അതിർത്തി കടന്നും കണ്ണെത്തും; നാവികിന് കരുത്തേകാൻ എൻവിഎസ് 03 ഭ്രമണപഥത്തിൽ

ഐആർഎൻഎസ്എസ് പരമ്പരയിലെ നാവിഗേഷൻ സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത അടുത്ത തലമുറ നാവിഗേഷൻ ഉപഗ്രഹ സംവിധാനത്തിലെ മൂന്നാമത്തെ ഉപഗ്രഹമാണ് എൻവിഎസ്-03 എന്ന് ഐഎസ്ആർഒ വ്യക്തമാക്കി

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ അടുത്ത തലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-03 വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ നിലയത്തിൽനിന്ന് വെള്ളിയാഴ്ച രാത്രി വിജയകരമായി വിക്ഷേപിച്ചു.

24 മണിക്കൂർ നീണ്ട കൗണ്ട്ഡൗണിനൊടുവിൽ, മുൻകൂട്ടി നിശ്ചയിച്ചതുപോലെ രാത്രി 11.51 ന് സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലെ രണ്ടാമത്തെ വിക്ഷേപണപാഡിൽ നിന്ന് 50 മീറ്റർ ഉയരമുള്ള ജിഎസ്എൽവി-എഫ്18 ആകാശത്തേക്ക് കുതിച്ചുയർന്നു. 420 ടൺ ഭാരമുള്ള മൂന്ന് ഘട്ടങ്ങളുള്ള ഈ റോക്കറ്റ്, ഏകദേശം 2,232 കിലോഗ്രാം ഭാരമുള്ള എൻവിഎസ്-03 ഉപഗ്രഹത്തെ ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ (ജിടിഒ) എത്തിക്കാനുള്ള ദൗത്യത്തിലാണ്.

ഐആർഎൻഎസ്എസ് പരമ്പരയിലെ നാവിഗേഷൻ സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത അടുത്ത തലമുറ നാവിഗേഷൻ ഉപഗ്രഹ സംവിധാനത്തിലെ മൂന്നാമത്തെ ഉപഗ്രഹമാണ് എൻവിഎസ്-03 എന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

"ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആറ്റോമിക് ക്ലോക്കിനൊപ്പം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആറ്റോമിക് ക്ലോക്കുകളും ഉപഗ്രഹത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള L5, S സിഗ്നലുകൾക്ക് പുറമെ പുതിയ L1 സിഗ്നലും ഇതിലുണ്ട്. ഇന്ത്യൻ ഭൂപ്രദേശത്തിനും രാജ്യത്തിന്റെ അതിർത്തിയിൽനിന്ന് 1500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾക്കും ഇതിന്റെ സേവനം ലഭ്യമാകും," ഐഎസ്ആർഒ അറിയിച്ചു.