അറബ്-ഇടത് പാർട്ടികളെ ഒപ്പം ചേർത്ത് സർക്കാർ രൂപീകരിക്കാൻ ഗാഡി ഐസൻകോട്ട് നീക്കം തുടങ്ങി

അറബ്-ഇടത് പാർട്ടികളെ ഒപ്പം ചേർത്ത് സർക്കാർ രൂപീകരിക്കാൻ ഗാഡി ഐസൻകോട്ട് നീക്കം തുടങ്ങി

നെതന്യാഹു സർക്കാരിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ  ഗാഡി ഐസൻകോട്ട് നിർണായക രാഷ്ട്രീയ നീക്കങ്ങൾക്ക് തുടക്കമിട്ടു.   നെതന്യാഹു ഭരണത്തിനെതിരെ ഇസ്രയേലി ജനത വ്യക്തമായ വിധി എഴുതിയെന്ന് പറഞ്ഞ ഐസൻകോട്ട് അറബ്-ഇടത് പാർട്ടികളെ ഒപ്പംചേർത്ത് സർക്കാർ രൂപീകരിക്കാനുള്ള  സന്നദ്ധത അറിയിച്ചു.

എന്നാൽ, നെതന്യാഹുവിനെ ഒഴിവാക്കി പുതിയ സർക്കാർ രൂപവത്കരിക്കാൻ തന്നോടൊപ്പം ചേരാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ കക്ഷികൾക്കായി ചില കർശന നിബന്ധനകളും ഐസൻകോട്ട് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇസ്രയേലിനെ ജൂത രാഷ്ട്രമായി അംഗീകരിക്കുക, ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുക, എല്ലാ ഇസ്രയേലികൾക്കും സാർവത്രിക സൈനിക സേവനം നടപ്പിലാക്കുക എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന നിബന്ധനകൾ. ഇതിനുപുറമെ, 2023 ഒക്ടോബർ ഏഴിനുണ്ടായ സുരക്ഷാ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക കമ്മീഷൻ രൂപീകരിക്കുമെന്നും രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായ വിവാദപരമായ ജുഡീഷ്യൽ പരിഷ്കാരങ്ങൾ റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

120 അംഗങ്ങളുള്ള ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ കേവലഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്. എന്നാൽ, പുതിയ തിരഞ്ഞെടുപ്പ് ഫലമനുസരിച്ച് ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. മറുവശത്ത് നെതന്യാഹുവിനെ എതിർക്കുന്ന കക്ഷികൾക്ക് ആകെ 67 സീറ്റുകളുണ്ട്. എന്നാൽ, ഈ 67 സീറ്റുകളിൽ സയണിസ്റ്റ് പ്രതിപക്ഷ പാർട്ടികൾക്ക് 48 സീറ്റുകൾ മാത്രമാണുള്ളത്. ബാക്കി വരുന്ന 19 സീറ്റുകൾ പ്രമുഖ അറബ് പാർട്ടികളുടെതാണ് (ജോയിന്റ് ലിസ്റ്റിന് 11 സീറ്റുകളും റാം പാർട്ടിക്ക് 8 സീറ്റുകളും). സയണിസ്റ്റ് പ്രതിപക്ഷത്തിന് മാത്രം കേവലഭൂരിപക്ഷം തികയ്ക്കാൻ കഴിയില്ലെന്നിരിക്കെ, അറബ് പാർട്ടികളുടെ നിലപാട് ഇസ്രയേലിൽ പുതിയ സർക്കാരുണ്ടാക്കുന്നതിൽ ഏറ്റവും നിർണായകമായി മാറിയിരിക്കുകയാണ്.

ഐസൻകോട്ടിന്റെ ആഹ്വാനത്തോട് ജാഗ്രതയോടെയാണെങ്കിലും അനുകൂലമായാണ് അറബ് പാർട്ടികൾ പ്രതികരിക്കുന്നത്. നെതന്യാഹു സർക്കാരിനെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ സിയോണിസ്റ്റ് പ്രതിപക്ഷത്തെ പുറത്തുനിന്ന് പിന്തുണയ്ക്കാൻ തങ്ങൾ തയ്യാറാണെന്ന് ജോയിന്റ് ലിസ്റ്റ് സഖ്യത്തിലെ മുതിർന്ന നേതാവായ അഹമ്മദ് തിബി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പുതിയ സർക്കാരിന്റെ ഭാഗമാകാൻ തങ്ങൾക്ക് താല്പര്യമില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

അറബ് പാർട്ടികളുടെ 19 സീറ്റുകൾക്ക് പുറമെ, അൾട്രാ ഒർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട യുണൈറ്റഡ് തോറ ജൂഡായിസം (UTJ-ഏഴ് സീറ്റുകൾ) പാർട്ടിയും ഐസൻകോട്ട് നയിക്കുന്ന ന്യൂനപക്ഷ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്ന കാര്യം സജീവമായി പരിഗണിക്കുന്നുണ്ട്. പുതിയ സർക്കാർ രൂപീകരണ ചർച്ചകൾക്കായി ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ബുധനാഴ്ചമുതൽ വിവിധ പാർട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച ആരംഭിക്കും. ഈ ചർച്ചകൾക്ക് ശേഷം ഏറ്റവും കൂടുതൽ അംഗങ്ങളുടെ ശുപാർശ ലഭിക്കുന്ന നേതാവിനായിരിക്കും ആദ്യഘട്ടത്തിൽ സർക്കാർ രൂപവത്കരിക്കാൻ പ്രസിഡന്റ് 28 ദിവസത്തെ സമയം അനുവദിക്കുക.

ഇതിനിടെ,ജൂത‑അറബ് സർക്കാർ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ജൂതന്മാരും പലസ്തീനികളും ടെൽ അവീവിൽ  മാർച്ച് നടത്തി.നിലവിലെ നെതന്യാഹു സർക്കാരിന് ബദലായി ഗാഡി ഐസൻകോട്ടിൻ്റെ നേതൃത്യത്തില്‍ വിശാല ദേശീയ സര്‍ക്കാര്‍ വരണമെന്ന് പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.