല ക്രമം എഴുതുവാൻ ഇത് എൽ പി സ്കൂളിലെ ഹാജർ ബുക്കല്ലെന്നും ഉരുക്കും മനുഷ്യ മാംസവും ഏറ്റുമുട്ടിയ ഇപ്പോഴും ജീവൻ തുടിക്കുന്ന ഏടുകളാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ന്യായീകരണമേറ്റെടുത്തവർ ആദ്യ ഇംഗ്ലീഷ് അക്ഷരമായ ‘എ’ യിൽ തുടങ്ങുന്ന വി കെ അച്യുതന്റെ പേരും, വി ജെ ഏലിയാമ്മയുടെ പേര് തൊട്ടടുത്തും ‘ബി’ യിൽ തുടങ്ങുന്ന കെ എസ് ബെന്നിന്റെ പേരും എന്ത് കൊണ്ട് ആദ്യ ഭാഗത്ത് ചേർത്തില്ലെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകരുടെ പേരുകൾ ഇംഗ്ലീഷ് അക്ഷര മാല ക്രമത്തിൽ തയ്യാറാക്കിയാൽ മഹാത്മാ ഗാന്ധിയുടെ സ്ഥാനം എവിടെയായിരിക്കും. ലോകത്തും രാജ്യത്തും കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയവരുടെ പേരുകൾ അക്ഷരമാല ക്രമത്തിൽ രേഖപ്പെടുത്തിയ ചരിത്രവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പുന്നപ്ര‑വയലാർ സമരത്തിന്റെ ഒരു ഡയറക്ടറി പ്രസിദ്ധീകരിക്കുവാൻ ഡോ. തോമസ് ഐസക്ക് മുൻകൈയെടുത്തിരുന്നു.

ഇരു പാർട്ടികളുടേയും സംസ്ഥാന നേതൃത്വങ്ങൾ ചേർന്ന് എടുത്ത തീരുമാനപ്രകാരമല്ലിത്. അദ്ദേഹം തയ്യാറാക്കിയ ഡയറക്ടറിയുടെ കോപ്പി തന്നിരുന്നു. സമരത്തിന് ശേഷം ജനിച്ച തലമുറയില്‍പ്പെടുന്നവരാണ് ഇരു പാർട്ടികളുടേയും ബ്രാഞ്ച് നിലവാരം മുതൽ ജില്ലാ നേതൃത്വം വരെയുള്ളവർ. എങ്കിലും കുറെ പേർ ചരിത്രപരമായി തെറ്റുകൾ അദ്ദേഹത്തെ അറിയിച്ചിരുന്നു. അതൊന്നും പരിഹരിച്ചിട്ടില്ലല്ലോ? ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തനങ്ങൾ നടത്തിയത്. അവർ നൽകുന്ന നിർദേശങ്ങളാണ് നടപ്പിലാക്കുക. തോമസ് ഐസക്കിന്റെ നിർദ്ദേശങ്ങളല്ല. സമരം നടന്നത് അമ്പലപ്പുഴ ചേർത്തല താലൂക്കുകളിലാണെങ്കിലും സമരം നയിച്ചത് തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. അത് കൊണ്ട് തന്നെയാണ് പുന്നപ്ര‑വയലാർ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും സംസ്ഥാന നേതൃത്വത്തിന്റെ നിർദേശങ്ങൾ സ്വീകരിച്ചുപോരുന്നത്.

പാർട്ടി പിളർന്നതിന് ശേഷം ഇരു പാർട്ടികളും തനതായി നടത്തി വന്നിരുന്ന രക്തസാക്ഷി സ്മരണ പിന്നീട് ഒന്നിച്ച് നടത്തുവാൻ തീരുമാനിച്ചത് ഇരു പാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങളാണ്. അന്നും ഇന്നും പുന്നപ്ര — വയലാറുമായി ബന്ധപ്പെട്ട വളരെ ചെറിയ കാര്യങ്ങൾ പോലും കൈകാര്യം ചെയ്യുന്നത് ഇരു പാർട്ടികളുടേയും സംസ്ഥാനനേതൃത്വങ്ങളാണ്. അത്രയും പ്രാധാന്യമാണ് ഇരു പാർട്ടികളും ഈ ഐതിഹാസിക സമരത്തിന് നൽകുന്നത്.

ഇത്തവണ ദിനാചരണങ്ങളിൽ പങ്കെടുത്തവർ ആരെങ്കിലും ടി വി തോമസിനെയോ മറ്റ് പല നേതാക്കളെയോ പരാമർശിക്കാതിരുന്നത് അവരോടുള്ള ബഹുമാന കുറവ് കൊണ്ടാണെന്ന് ആരെങ്കിലും പറയുമോ എന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു ചോദ്യം. വയലാറിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസംഗത്തിലും പുന്നപ്ര‑വയലാർ ചരിത്രവും സി കെ കുമരപ്പണിക്കരെയും ടി വി തോമസിനെയും കുറിച്ചാണ് വിശദീകരിച്ചത്. കാട്ടൂർ, വലിയചുടുകാട്, പള്ളിപ്പുറം, തൈക്കാട്ടുശേരി എന്നിവിടങ്ങളിൽ താൻ നടത്തിയ പ്രസംഗങ്ങളും പുന്നപ്ര‑വയലാർ സമരത്തെക്കുറിച്ച് മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.